ഗോടബയ 24ന് ലങ്കയിൽ തിരിച്ചെത്തും
text_fieldsകൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമായതോടെ നാടുവിട്ട മുൻ പ്രസിഡന്റ് ഗോടബയ രാജപക്സ ഈ മാസം 24ന് തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. ആദ്യം മാലദ്വീപിലും തുടർന്ന് സിംഗപ്പൂരിലും അഭയംതേടിയ ഗോടബയ അവിടെയും വിസ കാലാവധി അവസാനിച്ചതിനെത്തുടർന്ന് തായ്‍ലൻഡിലെത്തിയിരുന്നു. ശ്രീലങ്കൻ സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കഴിഞ്ഞയാഴ്ച തായ്‍ലൻഡ് വിസ അനുവദിച്ചിരുന്നത്. ഇവിടെനിന്നാണ് മടക്കം. തമിഴ്പുലികൾക്കെതിരായ ആഭ്യന്തര യുദ്ധകാലത്ത് മിഗ് വിമാനം വാങ്ങിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സംഘത്തിനു മുന്നിൽ ഹാജരായ ഗോടബയയുടെ ബന്ധുകൂടിയായ റഷ്യയിലെ മുൻ അംബാസഡർ ഉദയംഗ വീരതുംഗയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ് പുലികൾക്കെതിരെ നടപടിയുടെ കാലത്ത് പ്രതിരോധ സെക്രട്ടറിയായിരുന്നു ഗോടബയ.
കഴിഞ്ഞ ജൂലൈ ഒമ്പതിന് പ്രക്ഷോഭകർ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി വളഞ്ഞതോടെയാണ് ഗോടബയ ഒളിവിൽ പോയത്. ദിവസങ്ങൾ നീണ്ട ഒളിവുജീവിതത്തിനു ശേഷം സൈനിക വിമാനത്തിൽ മാലദ്വീപിലേക്ക് കടന്നു. വൈകാതെ സിംഗപ്പൂരിലെത്തി ഒരുമാസത്തിനു ശേഷമാണ് തായ്‍ലൻഡിലേക്ക് മാറിയത്. നയതന്ത്ര പാസ്പോർട്ടിലായതിനാൽ 90 ദിവസംവരെ ഇവിടെ തുടരാനാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ രാഷ്ട്രീയ അഭയം തേടിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും തായ്‍ലൻഡ് സർക്കാർ നിഷേധിച്ചു.
അതിനിടെ, ഗോടബയ വിദേശ രാജ്യങ്ങളിൽ മാറിത്താമസിക്കുന്നതിനെതിരെ പ്രതിഷേധമുയർന്നതോടെ വിശദീകരണവുമായി റനിൽ വിക്രമസിംഗെ സർക്കാർ രംഗത്തെത്തി. വിദേശത്തെ താമസത്തിന് സർക്കാർ ഫണ്ട് ഉപയോഗിക്കുന്നില്ലെന്നും എല്ലാം സ്വന്തം ചെലവിലാണെന്നും സർക്കാർ വ്യക്തമാക്കി. രാജ്യം വിട്ടശേഷം രാജപക്സ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജപക്സ ഉടൻ രാജ്യത്തേക്ക് മടങ്ങേണ്ടെന്നാണ് തന്റെ നിലപാടെന്ന് കഴിഞ്ഞ മാസാവസാനം പ്രസിഡന്റ് റനിൽ വിക്രമസിംഗെ അഭിപ്രായപ്പെട്ടിരുന്നു. യു.എസ് മാധ്യമമായ വാൾ സ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിലായിരുന്നു അഭിപ്രായപ്രകടനം.
ബ്രിട്ടനിൽനിന്ന് 1948ൽ സ്വാതന്ത്ര്യം നേടിയശേഷം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി തുടരുന്ന രാജ്യത്ത് ഇന്ധനക്ഷാമത്തെതുടർന്ന് സ്കൂളുകളും സർക്കാർ ഓഫിസുകളും അനിശ്ചിതമായി അടഞ്ഞുകിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

