ഗസ്സയിൽ പട്ടിണി മരണം പിടിമുറുക്കുന്നു, അഞ്ച് മരണം കൂടി; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 98 പേർ
text_fieldsഗസ്സ സിറ്റി: അതിർത്തികൾ അടച്ചും ഭക്ഷണം കാത്തുനിൽക്കുന്നവരെ വെടിവെച്ചും ഇസ്രായേൽ അന്നം നിഷേധിക്കുന്നത് തുടരുന്ന ഗസ്സയിൽ പട്ടിണി മരണം കൂടുന്നു. വ്യാഴാഴ്ച പട്ടിണി മൂലം അഞ്ചുപേരുടെ മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ, മരണസംഖ്യ 96 കുട്ടികളടക്കം 197 ആയി. രണ്ടുലക്ഷം പിഞ്ചുകുട്ടികൾ ഗസ്സയിൽ കൊടുംപട്ടിണിയിലും പോഷണമില്ലായ്മയിലുമാണെന്ന് ഗസ്സയിൽനിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.
സഹായവുമായി അതിർത്തിയിൽ കാത്തുനിൽക്കുന്ന വാഹനങ്ങൾക്ക് ഇസ്രായേൽ അനുമതി നിഷേധിക്കുന്നത് തുടരുകയാണ്. 600 ട്രക്കുകൾ പ്രതിദിനം എത്തേണ്ട ഗസ്സയിലേക്ക് ബുധനാഴ്ച 92 എണ്ണത്തിന് മാത്രമാണ് ഇസ്രായേൽ അനുമതി നൽകിയത്. ഇവിടെ നടക്കുന്നത് വംശഹത്യയുടെ പരിധിയിൽപെട്ടതാണെന്ന് യൂറോപ്യൻ കമീഷൻ മുതിർന്ന ഉദ്യോഗസ്ഥ തെരേസ റിബേറ പറഞ്ഞു.
ഗസ്സയിലുടനീളം ഇസ്രായേൽ ആക്രമണവും തുടരുകയാണ്. 24 മണിക്കൂറിനിടെ, 98 പേരുടെ മരണമാണ് ഇസ്രായേൽ ആക്രമണങ്ങളിൽ സ്ഥിരീകരിക്കപ്പെട്ടത്. 603 പേർക്ക് പരിക്കേറ്റിട്ടുണ്ട് ഭക്ഷണം കാത്തുനിന്ന 51 പേരെയാണ് ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നത്.
ഗസ്സ സിറ്റിക്കുസമീപം നെറ്റ്സാറിം ഇടനാഴിയിൽ സൈനിക വെടിവെപ്പിൽ കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഇതിൽ പെടും. മരണം ഭീഷണിയായുണ്ടായിട്ടും കൊടുംപട്ടിണി മൂലം ഭക്ഷണത്തിനായി ഒഴുകിയെത്തുന്നവരെയാണ് ഇസ്രായേൽ സേന ലക്ഷ്യമിടുന്നത്. ഇസ്രായേൽ വംശഹത്യയിൽ ഗസ്സയിൽ ഇതുവരെ 61,258 പേരാണ് കൊല്ലപ്പെട്ടത്. ഒന്നര ലക്ഷത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അതിനിടെ, പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും ഇസ്രായേലിനെ അംഗീകരിക്കുന്ന അബ്രഹാം ഉടമ്പടിയുടെ ഭാഗമാകാൻ ട്രംപ് ആവശ്യപ്പെട്ടു.
ഫ്ലോട്ടില പ്രതിഷേധവുമായി ബന്ദികളുടെ കുടുംബങ്ങൾ
ഗസ്സ സിറ്റി: ഹമാസ് തടവിലുള്ള ഇസ്രായേൽ ബന്ദികളുടെ അടിയന്തര മോചനമാവശ്യപ്പെട്ട് കുടുംബങ്ങൾ ചേർന്ന് പ്രതിഷേധ േഫ്ലാട്ടിലയുമായി ഗസ്സയിലേക്ക്. 20ഓളം ബന്ദികളാണ് ബോട്ടുകളിലുള്ളത്. ബന്ദികളുടെ മോചനം അവസാന പരിഗണനവിഷയമായി തുടരുന്ന സാഹചര്യത്തിൽ അറ്റകൈ എന്ന നിലയിലാണ് പുതിയ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

