യുദ്ധത്തിനു നടുവിൽ സുമിയിലെ വിദ്യാർഥികൾ
text_fieldsസുമിയിൽ കുടുങ്ങിയ വിദ്യാർഥികൾ
ന്യൂഡൽഹി: കോളജ് ഹോസ്റ്റലിൽനിന്ന് പുറത്തിറങ്ങിയാൽ യുദ്ധത്തിൽ കൊല്ലപ്പെടും. ഹോസ്റ്റലിൽനിന്ന് രക്ഷപ്പെടുത്തിയില്ലെങ്കിൽ കുടിവെള്ളം കിട്ടാതെ മരിക്കും. റഷ്യൻ അതിർത്തിയിലുള്ള യുെക്രയ്ൻ നഗരമായ സുമിയിലെ ഇന്ത്യൻ വിദ്യാർഥികളുടെ അവസ്ഥയാണിത്.
യുദ്ധത്തിനും മരണത്തിനുമിടയിൽ നിമിഷങ്ങളെണ്ണിക്കഴിയുന്ന തങ്ങളെ ഏതെങ്കിലും വിധത്തിൽ രക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യ ഗവൺമെന്റിനോടും ആവശ്യപ്പെടുന്ന വിഡിയോ വിദ്യാർഥികൾ മാധ്യമങ്ങൾക്ക് അയച്ചുകൊടുത്തു. നഗരത്തിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് വിദ്യാർഥികൾ പറഞ്ഞു. ജീവജലം തീർന്ന് ആറ് ഹോസ്റ്റലുകളിലായി കുടുങ്ങിക്കിടക്കുന്ന 900 വിദ്യാർഥികളിൽ ഒരാളെ പോലും രക്ഷിക്കാൻ ഇന്ത്യൻ എംബസി മുതിർന്നിട്ടില്ല. മണിക്കൂർ ഇടവിട്ട് വ്യോമാക്രമണവും ബോംബിങ്ങും നടക്കുന്നു.
വ്യാഴാഴ്ച രാത്രിയിലും ബോംബാക്രമണം തുടർന്നു. ശേഷം നാലു മണിക്കൂർ വൈദ്യുതി നിലച്ചു. പിന്നീട് വെള്ളവും തീർന്നു. വ്യാഴാഴ്ച ഉച്ചക്കുണ്ടാക്കിയ ഭക്ഷണത്തിൽ ബാക്കിയുണ്ടായിരുന്നതാണ് രാത്രി കഴിച്ചത്. ഇപ്പോൾ പ്രാഥമികകൃത്യങ്ങൾക്കുള്ള വെള്ളവുമില്ല. തങ്ങളെ എന്തുകൊണ്ട് രക്ഷപ്പെടുത്തുന്നില്ലെന്നാണ് വിദ്യാർഥികൾ ചോദിക്കുന്നത്.
ഖാർകിവിലേക്കും കിയവിലേക്കും പോകാൻതന്നെ നാലഞ്ച് മണിക്കൂർ വേണം. ഖാർകിവിൽനിന്ന് 1000 കി.മീ അകലെയുള്ള ഹംഗറി അതിർത്തിയിലെത്താൻ 10ഉം 12ഉം മണിക്കൂർ വേണം. ഒരു യാത്ര സൗകര്യവുമില്ലാത്തതിനാൽ ഒറ്റക്കുപോകാനും കഴിയില്ല. റെയിൽപാത തകർക്കപ്പെട്ടതിനാൽ ട്രെയിനുമില്ല. നൈജീരിയക്കാരായ വിദേശ വിദ്യാർഥികൾ തിരിച്ചപ്പോൾ അവരെ വെടിവെച്ചു. തുടർന്ന് ഇന്ത്യക്കാർ ആരും പുറത്തിറങ്ങിയിട്ടില്ല. റഷ്യൻ അതിർത്തി വളരെ അടുത്താണ്. 40-50 കി.മീ യാത്ര ചെയ്യാൻ 20-25 മിനിറ്റ് സമയമേ എടുക്കൂ.
അതേസമയം, റഷ്യൻ അതിർത്തിയിലേക്ക് പോയാൽ നാലു ഭാഗത്തും സൈനികരെ വിന്യസിച്ചിരിക്കുന്നതിനാൽ അവർ ആക്രമിക്കുമെന്നും സർക്കാർ മുന്നിട്ടിറങ്ങാതെ ജീവൻ രക്ഷിക്കാനാകില്ലെന്നും വിദ്യാർഥികൾ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

