നൈജീരിയയിൽ ഭീകരാക്രമണം: 40ലേറെ കർഷകർ കൊല്ലപ്പെട്ടു
text_fieldsമൈദ്ഗുരി: നൈജീരിയയിൽ ഭീകരാക്രമണത്തിൽ നെൽകർഷകരും മത്സ്യത്തൊഴിലാളികളുമുൾപ്പെടെ 40ലേറെ പേർ കൊല്ലപ്പെട്ടു. വടക്കൻ സംസ്ഥാനമായ ബോർണോയിൽ വിളവെടുപ്പിനെത്തിയവരാണ് കൊല്ലപ്പെട്ടത്. ഭീകരസംഘടനയായ ബോകോ ഹറാം അംഗങ്ങളെന്നു സംശയിക്കുന്നവരാണ് ശനിയാഴ്ചത്തെ ആക്രമണത്തിന് പിന്നിലെന്ന് അധികൃതർ പറഞ്ഞു.
13 വർഷത്തിനുശേഷം പ്രാദേശിക കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് നടന്ന ദിവസമാണ് കൂട്ടക്കൊല അരങ്ങേറിയത്. പരമ്പരാഗതമായി നെൽകൃഷി ചെയ്യുന്ന സബർമരി സമുദായത്തിൽ പെട്ടവരാണ് കൊല്ലപ്പെട്ടത്.
ഗരിൻ ക്വാശബെയിലെ വയലിൽ വിളവെടുപ്പ് നടത്തുന്നതിനിടെ സായുധരായ അക്രമികൾ ഇവരെ വളഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കർഷകസംഘം നേതാവ് മലാം സബർമരി പറഞ്ഞു.
44 മൃതദേഹങ്ങളാണ് മറവുചെയ്തതെന്ന് ബോർണോ മേഖലയിൽനിന്നുള്ള പാർലമെൻറംഗം അഹ്മദ് സതോമി ഹാജി പറഞ്ഞു. ആക്രമണത്തെ നൈജീരിയൻ പ്രസിഡൻറ് മുഹമ്മദ് ബുഖാരി അപലപിച്ചു.