കാട്ടുതീ അണക്കാനായത് 18ഉം 35ഉം ശതമാനം മാത്രം, സ്ഥിതി രൂക്ഷമാക്കി കാറ്റ്; പുതിയ ഇടങ്ങളിലും തീ, നാളെ സ്ഥിതി അതീവ ഗുരുതരമാകുമെന്ന് മുന്നറിയിപ്പ്
text_fieldsലോസ് ആഞ്ജലസ്: അമേരിക്കയിലെ ലോസ് ആഞ്ജലസിൽ പടരുന്ന കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നു. വിവിധയിടങ്ങളിലായി കനത്ത നാശം വിതക്കുന്ന കാട്ടുതീകളിൽ എറ്റവും വലിയവയായ പലിസേഡ്സ് കാട്ടുതീ 18 ശതമാനവും ഈറ്റൺ കാട്ടുതീ 35 ശതമാനവും മാത്രമേ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുള്ളൂ. വരുംദിവസങ്ങളിൽ കാറ്റ് ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് സ്ഥിതി ഗുരുതരമാക്കുന്നുണ്ട്. പലയിടത്തും പുതിയ കാട്ടുതീകൾ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്.
വ്യാഴാഴ്ച ദക്ഷിണ കലിഫോർണിയ മേഖലയിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തീപ്പിടിത്ത സാധ്യത മേഖലകളിലെ താമസക്കാർ ഒഴിപ്പിക്കലിന് തയാറായിരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ചാരത്തിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ വീടിനകത്തുതന്നെ കഴിയാൻ ജനങ്ങളോട് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
തീയിൽപെട്ട് 25 പേർ മരിച്ചതായാണ് കണക്ക്. വീടുകൾ ഉൾപ്പെടെ 12,000 കെട്ടിടങ്ങളെ അഗ്നി വിഴുങ്ങി. ഏകദേശം 40,000 ഏക്കർ സ്ഥലത്താണ് നിലവിൽ തീ പടർന്നിരിക്കുന്നത്. ലോസ് ആഞ്ജലസിന്‍റെ പടിഞ്ഞാറൻ ഭാഗമായ പസിഫിക് പാലിസേഡ്സ്, ഈറ്റൺ പ്രദേശങ്ങളിലായി സാന്‍റാമോണിക്ക മലനിരകളിൽ ജനുവരി ഏഴിനാണ് കാട്ടുതീയുണ്ടായത്.
അതിനിടെ, നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥാനാരോഹണത്തിനുശേഷം ലോസ് ആഞ്ജലസ് സന്ദർശിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത തിങ്കളാഴ്ചയാണ് ട്രംപ് അധികാരമേൽക്കുന്നത്. കാട്ടുതീ തുടങ്ങിയത് മുതൽ ട്രംപും കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസമും തമ്മിൽ വാക്പോരിൽ ഏർപ്പെട്ടിരുന്നു. കാര്യപ്രാപ്തിയില്ലാത്ത രാഷ്ട്രീയക്കാരാണ് ദുരന്തത്തിന് കാരണമെന്നാണ് ട്രംപ് കുറ്റപ്പെടുത്തിയത്. അതേസമയം, ട്രംപ് തെറ്റായ കാര്യങ്ങൾ പറയുകയാണെന്ന് ഗവർണറും തിരിച്ചടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

