Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭവനപ്രതിസന്ധിയും കുറഞ്ഞ വേതനവും; 14 വർഷത്തിനിടെ ആദ്യ പൊതുപണിമുടക്കിൽ സ്തംഭിച്ച് സ്പെയിൻ

text_fields
bookmark_border
news
cancel

മാഡ്രിഡ്: ഭവനപ്രതിസന്ധിക്കും കുറഞ്ഞ വേതനത്തിനുമെതിരെ സ്പെയിനിൽ 14 വർഷത്തിനിടെ ആദ്യമായി നടന്ന പൊതുപണിമുടക്കിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തു. ബുധനാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ കനത്ത മഴയെയും അവഗണിച്ച് തൊഴിലാളികളും യുവാക്കളും തെരുവിലിറങ്ങി. തലസ്ഥാനമായ മാഡ്രിഡിൽ മുദ്രാവാക്യങ്ങൾ മുഴക്കിയും നൃത്തം ചെയ്തും വീടുകളുടെ താക്കോലുകൾ ഉയർത്തിപ്പിടിച്ചുമായിരുന്നു പ്രതിഷേധം.

'വേതനം, പാർപ്പിടം, വിലകൾ' എന്ന മുദ്രാവാക്യമുയർത്തി അർധരാത്രി ആരംഭിച്ച പണിമുടക്ക് 24 മണിക്കൂർ നീണ്ടുനിന്നു. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനകളായ കോമിസിയോണസ് ഒബ്രേറാസ് (CCOO), ജനറൽ യൂനിയൻ ഓഫ് വർക്കേഴ്സ് (UGT) എന്നിവയുടെ നേതൃത്വത്തിലായിരുന്നു സമരം. മറ്റ് തൊഴിലാളി സംഘടനകളും പിന്തുണ നൽകി. 2012നുശേഷം പ്രധാന തൊഴിലാളി സംഘടനകൾ നടത്തുന്ന ഏറ്റവും വലിയ സമരമാണിത്.

സമരത്തിൽ പങ്കെടുത്തവരുടെ എണ്ണത്തെക്കുറിച്ച് സംഘാടകരും അധികൃതരും വ്യത്യസ്ത കണക്കുകളാണ് പുറത്തുവിട്ടത്. മാഡ്രിഡിൽ അഞ്ച് ലക്ഷത്തിലധികം പേർ പങ്കെടുത്തതായി സംഘടനകൾ അവകാശപ്പെട്ടപ്പോൾ സർക്കാർ കണക്കിൽ ഇത് 1.20 ലക്ഷമാണ്. ബാഴ്‌സലോണയിൽ നാല് ലക്ഷം പേർ പങ്കെടുത്തെന്നാണ് സംഘാടകരുടെ കണക്ക്. എന്നാൽ നഗര പൊലീസിന്റെ കണക്കിൽ 55,000 പേർ മാത്രമാണുള്ളത്. വടക്കൻ നഗരമായ ബിൽബാവോയിൽ 50,000ത്തോളം പേർ പങ്കെടുത്തതായും അധികൃതർ അറിയിച്ചു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്പെയിനിൽ വീടുകളുടെ വാടകയിൽ ഏകദേശം 80 ശതമാനം വർധനയുണ്ടായതാണ് പ്രതിഷേധത്തിന് പ്രധാന കാരണം. എന്നാൽ ഇതിന് ആനുപാതികമായി വേതനം ഉയർന്നിട്ടില്ല. ഭവനപ്രതിസന്ധി യുവാക്കളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. വാടകയും ജീവിതച്ചെലവും വർധിച്ചിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിൽ ദേശീയ, പ്രാദേശിക, തദ്ദേശ ഭരണകൂടങ്ങൾ പരാജയപ്പെട്ടെന്നാണ് സമരക്കാരുടെ ആരോപണം.

സർക്കാരുകൾക്കും ഭൂവുടമകൾക്കും തൊഴിലുടമകൾക്കുമെതിരെ രൂക്ഷവിമർശനവുമായി 'വാടകക്ക് താമസിക്കുന്നവരുടെ സംഘടന' വക്താവ് (Tenants’ Union) വലേറിയ റാക്കു രംഗത്തെത്തി. നിലവിലെ പുരോഗമന സർക്കാർ പോലും ഭവനപ്രതിസന്ധി പരിഹരിക്കുന്നതിൽ നിരാശപ്പെടുത്തിയെന്ന് അവർ പറഞ്ഞു. മുൻപ് അധികാരത്തിലിരുന്ന പർട്ടിഡോ പോപ്പുലർ സർക്കാരിന്റെ നയങ്ങളും നിലവിലെ പ്രതിസന്ധിക്ക് കാരണമായെന്നും അവർ ആരോപിച്ചു.

അതിനിടെ, മാഡ്രിഡിലും ബാഴ്‌സലോണയിലും നടന്ന പ്രതിഷേധങ്ങൾക്കിടെ സംഘർഷമുണ്ടായി. മുഖംമൂടി ധരിച്ച ചില പ്രതിഷേധക്കാർ പൊലീസിന് നേരെ പടക്കങ്ങളും ഫ്ലെയറുകളും എറിഞ്ഞതിനെത്തുടർന്ന് കലാപവിരുദ്ധ പൊലീസ് ഇടപെട്ടു. രാജ്യത്തുടനീളം 70ലധികം പേരെ അറസ്റ്റ് ചെയ്തതായും 1,500ഓളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായും പൊലീസ് അറിയിച്ചു. മാഡ്രിഡിലെ ബസ് ഡിപ്പോകൾക്ക് മുന്നിൽ പുലർച്ചെ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ഇടപെടലിൽ എട്ട് പേർക്ക് പരിക്കേറ്റതായി തൊഴിലാളി സംഘടനകൾ ആരോപിച്ചു.

പൊതുപണിമുടക്കിന്റെ വിജയത്തെച്ചൊല്ലി തൊഴിലാളി സംഘടനകളും തൊഴിലുടമകളും തമ്മിൽ ഭിന്നാഭിപ്രായമുണ്ട്. സമരം വിജയകരമായിരുന്നുവെന്നാണ് സംഘടനകളുടെ വിലയിരുത്തൽ. എന്നാൽ തൊഴിലുടമകൾ സമരം പരാജയമായിരുന്നുവെന്ന് അവകാശപ്പെട്ടു.

സമരത്തെ രാഷ്ട്രീയമായും വിമർശിച്ച് പ്രതിപക്ഷ നേതാവ് ആൽബെർട്ടോ നൂനെസ് ഫെയ്ഹൂ രംഗത്തെത്തി. തൊഴിലാളി സംഘടനകൾ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തത് 'ചരിത്രപരമായ പിഴവായിരിക്കാം' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ ഭരണത്തിലിരിക്കുന്നവർ ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കേണ്ടിവരുമെന്ന് ജനറൽ യൂനിയൻ ഓഫ് വർക്കേഴ്സ് ജനറൽ സെക്രട്ടറി പെപ്പെ അൽവാരസ് തിരിച്ചടിച്ചു. ഭവനവാടകയും ജീവിതച്ചെലവും നിയന്ത്രിക്കുന്നതിന് അടിയന്തര നടപടികൾ വേണമെന്ന ആവശ്യമാണ് പൊതുപണിമുടക്കിലൂടെ തൊഴിലാളി സംഘടനകൾ ഉയർത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Housing crisis and low wages; Spain paralyzed by its first general strike in 14 years
Next Story