മരിയുപോൾ ഉരുക്ക് ഫാക്ടറിയിൽ ശക്തമായ ചെറുത്തുനിൽപ്; 500 പേരെ ഒഴിപ്പിച്ചു
text_fieldsകിയവ്: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം 72 ദിവസം പിന്നിടവെ, മരിയുപോളിലെ അസോവ്സ്റ്റാൾ ഉരുക്കു ഫാക്ടറിയിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. ശക്തമായ ചെറുത്തുനിൽപ് നടത്തുന്ന സൈനികരോട് ആയുധംവെച്ച് കീഴടങ്ങണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ആവശ്യപ്പെട്ടു.
യു.എൻ നേതൃത്വത്തിലുള്ള സുരക്ഷ നടപടികളുടെ ഭാഗമായി മരിയുപോളിൽനിന്ന് 500 സിവിലിയൻമാരെ ഒഴിപ്പിച്ചു. ഫാക്ടറിയിൽനിന്ന് കൂടുതൽ പേരെ ഒഴിപ്പിക്കാൻ ശ്രമം തുടരുകയാണ്. 20 കുട്ടികളടക്കം 200ഓളം ആളുകൾ ഫാക്ടറിയുടെ ബങ്കറിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. യുക്രെയ്ന്റെ നിരവധി ആയുധകേന്ദ്രങ്ങളും ശക്തികേന്ദ്രങ്ങളും തകർത്തതായും 600 സൈനികരെ വധിച്ചതായും റഷ്യ അവകാശപ്പെട്ടു.
യു.എസും നാറ്റോ രാജ്യങ്ങളും യുക്രെയ്ന് രഹസ്യവിവരങ്ങൾ പതിവായി നൽകുന്നതായി റഷ്യ ആരോപിച്ചു. അതേസമയം, റഷ്യൻ ജനറലുമാരെ കുറിച്ച് യുക്രെയ്ന് വിവരങ്ങൾ നൽകിയെന്ന റിപ്പോർട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് തള്ളി. അതിനിടെ, യുക്രെയ്ൻ യുദ്ധത്തിൽ ഒരുപക്ഷവും വിജയിച്ചിട്ടില്ലെന്ന് ഇന്ത്യ യു.എൻ രക്ഷാസമിതിയിൽ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ നയതന്ത്രത്തിന്റെയും ചർച്ചയുടെയും പാതയിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം വേണം.
യുക്രെയ്നിലെ സിവിലിയൻ കൂട്ടക്കുരുതിയെയും ഇന്ത്യ ശക്തമായി വിമർശിച്ചു. മരിയുപോൾ വളഞ്ഞ റഷ്യൻ സൈനികരിൽ ഭൂരിഭാഗവും മറ്റ് മേഖലകളിലേക്ക് നീങ്ങിയതായി പെന്റഗൺ അഭിപ്രായപ്പെട്ടു.
യുക്രെയ്നിൽ റഷ്യ യുദ്ധക്കുറ്റം നടത്തിയതിന് കണക്കുപറയേണ്ടി വരും -ആംനസ്റ്റി ഇന്റർനാഷനൽ
കിയവ്: യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ ആളുകളെ കൂട്ടക്കൊല ചെയ്തതിനും താമസസ്ഥലങ്ങളിൽ ബോംബിട്ടതിനും ഉൾപ്പെടെയുള്ള യുദ്ധക്കുറ്റങ്ങൾ നടത്തിയ റഷ്യ അന്താരാഷ്ട്ര വിചാരണ നേരിടേണ്ടി വരുമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ. കിയവിൽ തദ്ദേശവാസികളെ കൂട്ടക്കുരുതി നടത്തിയത് ആരായാലും ഉത്തരം പറയേണ്ടിവരുംമെന്നും ആംനസ്റ്റി ഇന്റർനാഷനൽ ചൂണ്ടിക്കാട്ടി. കിയവ്, ബുച്ച ഉൾപ്പെടെ എട്ട് നഗരങ്ങളിൽ റഷ്യ കൂട്ടക്കുരുതി നടത്തിയതിന്റെ തെളിവുകളും സംഘം ശേഖരിച്ചു.
ബുച്ചയിലെ തെരുവുകളിൽ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. കൂടുതൽ മൃതദേഹങ്ങളുടെയും കൈകൾ പിറകിലേക്ക് ബന്ധിപ്പിച്ച നിലയിലായിരുന്നു. കിയവിലും ബുച്ചയിലും കൂട്ടക്കുഴിമാടങ്ങളും കണ്ടെത്തി. കുറഞ്ഞത് 1235 പേരുടെ മൃതദേഹങ്ങൾ കുഴിമാടങ്ങളിൽനിന്ന് കണ്ടെടുത്തതായി കിയവ് പ്രാദേശിക ഗവർണർ ഒലേക്സാണ്ടർ പാവ്‍ല്യുക് പറഞ്ഞു. ബൊറോദിയങ്ക നഗരത്തിൽ എട്ടു പാർപ്പിട സമുച്ചയങ്ങളിലുണ്ടായ ബോംബാക്രമണങ്ങളിൽ 47 പേരാണ് കൊല്ലപ്പെട്ടതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

