പന്നികളെ ബാധിക്കുന്ന പുതിയ കൊറോണ വൈറസ് മനുഷ്യരിലേക്കും പടരുമെന്ന് പഠനം
text_fieldsവാഷിങ്ടൺ: പന്നികളെ ബാധിക്കുന്ന പുതിയ കൊറോണ വൈറസ് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ടെന്ന് പഠനം. പന്നിക്കുഞ്ഞുകളിൽ വയറിളക്കത്തിനും പിന്നീട് മരണത്തിന് വരെ കാരണമാകുന്ന സ്വൈൻ കൊറോണ വൈറസുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത് നോർത്ത് കരലിന സർവകലാശാലയിലെ ഗവേഷകരാണ്.
സ്വൈൻ അക്യൂട്ട് ഡയേറിയ സിൻഡ്രം കൊറോണവൈറസ് അഥവാ സാഡ്‌സ്-കോവ് എന്ന് അറിയപ്പെടുന്ന വൈറസിന് കോവിഡിന് കാരണമാകുന്ന സാർസ്-കോവ് 2ന് ഒപ്പമോ അതിൽ കൂടുതലോ പ്രഹരശേഷിയുണ്ടെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ആഗോള സമ്പദ്വ്യവസ്ഥയെയും മനുഷ്യരുടെ ആരോഗ്യത്തെയും വൈറസ് ഏറെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും വാർത്ത ഏജൻസിയായ പി.ടി.െഎയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2016ൽ വവ്വാലുകളിലാണ് വൈറസിനെ ആദ്യം കണ്ടെത്തിയത്. ചൈനയിലെ വിവിധ ഭാഗങ്ങളിൽ ഇത് പന്നികളെയും ബാധിച്ചതായി സ്ഥിരീകരിച്ചു. സാഡ്‌സ്-കോവ് അന്നനാളത്തെയും ദഹനവ്യവസ്ഥയെയുമാണ് ബാധിക്കുന്നത്. ചെറിയ പന്നികളിൽ ഇത് മരണകാരണമാകാമെന്നും പഠനമുണ്ട്. അതേസമയം, വൈറസ് ഇതുവരെ മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
സാഡ്‌സ്-കോവ് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ടോ എന്ന് അറിയാനായി ഗവേഷകർ പരീക്ഷണങ്ങൾ നടത്തിയിരുന്നു. മനുഷ്യരുടെ കുടലിലെയും ശ്വാസനാളിയിലെയും കോശങ്ങളിലും കരളിലും വേഗത്തിൽ ഇൗ വൈറസിന് പെരുകാനാകുമെന്നാണ് അവർ കണ്ടെത്തിയത്. വൈറസിനെതിരെ റെംഡെസിവിർ മരുന്ന് ഫലപ്രദമെന്ന് പ്രാഥമിക പഠനത്തിൽ തെളിഞ്ഞിരുന്നെങ്കിലും വാക്സിൻ കണ്ടെത്തുന്നത് വരെ നാം പൂർണ്ണമായും സുരക്ഷിതരാണെന്ന് പറയാനാകില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

