ആഫ്രിക്കൻ കുടിയേറ്റക്കാരുടെ ബോട്ടിൽ 24 പേർ ഭക്ഷണമില്ലാതെ മരിച്ചനിലയിൽ
text_fieldsചിത്രം: AP
ബാഴ്സലോണ: ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുനിന്ന് യൂറോപ്പിലേക്ക് കുടിയേറാൻ പുറപ്പെട്ടവരുടെ ബോട്ടിൽ 24 പേർ ഭക്ഷണവും വെള്ളവുമില്ലാതെ ദാരുണമായി മരിച്ചതായി സ്പാനിഷ് അധികൃതർ.
പടിഞ്ഞാറൻ ആഫ്രിക്കയിൽനിന്ന് അറ്റ്ലാൻറിക്കിലൂടെ സ്പെയിനിലെ കാനറി ദ്വീപുകൾ ലക്ഷ്യമിട്ട് വരുയായിരുന്ന ബോട്ടിലാണ് രണ്ടു കുട്ടികളടക്കം 24 പേരെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സ്പാനിഷ് മാരിടൈം െറസ്ക്യൂ വിഭാഗം പറഞ്ഞു. മരംകൊണ്ടുള്ള ബോട്ടിൽ മൃതദേഹങ്ങക്കൊപ്പം മരണാസന്നരായ രണ്ടു പുരുഷന്മാരെയും ഒരു സ്ത്രീയെയും രക്ഷപ്പെടുത്തിയെന്നും അധികൃതർ പറഞ്ഞു. ഇവരെ ഹെലികോപ്ടറിൽ ടെനറൈഫ് ദ്വീപിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എൽഹിയറോ ദ്വീപിൽനിന്ന് 490 കിലോമീറ്റർ അകലെ സമുദ്രത്തിൽ ഒഴുകിനടക്കുന്നനിലയിലായിരുന്നു കപ്പൽ. 22 ദിവസം മുമ്പാണ് തങ്ങൾ യാത്ര തുടങ്ങിയതെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു.

