സ്വീഡനിൽ വലതുപക്ഷ സഖ്യത്തിന് തിരിച്ചടി; മഗ്ദലീന ആൻഡേഴ്സൺ വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക്
text_fieldsമഗ്ദലീന ആൻഡേഴ്സൺ
സ്റ്റോക്ക്‌ഹോം: സ്വീഡൻ പൊതുതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പ്രതിപക്ഷ സഖ്യത്തിന് അട്ടിമറി വിജയം. കടുത്ത പോരാട്ടം നടന്ന തെരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക വലതുപക്ഷ സഖ്യത്തെ മറികടന്ന് ഇടതുപക്ഷ ബ്ലോക്ക് നേരിയ ഭൂരിപക്ഷം ഉറപ്പിച്ചതോടെ സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്‌സൺ രാജി പ്രഖ്യാപിച്ചു. 349 അംഗ പാർലമെന്റിൽ (റിക്‌സ്ഡാഗ്) 176 സീറ്റുകൾ നേടിയാണ് ഇടതുപക്ഷ സഖ്യം അധികാരം പിടിച്ചെടുത്തത്. ഭരണകക്ഷിയായ യാഥാസ്ഥിതിക ബ്ലോക്കിന് 173 സീറ്റുകൾ മാത്രമാണ് നേടാനായത്.
വോട്ടെണ്ണൽ പൂർത്തിയായതിന് തൊട്ടുപിന്നാലെ, പുതിയ സർക്കാർ രൂപീകരണത്തിലേക്ക് വഴിയൊരുക്കുന്നതിനായി സ്പീക്കർക്ക് രാജി സമർപ്പിച്ചതായി ക്രിസ്റ്റേഴ്‌സൺ 'എക്സിൽ' (ട്വിറ്റർ) അറിയിച്ചു. കേവലഭൂരിപക്ഷത്തിന് 175 സീറ്റുകൾ ആവശ്യമുള്ള പാർലമെന്റിൽ മൂന്ന് സീറ്റുകളുടെ നേരിയ മുൻതൂക്കത്തിലാണ് ഇടതുപക്ഷം ഭരണത്തിലേക്ക് തിരിച്ചെത്തുന്നത്. 1.06 കോടി ജനസംഖ്യയുള്ള രാജ്യത്ത് കേവലം അമ്പതിനായിരത്തോളം വോട്ടുകളുടെ വ്യത്യാസമാണ് ഇരുമുന്നണികളും തമ്മിലുണ്ടായിരുന്നത്.
മുൻ പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സന്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയാണ് തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. സോഷ്യൽ ഡെമോക്രാറ്റുകൾ, ലെഫ്റ്റ് പാർട്ടി, ഗ്രീൻസ് പാർട്ടി, സെന്റർ പാർട്ടി എന്നിവരടങ്ങിയതാണ് വിജയിച്ച ഇടതുപക്ഷ സഖ്യം. അതേസമയം, സഖ്യത്തിനുള്ളിലെ ആശയപരമായ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് മന്ത്രിസഭ രൂപീകരിക്കുക എന്നത് മഗ്ദലീന ആൻഡേഴ്സണ് മുന്നിൽ വലിയ വെല്ലുവിളിയാകും. ലെഫ്റ്റ് പാർട്ടിക്ക് മന്ത്രിസ്ഥാനം നൽകുന്നതിനെ സെന്റർ പാർട്ടി എതിർക്കുമ്പോൾ, മന്ത്രിസ്ഥാനമില്ലാതെ സർക്കാരിൽ ഭാഗമാകില്ലെന്ന നിലപാടിലാണ് ലെഫ്റ്റ് പാർട്ടി. അതേസമയം, കുടിയേറ്റ വിരുദ്ധ തീവ്ര വലതുപക്ഷ പാർട്ടിയായ 'സ്വീഡൻ ഡെമോക്രാറ്റ്സ്' 2010-ന് ശേഷം ആദ്യമായി വോട്ട് വിഹിതത്തിൽ കനത്ത ഇടിവ് നേരിട്ടത് (17.5%) തെരഞ്ഞെടുപ്പിലെ വലിയ ശ്രദ്ധാകേന്ദ്രമായി.
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഉൾപ്പെടെയുള്ള യൂറോപ്യൻ നേതാക്കൾ ഇടതുപക്ഷ വിജയത്തെ സ്വാഗതം ചെയ്തു. സെപ്റ്റംബർ 29-നാണ് പാർലമെന്റിൽ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

