
1,000 മദ്രസകൾ അടച്ചുപൂട്ടാൻ ശ്രീലങ്ക; പർദക്കും നിരോധനം
text_fieldsകൊളംബോ: രാജ്യത്തെ മുസ്ലിംകളെ ഭീതിയുടെ മുനയിൽ നിർത്തി കടുത്ത നടപടികളുമായി ശ്രീലങ്ക. ദേശീയ സുരക്ഷക്ക് അപകടമെന്നു പറഞ്ഞ് 1,000 ഓളം മദ്രസകൾ അടച്ചുപൂട്ടും. മുസ്ലിം സ്ത്രീകൾ അണിയുന്ന പർദക്കും വിലക്കുവീഴും. ഇതുസംബന്ധിച്ച പുതിയ ഉത്തരവുകൾ മന്ത്രിസഭ അനുമതിക്കായി സമർപിച്ചതായി പൊതുസുരക്ഷ മന്ത്രി ശരത് വീരശേഖര പറഞ്ഞു.
പർദ ദേശീയ സുരക്ഷയെ നേരിട്ട് ബന്ധിക്കുന്ന വിഷയമാണെന്ന് ശനിയാഴ്ച ബുദ്ധവിഹാരത്തിൽ നടന്ന പരിപാടിക്കിടെ വീരശേഖര പറഞ്ഞു.
2019ൽ ഈസ്റ്റർ ദിന ഭീകരാക്രമണത്തിനു പിന്നാലെ രാജ്യത്ത് പർദക്ക് താത്കാലിക വിലക്കേർപെടുത്തിയിരുന്നു.
സർക്കാറിൽ രജിസ്റ്റർ ചെയ്തില്ലെന്നു പറഞ്ഞാണ് 1,000 മദ്റസകൾ അടച്ചുപൂട്ടാനൊരുങ്ങുന്നത്.
2.2 കോടി ജനസംഖ്യയുള്ള ശ്രീലങ്കയിൽ 10 ശതമാനത്തിനു താഴെയാണ് മുസ്ലിംകൾ. ന്യൂനപക്ഷമായ ഇവർക്കു നേരെ സമീപകാലത്തായി രാജ്യത്ത് ആക്രമണം കൂടുതൽ രൂക്ഷമായതായി റിപ്പോർട്ടുകൾ പറയുന്നു.