ആർത്തവ അവധി നൽകുന്ന ആദ്യ യൂറോപ്യൻ രാജ്യമാകാൻ സ്പെയിൻ
text_fieldsമഡ്രിഡ്: ആർത്തവ അവധി നൽകുന്ന ആദ്യ യൂറോപ്യൻ രാജ്യമാകാൻ സ്പെയിൻ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട നിയമത്തിന് സ്പെയിൻ പാർലമെന്റ് അന്തിമ അംഗീകാരം നൽകി. 185 അംഗങ്ങൾ കരടുനിയമത്തെ അനുകൂലിച്ചപ്പോൾ 154 പേർ എതിർത്തു. നടപടിക്രമങ്ങൾ പൂർത്തിയായാൽ സ്പെയിൻ ഇത്തരത്തിൽ നിയമം നിർമിച്ച ആദ്യ യൂറോപ്യൻ രാജ്യമാകും.
ജപ്പാൻ, ഇന്തോനേഷ്യ, സാംബിയ തുടങ്ങി വിരലിലെണ്ണാവുന്ന രാജ്യങ്ങളാണ് ആർത്തവകാലത്ത് ശമ്പളത്തോടെയുള്ള അവധി നിയമമാക്കിയിട്ടുള്ളത്. വനിത മുന്നേറ്റത്തിൽ ചരിത്രപരമായ ദിനമാണിതെന്ന് സ്പെയിൻ സമത്വ മന്ത്രി ഐറിൻ മോൺടെറോ ട്വീറ്റ് ചെയ്തു.
ആർത്തവദിനങ്ങൾ പലരിലും വ്യത്യാസപ്പെടുന്നതിനാൽ എത്ര ദിവസം അവധിയെടുക്കാമെന്നത് നിയമത്തിൽ വ്യക്തമാക്കിയിട്ടില്ല. അത് ഡോക്ടർമാർക്ക് നിശ്ചയിക്കാം. മൂന്നിലൊന്ന് സ്ത്രീകളും ആർത്തവകാലത്ത് കഠിനമായ വേദനകളും അസ്വസ്ഥതകളും അനുഭവിക്കുന്നുവെന്ന് സ്പാനിഷ് ഗൈനക്കോളജി സൊസൈറ്റി വ്യക്തമാക്കി.
രാഷ്ട്രീയ പാർട്ടികൾക്കും തൊഴിലാളി സംഘടനകൾക്കും പൊതുസമൂഹത്തിനുമിടയിൽ ഏറെ ചർച്ചചെയ്യപ്പെട്ട ശേഷമാണ് വിഷയം പാർലമെന്റിനു മുന്നിലെത്തിയത്. സ്ത്രീകൾക്ക് ജോലി ലഭിക്കുന്നതിന് തടസ്സമാകുമെന്നാണ് നിയമത്തെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

