'കൊന്നിട്ടും മരിക്കാതെ ചിലർ'; ക്രിസ്റ്റ പൈക്കിന് പിന്നാലെ ചർച്ചയായി പരാജയപ്പെട്ട വധശിക്ഷകൾ
text_fieldsനാഷ്‌വിൽ: രണ്ട് തവണ മാരകമായ വിഷമിശ്രിതം കുത്തിവെച്ചിട്ടും മരണത്തിന് കീഴടങ്ങാതെ വധശിക്ഷ നടപ്പാക്കാനുള്ള നീക്കത്തെ അതിജീവിച്ചതിലൂടെ ക്രിസ്റ്റ പൈക്ക് ഇപ്പോൾ ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണല്ലോ. 200 വർഷത്തിന് ശേഷം ടെന്നസിയിൽ ആദ്യമായി ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാനുള്ള നടപടികളാണ് നാടകീയമായി പാളിപ്പോയത്. വിഷമിശ്രിതം ശരീരത്തിലെത്തിയിട്ടും ജീവൻ നഷ്ടപ്പെടാതിരുന്ന ക്രിസ്റ്റ പൈക്കിനെ ഗുരുതരാവസ്ഥയിൽ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ വധശിക്ഷകളും ഈ വർഷം മുഴുവൻ നിർത്തിവെക്കാൻ ടെന്നസി ഗവർണർ ബിൽ ലീ ഉത്തരവിട്ടു. എന്നാൽ ആദ്യത്തെ പരാജയമായിരുന്നില്ല ക്രിസ്റ്റയുടേത്. അമേരിക്കയിൽ തന്നെയും സമാനമായി പരാജയപ്പെട്ട വധശിക്ഷ നടപടികൾ ഉണ്ടായിട്ടുണ്ട്. അവയിൽ ചിലതിലേക്ക്.
അമേരിക്കൻ ചരിത്രത്തിലെ മുൻപത്തെ അഞ്ച് പ്രധാന സംഭവങ്ങൾ
വധശിക്ഷാ ചേമ്പറിൽ നിന്ന് തടവുകാർ ജീവനോടെ പുറത്തുവരുന്നത് യു.എസിൽ ഇതാദ്യമല്ല. എന്നാൽ മുൻ കേസുകളിലെല്ലാം ഞരമ്പ് കണ്ടെത്താൻ കഴിയാതെ വിഷമിശ്രിതം നൽകുന്നതിന് മുൻപാണ് വധശിക്ഷകൾ നിർത്തിവെച്ചതെങ്കിൽ, ക്രിസ്റ്റ പൈക്കിന്റെ കാര്യത്തിൽ മാരക വിഷം രണ്ട് തവണ ശരീരത്തിൽ കയറിയ ശേഷമാണ് അതിജീവിച്ചത്. ഒരു വധശിക്ഷാ ശ്രമത്തെ അതിജീവിച്ചു എന്നതുകൊണ്ട് ശിക്ഷ റദ്ദാക്കപ്പെടില്ല. മറ്റൊരു രീതിയിലോ പിന്നീട് പുനഃപരിശോധിച്ചോ ശിക്ഷ നടപ്പാക്കാൻ യു.എസ് കോടതികൾ അധികാരം നൽകുന്നുണ്ട്.
1. ടോണി കാരൂതേഴ്സ് (ടെന്നസി, 2026 മേയ്)
ടെന്നസിയിൽ മൂന്ന് പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ കാത്തുകിടന്ന ടോണി കാരൂതേഴ്സിന്റെ ശിക്ഷ നടപ്പാക്കൽ ഞരമ്പ് കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ഉപേക്ഷിച്ചു. ഒരു മണിക്കൂറിലധികം ശ്രമിച്ചിട്ടും ഐ.വി ലൈൻ കിട്ടാതെ വന്നതോടെ ഇയാളെ തിരികെ സെല്ലിലേക്ക് അയച്ചു. ഇപ്പോൾ ക്രിസ്റ്റ പൈക്കിന്റെ ശിക്ഷയ്ക്ക് മേൽനോട്ടം വഹിച്ച അതേ ഡോക്ടറാണ് അന്നും മെഡിക്കൽ ടീമിലുണ്ടായിരുന്നത്. തുടർന്ന് ഗവർണർ ബിൽ ലീ കാരൂതേഴ്സിന് ഒരു വർഷത്തെ ഇളവ് അനുവദിച്ചു.
