സ്റ്റുഡന്റ് വിസ റദ്ദാക്കി: ട്രംപ് ഭരണകൂടത്തിനെതിരെ ഇന്ത്യക്കാരടക്കം കോടതിയിൽ
text_fieldsവാഷിങ്ടൺ: യു.എസിൽ സ്റ്റുഡന്റ് വിസ റദ്ദാക്കിയ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ഇന്ത്യക്കാരടക്കമുള്ള വിദ്യാർഥികൾ കോടതിയിൽ. ന്യൂ ഇംഗ്ലണ്ടിലെയും പോർട്ടോ റികോയിലെയും 100ലേറെ വിദ്യാർഥികളാണ് ന്യൂ ഹാംഷെയർ ഫെഡറൽ കോടതിയെ സമീപിച്ചത്. വിദ്യാർഥികൾക്കു വേണ്ടി അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂനിയനുമായി (എ.സി.എൽ.യു) ബന്ധമുള്ള സംഘടനകൾ ഹരജി സമർപ്പിക്കുകയായിരുന്നു. മുന്നറിയിപ്പില്ലാതെ എഫ്-1 സ്റ്റുഡന്റ് വിസ റദ്ദാക്കിയത് കാരണം പഠനം പാതിവഴിയിൽ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണെന്ന് വിദ്യാർഥികൾ ഹരജിയിൽ ചൂണ്ടിക്കാട്ടി.
ന്യൂ ഹാംഷെയറിലെ റിവിയർ സർവകലാശാലയിൽനിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കാനും വിദേശ വിദ്യാർഥികൾക്കുള്ള തൊഴിൽ പദ്ധതിയിലൂടെ യു.എസിൽ തുടരാനും അപേക്ഷിക്കാനിരിക്കെയാണ് ഇന്ത്യക്കാരനായ മണികണ്ഠ പസുലയുടെ വിസ ഭരണകൂടം റദ്ദാക്കിയത്.
170ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 1100ഓളം വിദ്യാർഥികളുടെ വിസ മാർച്ചിനു ശേഷം റദ്ദാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിദേശ വിദ്യാർഥികൾ സർവകലാശാലകളിലെ പ്രധാനപ്പെട്ട കമ്യൂണിറ്റി ആണെന്നും അവരുടെ വിസ റദ്ദാക്കാനും പഠനം മുടക്കാനും നാടുകടത്താനും ഒരു ഭരണകൂടത്തെയും നിയമം അനുവദിക്കുന്നില്ലെന്നും ന്യൂ ഹാംഷെയർ എ.സി.എൽ.യു ലീഗൽ ഡയറക്ടർ ഗിൽസ് ബിസോനെറ്റ് പറഞ്ഞു. ഹരജി സമർപ്പിച്ചതിനെക്കുറിച്ച് ആഭ്യന്തര സുരക്ഷ വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
വിസ റദ്ദാക്കിയതിനെതിരെ നിയമനടപടി സ്വീകരിക്കാൻ അവസരം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തേയും വിദേശ വിദ്യാർഥികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതേതുടർന്ന് വിദ്യാർഥികളെ പുറത്താക്കാനുള്ള നീക്കം താൽക്കാലികമായി തടഞ്ഞ് ന്യൂ ഹാംഷെയർ, വിസ്കോൺസൻ, മാണ്ടേന എന്നിവിടങ്ങളിലെ ഫെഡറൽ ജഡ്ജിമാർ ഉത്തരവിറക്കിയിരുന്നു.
ഫലസ്തീൻ അനുകൂല റാലി സംഘടിപ്പിച്ചതിന്റെ പേരിൽ കൊളംബിയ സർവകലാശാല വിദ്യാർഥികളായ മഹ്മൂദ് ഖലീലിന്റെയും മുഹ്സിൻ മഹ്ദാവിയുടെയും വിസ ഭരണകൂടം റദ്ദാക്കിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. രാജ്യത്തിന്റെ വിദേശ നയത്തിന് വിരുദ്ധമായി ഫലസ്തീൻ അനുകൂല റാലി നടത്തിയവരുടെയും ക്രിമിനൽ കേസുകളിൽ പ്രതികളായവരുടെയും വിസ റദ്ദാക്കുകയാണെന്നാണ് കഴിഞ്ഞ മാസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പറഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.