Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹുർമുസിലെ ഇറാന്റെ കടൽമൈനുകൾ നീക്കി, കപ്പൽ ഗതാഗതം പുനഃസ്ഥാപിച്ചു; യു.എസ് സെന്റ്കോം തലവൻ

text_fields
bookmark_border
ഹുർമുസിലെ ഇറാന്റെ കടൽമൈനുകൾ നീക്കി, കപ്പൽ ഗതാഗതം പുനഃസ്ഥാപിച്ചു; യു.എസ് സെന്റ്കോം തലവൻ
cancel

വാഷിങ്ടൺ: ഹുർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച കടൽമൈനുകൾ നീക്കം ചെയ്തതായും വാണിജ്യക്കപ്പലുകൾ തടസ്സമില്ലാതെ സഞ്ചരിക്കുന്നതായും അമേരിക്കൻ സൈനിക കമാൻഡായ സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ അവകാശപ്പെട്ടു. സെന്റ്കോമിന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോയിലാണ് കൂപ്പർ ഇക്കാര്യം വ്യക്തമാക്കിയത്. ഈ ആഴ്ച ആദ്യം കടലിടുക്കിന് മുകളിലൂടെ നടത്തിയ വ്യോമനിരീക്ഷണത്തിനിടെ ഡസൻ കണക്കിന് വാണിജ്യക്കപ്പലുകൾ ഈ പാതയിലൂടെ സഞ്ചരിക്കുന്നത് കണ്ടതായും അദ്ദേഹം പറഞ്ഞു.

കടലിടുക്കിലെ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട പ്രധാന കപ്പൽഗതാഗത പാതകളിൽ നിന്നാണ് മൈനുകൾ നീക്കം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ സൈനിക നീക്കങ്ങൾ വിലയിരുത്തുന്നതിനിടെ നടത്തിയ സന്ദർശനത്തിനുശേഷം സെൻട്രൽ കമാൻഡ് സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ച പ്രസ്താവനയിലാണ് കൂപ്പർ ഇക്കാര്യം അറിയിച്ചത്.

കടലിടുക്കിലും പരിസരപ്രദേശങ്ങളിലും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐ.ആർ.ജി.സി) സാന്നിധ്യം കാണാനായില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. പതിറ്റാണ്ടുകളായി ഹുർമുസ് കടലിടുക്കിൽ പട്രോളിങ് നടത്തിയിരുന്ന ഇറാൻ സൈന്യം വാണിജ്യക്കപ്പലുകളെ ഭീഷണിപ്പെടുത്തുകയും തടഞ്ഞുവെക്കുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നുവെന്ന് കൂപ്പർ ആരോപിച്ചു. എന്നാൽ, ഇറാന്റെ നാവികസേന തകർക്കപ്പെട്ടതിനാൽ ഇപ്പോൾ മേഖലയിൽ അവരുടെ സാന്നിധ്യമില്ലെന്നാണ് അമേരിക്കൻ സൈനിക മേധാവിയുടെ വാദം.

അതേസമയം, ഇറാന്റെ തുറമുഖങ്ങൾക്കെതിരായ ഉപരോധം കർശനമായി തുടരുന്നതിനാൽ രാജ്യത്തിന് എണ്ണ കയറ്റുമതി നടത്താൻ കഴിഞ്ഞിട്ടില്ലെന്നും കൂപ്പർ അവകാശപ്പെട്ടു. കടൽമൈനുകൾ നീക്കം ചെയ്ത സൈനിക സംഘങ്ങൾക്കും വാണിജ്യക്കപ്പലുകൾക്ക് സുരക്ഷയൊരുക്കുന്ന സൈനികർക്കും അദ്ദേഹം നന്ദി അറിയിച്ചു. കടലിടുക്കിലെ കപ്പൽഗതാഗതത്തിന് തുടർന്നും ഏകോപിത സംരക്ഷണം നൽകുമെന്നും ഉപരോധം കർശനമായി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ഹുർമുസ് കടലിടുക്കിൽ മൈനുകൾ നീക്കം ചെയ്തെന്ന അമേരിക്കൻ അവകാശവാദം ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് നേരത്തേ തള്ളിയിരുന്നു. വ്യാഴാഴ്ച ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്ത പ്രസ്താവനയിൽ, അമേരിക്കൻ സൈനിക വൃത്തങ്ങൾ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രഖ്യാപനങ്ങൾ മതിയാകില്ലെന്നും മൈനുകൾ നീക്കം ചെയ്തതിന് സ്വതന്ത്രവും വിശ്വസനീയവുമായ തെളിവുകൾ ഹാജരാക്കണമെന്നും ഐ.ആർ.ജി.സി ആവശ്യപ്പെട്ടു.

അതിനിടെ, കടലിടുക്കിന്റെ തെക്കൻ ഭാഗത്തുകൂടി കടക്കാൻ ശ്രമിച്ച രണ്ട് എണ്ണ ടാങ്കറുകൾ തടഞ്ഞതായി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. അമേരിക്കൻ സൈനിക പിന്തുണയോടെ അനധികൃത കപ്പൽപാതകൾ ഉപയോഗിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് കപ്പലുകൾ തടഞ്ഞതെന്നും ഐആർജിസി വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തുപാതകളിലൊന്നായ ഹുർമുസ് കടലിടുക്കിലെ നിയന്ത്രണവും കപ്പൽഗതാഗത സുരക്ഷയും സംബന്ധിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള അവകാശവാദങ്ങൾ വീണ്ടും ശക്തമാകുന്നതാണ് പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. കടലിടുക്കിലൂടെ കപ്പലുകൾ സ്വതന്ത്രമായി സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ വാദവും അതിന് തെളിവ് ആവശ്യപ്പെടുന്ന ഇറാന്റെ നിലപാടും മേഖലയിലെ സംഘർഷാവസ്ഥയുടെ ഗൗരവം വർധിപ്പിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Strait of Hormuz shipping routes cleared of Iranian sea mines, vessels transiting freely: CENTCOM chief
Next Story