കൊളംബോ: പ്രതിഷേധങ്ങൾക്കൊടുവിൽ ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെക്ക് ധനകാര്യ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകിയതായി പ്രസിഡന്‍റ് അറിയിച്ചു. അധിക ചുമതല നൽകിയതോടെ രാജ്യത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ച സഖ്യകക്ഷികളുടെ തർക്കത്തിന് വിരാമമായി. മഹീന്ദ രാജപക്സയുടെ രാജിയെത്തുടർന്ന് രണ്ടാഴ്ചക്ക് ശേഷമാണ് വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്.
ധനകാര്യ വകുപ്പ് പ്രസിഡണ്ടിന്റെ പാർട്ടിക്ക് നൽകണമെന്ന ആവശ്യമാണ് തർക്കത്തിന് കാരണമായത്. രാജ്യം നേരിടുന്ന സാമ്പത്തികാരക്ഷിതാവസ്ഥയിൽ നിന്ന് കര കയറാന്‍ ധനകാര്യ വകുപ്പ് തനിക്ക് നൽകണമെന്ന് വിക്രമസിംഗെ നിർബന്ധംപിടിച്ചിരുന്നു. ഒടുവിൽ പുതിയ പ്രധാനമന്ത്രിക്ക് തന്നെ ധനകാര്യവകുപ്പ് നൽകാന്‍ തീരുമാനിക്കുകയായിരുന്നു.
1948ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് നിലവിൽ ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നാണയപ്പെരുപ്പ നിരക്ക് 40 ശതമാനത്തിലേക്ക് കുതിച്ചുയരുകയാണ്. കുടാതെ മണിക്കൂറുകൾ നീളുന്ന പവർകെട്ടും ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ദൗർലഭ്യവും പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.