സ്പാനിഷ് പ്രസിഡന്റിന് കോവിഡ്; ജി20 ഉച്ചകോടിയിൽ പങ്കെടുക്കില്ല
text_fieldsന്യൂഡൽഹി: സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധയുണ്ടായതിനെ തുടർന്ന് ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കില്ല. സാഞ്ചസിന്റെ ആരോഗ്യനില തൃപ്തികരമാണ്.
പ്രസിഡന്റിന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റ് നാദിയ കാൽവിനോ സാന്റമാരിയയും വിദേശകാര്യമന്ത്രി ജോസ് മാനുവൽ അൽബാരസുമാണ് പങ്കെടുക്കുക. ഇന്ന് ഉച്ചക്ക് തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് സ്പാനിഷ് പ്രസിഡന്റ് അറിയിച്ചു.
രോഗബാധയുണ്ടായതിനാൽ തനിക്ക് ജി20 ഉച്ചക്കോടിക്കായി ഡൽഹിയിലേക്ക് പോകാനാവില്ല. തന്റെ ആരോഗ്യനില തൃപ്തികരമാണ്. വൈസ് പ്രസിഡന്റും വിദേശകാര്യമന്ത്രിയും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. റഷ്യയുടെ വ്ലാഡമിർ പുടിനും ചൈനയുടെ ഷീ ജിങ് പിങ്ങിനും ശേഷം ഉച്ചകോടിയിൽ നിന്നും വിട്ടുനിൽക്കുന്ന മൂന്നാമത്തെ രാഷ്ട്രനേതാവാണ് സ്പെയിൻ പ്രസിഡന്റ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ സെപ്റ്റംബർ ഒമ്പത്, പത്ത് തീയതികളിലായാണ് ജി20 സമ്മേളനം നടക്കുന്നത്.