1. കെന്നത്ത് യൂജിൻ സ്മിത്ത് (അലബാമ, 2022 / 2024)
2022-ൽ മാരക വിഷം കുത്തിവെക്കാൻ ഞരമ്പ് കിട്ടാതെ നാല് മണിക്കൂറിലധികം സ്ട്രെച്ചറിൽ കിടത്തിയ ശേഷം സ്മിത്തിന്റെ ശിക്ഷ അലബാമ അധികൃതർ ഉപേക്ഷിച്ചു. രണ്ടാമതൊരു വധശിക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന് അഭിഭാഷകർ വാദിച്ചെങ്കിലും സുപ്രീം കോടതി തള്ളി. തുടർന്ന് 2024 ജനുവരി 25-ന്, അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി നൈട്രജൻ വാതകം ശ്വസിപ്പിച്ച് സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കി.
1. അലൻ യൂജിൻ മില്ലർ (അലബാമ, 2022 / 2024)
1999-ൽ മൂന്ന് പേരെ വെടിവെച്ചുകൊന്ന മില്ലറുടെ വിഷ കുത്തിവെപ്പ് ഞരമ്പ് ലഭിക്കാത്തതിനെ തുടർന്ന് 2022-ൽ പരാജയപ്പെട്ടു. തുടർന്ന് 2024 സെപ്റ്റംബർ 26-ന് ഇയാളെയും നൈട്രജൻ വാതകം ശ്വസിപ്പിച്ച് വധശിക്ഷയ്ക്ക് വിധേയനാക്കി. യു.എസിൽ നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കിയ രണ്ടാമത്തെയാളാണ് മില്ലർ.
1. ഡോയൽ ലീ ഹാം (അലബാമ, 2018)
രണ്ടര മണിക്കൂറോളം ഞരമ്പ് കണ്ടെത്താൻ ശരീരത്തിൽ പന്ത്രണ്ടിലധികം തവണ കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് രക്തത്തിൽ കുളിച്ച നിലയിലാണ് ഹാം ചേമ്പറിൽ നിന്ന് പുറത്തെത്തിയത്. കാൻസർ രോഗിയും മയക്കുമരുന്നിന് അടിമയുമായിരുന്നതിനാൽ ഞരമ്പുകൾ കിട്ടിയിരുന്നില്ല. തുടർന്ന് കോടതിയുടെ ഇടപെടലിലൂടെ രണ്ടാമതൊരു വധശിക്ഷ നടത്തില്ലെന്ന് അധികൃതരുമായി ഒത്തുതീർപ്പിലെത്തി. 2021-ൽ കാൻസർ ബാധിച്ച് സ്വാഭാവികമായി മരിക്കുന്നത് വരെ ഇയാൾ ജയിലിൽ കഴിഞ്ഞു.
1. റോമെൽ ബ്രൂം (ഒഹായോ, 2009)
രണ്ട് മണിക്കൂറിലധികം ശ്രമിച്ചിട്ടും ഞരമ്പ് കിട്ടാതെ വന്നതോടെയാണ് ഒഹായോയിൽ റോമെൽ ബ്രൂമിന്റെ വധശിക്ഷ നിർത്തിവെച്ചത്. രണ്ടാമതൊരു ശ്രമം ക്രൂരമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ബ്രൂം നിയമപോരാട്ടം നടത്തിയെങ്കിലും കോടതി തള്ളി. എന്നാൽ മരുന്നിന്റെ ക്ഷാമം കാരണം ശിക്ഷ നീണ്ടുപോവുകയും, രണ്ടാമതൊരു ശ്രമം നടക്കുന്നതിന് മുൻപ് 2020 ഡിസംബറിൽ കോവിഡ് ബാധിച്ച് ബ്രൂം ജയിലിൽ വെച്ച് മരണപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

