Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹുർമുസ് കടലിടുക്ക് പ്രതിസന്ധി: ആഗോള ഊർജ്ജ വിപണി കടുത്ത പ്രതിസന്ധിയിലേക്കെന്ന് പുടിൻ

text_fields
bookmark_border
എണ്ണവില 100 ഡോളർ കടന്നു
Vladimir Putin
cancel

മോസ്കോ: യു.എസ്-ഇസ്രായേൽ സഖ്യം ഇറാനെതിരെ നടത്തുന്ന യുദ്ധം ആഗോള ഊർജ്ജ വിപണിയെ വൻ പ്രതിസന്ധിയിലേക്ക് തള്ളവിട്ടിരിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ഹുർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം വരും ആഴ്ചകളിൽ പൂർണ്ണമായും തടസ്സപ്പെട്ടേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായും എണ്ണ-വാതക കമ്പനി മേധാവികളുമായും നടത്തിയ ടെലിവിഷൻ ചർച്ചയിലാണ് പുടിൻ നിലപാട് വ്യക്തമാക്കിയത്.

'ഹുർമുസ് കടലിടുക്കിനെ ആശ്രയിച്ചുള്ള എണ്ണ ഉൽപ്പാദനം അടുത്ത ഒരു മാസത്തിനുള്ളിൽ പൂർണ്ണമായും നിലക്കാൻ സാധ്യതയുണ്ട്. ഉൽപ്പാദനം ഇപ്പോൾ തന്നെ കുറഞ്ഞു തുടങ്ങിയിരിക്കുന്നു. കയറ്റുമതി ചെയ്യാനാകാത്ത എണ്ണ സംഭരണ ശാലകളിൽ കുന്നുകൂടുകയാണ്. ഇവ കൊണ്ടുപോകുന്നത് അത്യന്തം സങ്കീർണ്ണവും ചിലവേറിയതുമായി മാറിയിരിക്കുന്നു,' പുടിൻ പറഞ്ഞു.

ലോകത്തെ എണ്ണ-പ്രകൃതി വാതക വിതരണത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഹുർമുസ് കടലിടുക്ക് വഴിയാണ്. യുദ്ധം മൂലം ഈ പാത അടഞ്ഞതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം ബാരലിന് 100 ഡോളർ എന്ന നിരക്കും കടന്ന് എണ്ണവില 2022ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി.

യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് റഷ്യയുമായുള്ള ഊർജ്ജ ബന്ധം വിച്ഛേദിച്ച യൂറോപ്യൻ രാജ്യങ്ങളുമായി വീണ്ടും സഹകരിക്കാൻ തയാറാണെന്ന സൂചനയും പുടിൻ നൽകി. ബന്ധം പുനസ്ഥാപിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ താല്പര്യം പ്രകടിപ്പിച്ചാൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ഊർജ്ജ കരാറുകൾക്ക് മോസ്കോ സന്നദ്ധമാണെന്ന് പുടിൻ പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ വിപണിയിലുണ്ടാകുന്ന മാറ്റങ്ങൾ പ്രയോജനപ്പെടുത്താൻ റഷ്യൻ ഊർജ്ജ കമ്പനികൾക്ക് പുടിൻ നിർദേശം നൽകി. എണ്ണവിലയിലെ വർധനവ് താൽക്കാലികമായേക്കാമെന്നും അദ്ദേഹം നിരീക്ഷിച്ചു. അതേസമയം, റഷ്യൻ എണ്ണക്ക് പകരമായി മറ്റ് സ്രോതസ്സുകൾ കണ്ടെത്തിയ യൂറോപ്പിന് മേലുള്ള സ്വാധീനം തിരിച്ചുപിടിക്കാനാണ് പുടിന്റ ശ്രമം. 2025ഓടെ യൂറോപ്പിന്റെ മൊത്തം ഗ്യാസ് ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം വെറും 13 ശതമാനമായി ചുരുങ്ങിയിരുന്നു. യൂറോപ്പിലേക്കുള്ള എണ്ണ വിതരണം പൂർണ്ണമായും അവസാനിപ്പിച്ച് ഏഷ്യൻ വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിഞ്ഞ വാരം പുടിൻ ഉത്തരവിട്ടിരുന്നു. ഉയരുന്ന എണ്ണവില നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജി7 രാജ്യങ്ങൾ പ്രഖ്യാപിച്ചെങ്കിലും അടിയന്തര ശേഖരം വിട്ടുനൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Strait of hormuz crisis could choke global oil supply within a month-warns putin
Next Story