ഗസ്സയിൽ നിന്ന് വാക്കുകൾ തോറ്റുപോവുന്ന ദൃശ്യങ്ങൾ; പട്ടിണിക്കിടയിലും ഇസ്രായേൽ സൈന്യത്തിന്റെ സംഹാര താണ്ഡവം
text_fieldsഗസ്സ സിറ്റി: ഇറാനുമായുള്ള കൊമ്പു കോർക്കലിനിടയിലും ഗസ്സക്കുനേരെയുള്ള നരവേട്ടയിൽ അയവില്ലാതെ ഇസ്രായേൽ. ദാഹവും വിശപ്പും മൂലം തളർന്ന, പരിമിതമായ ഭക്ഷണത്തിനുനേരെ കൈനീട്ടുന്നവരെ കൂട്ടക്കൊല നടത്തുന്ന ആക്രമണ രീതിയാണിപ്പോൾ കടുപ്പിച്ചിരിക്കുന്നത്. മനുഷ്യപ്പറ്റ് അൽപമെങ്കിലും അവശേഷിക്കുന്ന ആർക്കും താങ്ങാനാവാത്ത കാഴ്ചകളാണ് അവിടെ നിന്നുമുള്ളത്.
കരുതിക്കൂട്ടിയുള്ള കൊലക്ക് ഇരയാവുന്നതിനു പുറമെ, ഭക്ഷണ വിതരണകേന്ദ്രത്തിലെ തിക്കിലുംതിരക്കിലും ഉണ്ടാവുന്ന അപകടങ്ങളും വിവരാണാതീതമാണ്. പാത്രവുമായുള്ള തിക്കിത്തിരക്കലിൽ തലയിൽ തിളച്ച പാനീയം വീണ് ആർത്തു കരയുന്ന ബാലനും തിരക്കിനിടെ തിളച്ച പാനീയംവെച്ച പാത്രത്തിലേക്ക് പതിച്ച മറ്റൊരു ആൺകുട്ടിയുടെ ദാരുണാന്ത്യവും എല്ലാം ഇവിടെനിന്നുള്ള കാഴ്ചകളാണ്.
കുടുംബത്തിന് ഭക്ഷണം വാങ്ങാൻ കഴിഞ്ഞ ദിവസം രാവിലെ പുറത്തിറങ്ങിയ 13 വയസ്സുള്ള സഹോദരൻ ഹംസയെ ഓർത്ത് ഒരു പെൺകുട്ടി വിലപിക്കുന്ന ദൃശ്യം ഉള്ളുലക്കുന്നതാണ്. ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച ഹംസയുടെ നിശ്ചല ദേഹമാണ് അഭയാർഥി ക്യാമ്പിലേക്ക് മടങ്ങിയെത്തിയത്.
വിശന്നൊട്ടിയ തന്റെ 11 മക്കൾക്ക് ഭക്ഷണം എത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ പിതാവ് ഷാദി ഖ്വൈദറിന്റെ ചെരുപ്പ് കെട്ടിപ്പിടിച്ച് കരയുന്ന പെൺകുട്ടിയുടെ ദൃശ്യവും സമാനമായതാണ്.
ഇസ്രായേൽ ഉപരോധത്തിനിടയിൽ ഗസ്സയിലെ ഫലസ്തീൻ കുടുംബങ്ങൾ മക്കൾക്ക് ദിവസം ഒരു നേരത്തെ ഭക്ഷണം പോലും ഉറപ്പാക്കാൻ പാടുപെടുന്നു. ഭക്ഷണത്തേക്കാൾ വലിയ അളവിൽ ബോംബുകളും മിസൈലുകളും ഉപരോധിക്കപ്പെട്ട പ്രദേശത്തേക്ക് പ്രവേശിക്കുന്നുണ്ടെന്നും അവിടെയുള്ള മാനുഷിക സാഹചര്യം ‘ഇരുണ്ടതും ഭയാനകവും നിരാശാജനകവു’മാണെന്നും യുനിസെഫ് വക്താവ് ജെയിംസ് എൽഡർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

