Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോലാൻ കുന്നുകൾ സിറിയയുടെ അവിഭാജ്യ ഘടകം; ഇസ്രായേലിനെതിരെ ആഞ്ഞടിച്ച് സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ശറഅ്

text_fields
bookmark_border
Syrias interim president Ahmad al-Sharaa speaking at the United Nations General Assembly podium.
cancel
camera_alt

അഹമ്മദ് അൽ ശറഅ്




ന്യൂയോർക്ക്: തെക്കൻ സിറിയയിലെ ഇസ്രായേൽ സൈനിക അധിനിവേശത്തെയും ഗോലാൻ കുന്നുകളിലെ നിയമവിരുദ്ധ നിയന്ത്രണത്തെയും രൂക്ഷമായി അപലപിച്ച് സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ശറഅ്. ഗോലാൻ കുന്നുകൾ സിറിയയുടെ അഭേദ്യമായ ഭാഗമാണെന്നും യാഥാർത്ഥ്യങ്ങളെ അട്ടിമറിക്കാനുള്ള ഒരു നീക്കത്തിനും സിറിയൻ പരമാധികാരത്തെയോ അന്താരാഷ്ട്ര നിയമത്തിന്റെ ശക്തിയെയോ ഇല്ലാതാക്കാനാവില്ലെന്നും യുഎൻ പൊതുസഭയുടെ (യു.എൻ.ജി.എ) ഉന്നതതല സമ്മേളനത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം വ്യക്തമാക്കി.

ബശ്ശാർ അൽ അസദ് ഭരണകൂടം താഴെവീണതിനു ശേഷം അധികാരമേറ്റ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇസ്രായേൽ സിറിയയിൽ അഞ്ഞൂറിലധികം വ്യോമ–പീരങ്കി ആക്രമണങ്ങൾ നടത്തിയതായി അൽ ശറഅ് സഭയിൽ വെളിപ്പെടുത്തി. ഇതിനുപുറമെ, 1,200 കരസേനാ കടന്നുകയറ്റങ്ങൾ ഇസ്രായേൽ നടത്തുകയും 300-ഓളം സിറിയൻ പൗരന്മാരെ അന്യായമായി തടവിലാക്കുകയും ചെയ്തതായി അദ്ദേഹം കുറ്റപ്പെടുത്തി. 1967-ലെ യുദ്ധത്തിൽ സിറിയയിൽ നിന്ന് പിടിച്ചെടുത്ത ഗോലാൻ കുന്നുകൾ, പിന്നീട് 1981-ൽ ഇസ്രായേൽ ഏകപക്ഷീയമായി തങ്ങളുടെ ഭാഗമായി പ്രഖ്യാപിക്കുകയായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട യുഎസ് നയം തിരുത്തി 2019-ൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ പ്രദേശത്തിന്മേൽ ഇസ്രായേലിന്റെ പരമാധികാരം അംഗീകരിച്ചിരുന്നുവെങ്കിലും ഐക്യരാഷ്ട്രസഭയും ഭൂരിപക്ഷം ലോകരാജ്യങ്ങളും ഇന്നും ഗോലാൻ കുന്നുകളെ അധിനിവിഷ്ട സിറിയൻ പ്രദേശമായാണ് കാണുന്നത്.

'യാഥാർത്ഥ്യങ്ങൾ ഞങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ആര് ശ്രമിച്ചാലും ഞങ്ങളുടെ രാജ്യത്തിന്റെ നിയമസാധുതയെയോ അന്താരാഷ്ട്ര നിയമങ്ങളെയോ തകർക്കാൻ സാധിക്കില്ല; ഗോലാൻ എക്കാലവും സിറിയൻ മണ്ണായി തന്നെ നിലനിൽക്കും,' അൽ ശറഅ് പ്രഖ്യാപിച്ചു. അസദ് ഭരണം നിലംപതിച്ചതിന് പിന്നാലെ തങ്ങളുടെ സുരക്ഷ മുൻനിർത്തിയുള്ള പ്രതിരോധ നീക്കമെന്ന് അവകാശപ്പെട്ടാണ് ഇസ്രായേൽ തെക്കൻ സിറിയയിലേക്ക് കടന്നുകയറിയത്. എന്നാൽ, ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾക്കിടയിൽ നിരായുധീകരണ മേഖലയും യുഎൻ സമാധാന സേനയുടെ സാന്നിധ്യവും ഉറപ്പാക്കുന്ന 1974-ലെ കരാർ പാലിക്കാൻ സിറിയ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അസദ് ഭരണം പുറത്താക്കപ്പെടുകയും ഇസ്രായേൽ തെക്കൻ സിറിയയിലേക്ക് കടന്നുകയറുകയും ചെയ്ത 2024 ഡിസംബർ 8-ലെ പഴയ അതിർത്തി രേഖയിലേക്ക് ഇസ്രായേൽ സേന ഉടനടി പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ചൊവ്വാഴ്ച അറ്റ്ലാന്റിക് കൗൺസിൽ പരിപാടിയിൽ സംസാരിക്കവെ, 'ഗോലാൻ കുന്നുകൾ ഇസ്രായേലിന് പതിച്ചുനൽകുന്നതിന് പകരം ട്രംപിന് ന്യൂജേഴ്‌സി ഇസ്രായേലിന് കൊടുത്തുകൂടേ' എന്ന് ട്രംപിനോട് ചോദിച്ചതായി അൽ ശറഅ് പരിഹാസരൂപേണ ഓർമിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Golan Will Remain Syrian Land’: Syria's Interim President Slams Israeli Occupation at UNGA
Next Story