സ്റ്റോക്ഹോം: യുക്രെയ്നിൽ അധിനിവേശം നടത്തിയ റഷ്യയെ ഭയന്ന് രാജ്യങ്ങൾ കൂട്ടത്തോടെ നാറ്റോയിൽ ചേക്കേറാൻ ഒരുങ്ങുന്നത് യൂറോപ്പിന്റെ മുഖഛായ മാറ്റുമെന്ന് സൂചന. ഏറെയായി ഒരു പക്ഷത്തും നിൽക്കാതെ നിലയുറപ്പിച്ചിരുന്ന സ്വിറ്റ്സർലൻഡും അവസാനം അമേരിക്ക നേതൃത്വം നൽകുന്ന നാറ്റോയുമായി സഹകരണത്തിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
സ്വീഡനും ഫിൻലൻഡും അംഗത്വത്തിന് രംഗത്തെത്തിയിരുന്നു. സ്വിറ്റ്സർലൻഡ് പക്ഷേ, അംഗത്വമെടുക്കില്ലെങ്കിലും സജീവ സൈനിക സഹകരണം ഉറപ്പാക്കാനാണ് ഒരുങ്ങുന്നത്. അടുത്ത സെപ്റ്റംബറിലെ സ്വിസ് പാർലമെന്റ് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കൂ. കൂടുതൽ രാജ്യങ്ങൾ നാറ്റോയുടെ ഭാഗമാകാൻ ശ്രമങ്ങൾ സജീവമാക്കിയതോടെ കടുത്ത ഭീഷണിയുമായി റഷ്യ രംഗത്തുവന്നിട്ടുണ്ട്. സ്വീഡന്റെയും ഫിൻലൻഡിന്റെയും തീരുമാനം ഗുരുതര അബദ്ധമാകുമെന്നും ദൂരവ്യാപക പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്നുമാണ് മുന്നറിയിപ്പ്.
റഷ്യയുമായി 1,300 കി.മീ ദൂരം അതിർത്തി പങ്കിടുന്ന രാജ്യമാണ് ഫിൻലൻഡ്. സ്വീഡന് റഷ്യയുമായി നാവിക അതിർത്തിയുമുണ്ട്. 30 അംഗ നാറ്റോയിൽ അംഗമാകുന്നതോടെ റഷ്യൻ അതിർത്തികളിലേറെയും നാറ്റോക്ക് നിയന്ത്രണമുണ്ടാകും. ഇരു രാജ്യങ്ങളെയും തുറന്ന കൈകളുമായി സ്വീകരിക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻ ബർഗ് വ്യക്തമാക്കിയിട്ടുണ്ട്.