യു.എസ് ഉപരോധത്തിൽ ഇളവ്: സ്വാഗതം ചെയ്ത് സിറിയ
text_fieldsഡമസ്കസ്: വർഷങ്ങൾ നീണ്ട ഉപരോധം നീക്കാനുള്ള യു.എസ് തീരുമാനം സ്വാഗതം ചെയ്ത് സിറിയ. ആഭ്യന്തര യുദ്ധത്തിൽ തകർന്ന രാജ്യത്തിനുമേലുള്ള ഉപരോധം എടുത്തുമാറ്റുന്നത് ഉചിതമായ നടപടിയാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
വെള്ളിയാഴ്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സിറിയക്ക് മേലുള്ള ഉപരോധങ്ങളിൽ വൻ ഇളവുകൾ അനുവദിച്ചതിന് പിന്നാലെയാണ് പ്രസ്താവന പുറത്തുവന്നത്.
സിറിയയുടെ സെൻട്രൽ ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങളും വ്യക്തികളുമായി സാമ്പത്തിക, വ്യാപാര ബന്ധം സ്ഥാപിക്കുന്നവർക്ക് മേൽ ഉപരോധം ഏർപ്പെടുത്താനുള്ള തീരുമാനമാണ് ആറ് മാസത്തേക്ക് നിർത്തിവെച്ചത്.
രാജ്യത്തെ മാനുഷിക, സാമ്പത്തിക പ്രതിസന്ധിക്ക് അയവ് വരുത്താൻ നീക്കം ഉപകരിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. സിറിയയുമായി സഹകരിക്കാൻ തയാറുള്ള ഏത് രാജ്യത്തെയും സ്വാഗതം ചെയ്യുകയാണ്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന ഒറ്റ നിബന്ധന മാത്രമാണുള്ളത്.
ചർച്ചയും നയതന്ത്രവുമാണ് മേഖലയിൽ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാനും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താനും കഴിയുന്ന സന്തുലിത ബന്ധം കെട്ടിപ്പടുക്കാനുള്ള ഏറ്റവും നല്ല മാർഗം. വരുന്ന കാലഘട്ടം സിറിയയുടെ പുനർനിർമാണം യാഥാർഥ്യമാക്കുകയും സ്വാഭാവിക നില പുനഃസ്ഥാപിക്കുമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
തുർക്കിയിലെ യു.എസ് സ്ഥാനപതിയും സിറിയയുടെ പ്രത്യേക ദൂതനായി നിയമിതനുമായ തോമസ് ബരാക് ശനിയാഴ്ച തുർക്കി സന്ദർശന വേളയിൽ സിറിയൻ പ്രസിഡന്റ് അഹ്മദ് അശ്ശർഉമായും വിദേശകാര്യ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സിറിയൻ ജനതക്ക് അതിജീവിക്കാൻ മാത്രമല്ല, പുരോഗതി കൈവരിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കാൻ പുതിയ സർക്കാറിനെ പ്രാപ്തമാക്കുകയാണ് പ്രസിഡന്റ് ട്രംപിന്റെ ലക്ഷ്യമെന്ന് ബരാക് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

