ഗസ്സയിൽ കൊടുങ്കാറ്റും അതിശൈത്യവും; എട്ടു മരണം
text_fieldsഗസ്സ സിറ്റി: വംശഹത്യയിൽ തകർന്നടിഞ്ഞ ഗസ്സയിൽ അവശേഷിക്കുന്ന ജനജീവിതവും ദുസ്സഹമാക്കി കൊടുങ്കാറ്റും അതിശൈത്യവും. കാറ്റിൽ കെട്ടിടം തകർന്നും അതിശൈത്യം മൂലവും എട്ട് ഫലസ്തീനികൾ മരിച്ചു. കടുത്ത കാലാവസ്ഥാ മൂലമുണ്ടായ തണുത്ത താപനില കാരണം നാല് പേർ മരിച്ചതായി ഗസ്സയിലെ സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
മരിച്ചവരിൽ ഒരാൾ ഒരു വയസ്സുള്ള കുട്ടിയാണെന്നും ആ കുട്ടിയെ സുരക്ഷിതമാക്കാൻ ടെന്റിലേക്ക് എത്തിക്കും മുമ്പേ ജീവൻ വെടഞ്ഞുവെന്നുമാണ് റിപ്പോർട്ട്. ഗസ്സ സിറ്റിയിൽ ഒരു കെട്ടിടം തകർന്ന് 15 വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേരും നഗരത്തിലെ മറ്റൊരു കെട്ടിടം തകർന്ന് നാലാമത്തെയാളും മരിച്ചു.
ഏറ്റവും ഒടുവിൽ ആഞ്ഞടിച്ച കൊടുങ്കാറ്റ് അതിശൈത്യം കൊണ്ടുവന്നു. ഇത് ദുർബലമായ ടെന്റുകൾ കെട്ടിയുണ്ടാക്കിയ കൂടാരങ്ങളിൽ കഴിയുന്ന പതിനായിരക്കണക്കിന് ആളുകളുടെ ദുരിതം വർധിപ്പിച്ചു. ഇസ്രായേലിന്റെ വംശഹത്യാ യുദ്ധത്തിലെ ആക്രമണങ്ങളിൽ തകർന്ന കെട്ടിടങ്ങളുടെ അവശേഷിക്കുന്ന ഭാഗം കൂടി ശക്തമായ കാറ്റിൽ തകർന്നു.
ഗസ്സയിലെ ജനങ്ങൾക്ക് കൊടുങ്കാറ്റ് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒക്ടോബർ 10ന് ആരംഭിച്ച വെടിനിർത്തൽ ലംഘിച്ച്, ഗസ്സ മുനമ്പിലേക്ക് പ്രവേശിക്കുന്ന അവശ്യ മാനുഷിക സഹായവും അഭയകേന്ദ്രങ്ങളിലേക്കുള്ള പ്രധാന സാധനങ്ങളും ഇസ്രായേൽ തുടർന്നും തടയുന്നതായാണ് റിപ്പോർട്ട്. ഇസ്രായേൽ യുദ്ധത്തിന്റെയും പ്രദേശത്തേക്ക് പ്രവേശിക്കുന്നതിനുള്ള ചരക്കുകളുടെ തുടർച്ചയായ നിയന്ത്രണങ്ങളുടെയും ഫലമായി അവരിൽ ഭൂരിഭാഗവും മതിയായ പാർപ്പിടമില്ലാതെ കഴിയുന്നു.
ഗസ്സക്ക് ആശ്വാസം നൽകുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെടുന്നത് ഖേദകരമാണെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. വർധിച്ചുവരുന്ന മരണസംഖ്യയും രോഗവ്യാപനവും പ്രദേശം ഏറ്റവും ഭയാനകമായ വംശഹത്യ അനുഭവിക്കുകയാണെന്ന് കാണിക്കുന്നുവെന്നും ഹമാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

