കോവിഡ്: ഫ്രാൻസിൽ കർശനനിയന്ത്രണം; ഇസ്രായേലിൽ നാലാംഡോസ് വാക്സിൻ തുടങ്ങി
text_fieldsപാരീസ്: കോവിഡിെൻറ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് ഫ്രാൻസിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ജനുവരി മൂന്നുമുതൽ ആഴ്ചയിൽ മൂന്നുദിവസം ജീവനക്കാർ വീട്ടിലിരുന്ന്(വർക് ഫ്രം ഹോം) ജോലി ചെയ്യണം. 2000ലേറെ ആളുകൾ കൂടിച്ചേർന്ന ഇൻഡോർ പരിപാടികൾക്കും നിയന്ത്രണമുണ്ട്.
എന്നാൽ തുറന്നയിടങ്ങളിൽ 5000പേരെ പങ്കെടുപ്പിച്ച് പരിപാടികൾ നടത്താമെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റക്സ് പറഞ്ഞു. ദീർഘദൂരസർവിസ് അടക്കം പൊതുവാഹനങ്ങളിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നത് നിരോധിച്ചു. ജനുവരി മുതൽ ചുരുങ്ങിയത് മൂന്നാഴ്ചത്തേക്കാണ് നിയന്ത്രണം. അതേസമയം, പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കർഫ്യൂ ഏർപ്പെടുത്തില്ല.
സ്കൂളുകൾ നേരത്തേ തീരുമാനിച്ച പോലെ ജനുവരി ആദ്യം തുറക്കും. ശനിയാഴ്ച പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നതിനു പിന്നാലെയാണ് ഫ്രാൻസ് നിയന്ത്രണങ്ങൾക്കൊരുങ്ങുന്നത്. കോവിഡ് കേസുകൾ കുത്തനെ വർധിക്കുന്ന സാഹചര്യത്തിൽ യു.കെയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല. യു.എസിൽ ഉടൻ ആശുപത്രികൾ നിറയാൻ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ രണ്ടുദിവസങ്ങളിലും രണ്ടുലക്ഷത്തിലേറെയാണ് യു.എസിലെ പ്രതിദിന രോഗികളുടെ എണ്ണം. ചൈനയിൽ തിങ്കളാഴ്ച മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
അതിനിടെ, കോവിഡ് വാക്സിൻ നാലാം ഡോസ് വിതരണം ഇസ്രായേൽ ആരംഭിച്ചു. നാലാം ഡോസ് നൽകുന്ന ആദ്യ രാജ്യമാണ് ഇസ്രായേൽ. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൻ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

