സുഡാനിലെ വനിതാ വിമോചകപ്രവർത്തക അമീറ ഉസ്മാനെ അറസ്റ്റ് ചെയ്തു
text_fieldsചിത്രം: reuters
ഖാർത്തും: സുഡാനിലെ പ്രമുഖ വനിതാ വിമോചകപ്രവർത്തകയായ അമീറ ഉസ്മാനെ ഖാർത്തൂമിലെ വീട്ടിൽ വെച്ച് ആയുധധാരികൾ അറസ്റ്റ് ചെയ്തതായി സഹോദരി അമാനി ഉസ്മാൻ ആരോപിച്ചു. കഴിഞ്ഞ ഒക്ടോബറിൽ സൈന്യം സുഡാനിലെ ഭരണമേറ്റെടുത്തതിന് ശേഷം ജനാധിപത്യ അനുകൂല വ്യക്തികളെയും സാമൂഹിക പ്രവർത്തകരെയും അറസ്റ്റ് ചെയ്യുമെന്ന പ്രചാരണം നടക്കുന്നതിനിടയിലാണ് അമീറ ഉസ്മാന്റെ അറസ്റ്റ്.
രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പങ്കാളിത്തം കുറയ്ക്കുക ലക്ഷ്യമിട്ടുള്ള സൈനിക തന്ത്രങ്ങളുടെ ഭാഗമായാണ് വനിതാ വിമോചകപ്രവർത്തകയായ അമീറയെ അറസ്റ്റ് ചെയ്തതെന്ന് സുഡാനിലെ യു.എൻ മിഷൻ ട്വീറ്റ് ചെയ്തു. സുഡാനിലെ ഔദ്യോഗിക വൃത്തങ്ങൾ ഇതുവരെ വിഷയത്തോട് പ്രതികരിച്ചിട്ടില്ല.
അമീറയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്നും അവളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കയുണ്ടെന്നും അമാനി പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു അപകടത്തിൽ അമീറയുടെ ശരീരം ഭാഗികമായി തളർന്നിരുന്നു. സിവിലിയൻ വസ്ത്രം ധരിച്ച മുഖംമൂടിയണിഞ്ഞ പതിനഞ്ചോളം ആയുധധാരികളാണ് അമീറയെ തട്ടിക്കൊണ്ടുപോയതെന്നും അവർ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
നേരത്തെ സുഡാനീസ് ഭരണകൂടം ട്രൗസർ ധരിച്ചതിന് 2002ൽ അമീറയെ കൊണ്ട് പിഴ അടപ്പിക്കുകയും 2013ൽ ശിരോവസ്ത്രം ധരിക്കാൻ വിസമ്മതിച്ചതിന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2019 ലെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കപ്പെട്ട പ്രസിഡന്റ് ഒമർ അൽ ബഷീറിന്റെ ഭരണകാലത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ അമീറ നിരവധി പ്രചാരണങ്ങൾ നടത്തിയിരുന്നു. ഒമർ അൽ ബഷീറിനെ ഭരണത്തിൽ നിന്ന് താഴെഇറക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് സ്ത്രീകളാണ്. തുടർന്ന് സ്ത്രീകളുടെ വസ്ത്രധാരണ നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാന്‍ ഭരണകൂടം നിർബന്ധിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

