ഫലസ്തീൻ: സ്‌പെയിൻ സർക്കാറിന്റേത് ധീര നിലപാട് -ഒമാൻ സുൽത്താൻ
text_fieldsമസ്കത്ത്: ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച സ്പെയിനിന്റെ നിലപാട് നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും ശബ്ദം ഉയർത്തിപ്പിടിക്കുന്ന ധീരമായ നിലപാടാണെന്ന് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അഭിപ്രായപ്പെട്ടു. തന്റെ ഔദ്യോഗിക സ്പെയിൻ സന്ദർശനത്തിനിടെ മാഡ്രിഡിലെ മൊൻക്ലോവ പാലസിലെ സ്പാനിഷ് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് ഹെഡ്ക്വാർട്ടേഴ്സിൽ സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം സംസാരിക്കുകയായിരുന്നു സുൽത്താൻ ഹൈതം ബിൻ താരിഖ്.
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച സ്പെയിൻ സർക്കാറിന്റെ നീതിപൂർവ നിലപാടിനെ ഒമാൻ പ്രശംസിക്കുന്നു. ഇതിലൂടെ നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും ധാർമിക നിലപാടാണ് ഉയർത്തിപ്പിടിച്ചത്. മേഖലയിലും ലോകമെമ്പാടും സമാധാനശ്രമങ്ങൾക്ക് മനുഷ്യത്വപരമായ കാരണങ്ങളാൽ പിന്തുണ നൽകുന്ന നൈതിക മാതൃകയാണെന്ന് സ്പെയിൻ തെളിയിച്ചു. ഫലസ്തീൻ ജനതയുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശത്തെ അചഞ്ചലമായി പിന്തുണച്ചതിലും ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങളെ ശക്തമായി അപലപിച്ചതിലും സ്പെയിൻ പ്രധാനമന്ത്രിയോട് സുൽത്താൻ നന്ദി അറിയിച്ചു.
സ്പെയിൻ സർക്കാറിന്റെ ഈ നിലപാട്, അന്താരാഷ്ട്ര സമൂഹം ഫലസ്തീൻ ജനതയോടുള്ള നൈതികവും മാനുഷികവുമായ ഉത്തരവാദിത്വങ്ങൾ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതാണെന്നും അത് ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിനും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള നിയമപരമായ അവകാശത്തിനുമുള്ള പിന്തുണയാണെന്നും സുൽത്താൻ ഹൈതം ബിൻ താരിഖ് വ്യക്തമാക്കി.
സുൽത്താന്റെ സ്പെയിൻ സന്ദർശനത്തിന്റെ ഭാഗമായി മാഡ്രിഡിലെ മൊൻക്ലോവ പാലസിലെ സ്പാനിഷ് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് ഹെഡ്ക്വാർട്ടേഴ്സിൽ ബുധനാഴ്ച രാവിലെ ഉഭയകക്ഷി ചർച്ച നടന്നു. ഒമാനും സ്‌പെയിനും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധങ്ങളുടെ പുരോഗതിയും ഇരുരാജ്യങ്ങളുടെയും സഹകരണത്തിന് പുതിയ വഴികൾ തുറക്കുന്നതിനുള്ള സാധ്യതകളും ചർച്ചയിൽ പരിഗണനാ വിഷയമായി. കൂടാതെ, ഇരുരാജ്യങ്ങളെയും സംബന്ധിക്കുന്ന അന്തർദേശീയ, പ്രാദേശിക വിഷയങ്ങളും ചർച്ച ചെയ്തു.
തുടർന്ന് ഒമാനിന്റെയും സ്‌പെയിനിന്റെയും ഔദ്യോഗിക പ്രതിനിധി സംഘങ്ങളുടെ സാന്നിധ്യത്തിൽ വിശദമായ ചർച്ചാ സെഷൻ അരങ്ങേറി. സുൽത്തനെയും പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്ത സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഇരു രാജ്യങ്ങൾക്കുമിടയിൽ സാംസ്കാരിക, സാങ്കേതിക സഹകരണത്തിൽ പുതിയ സാമ്പത്തിക, നിക്ഷേപ സാധ്യതകൾ തുറക്കാൻ സ്പെയിനിനുള്ള താൽപര്യം ചൂണ്ടിക്കാട്ടി.
തുടർന്ന് സംസാരിച്ച സുൽത്താൻ ഹൈതം ബിൻ താരിഖ്, ഒമാനും സ്‌പെയിനും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ഉറച്ച ബന്ധം പ്രതിഫലിപ്പിക്കുന്നതാണ് ഈ അവസരമെന്നും, നാം പരസ്പര ബന്ധം കൂടുതൽ ശക്തിപ്പെടുത്തി പുതിയൊരു അധ്യായം തുറക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും വ്യക്തമാക്കി. ഒമാനും സ്‌പെയിനും തമ്മിലെ വാണിജ്യ- നിക്ഷേപ മേഖലകളിലുണ്ടായ പുരോഗതി ചൂണ്ടിക്കാട്ടിയ അദ്ദേഹം ഗ്രീൻ ഹൈഡ്രജൻ മേഖലയിൽ സഹകരണം വിപുലീകരിക്കാൻ ഒമാൻ സന്നദ്ധമാണെന്നും അറിയിച്ചു.
ഭക്ഷ്യസുരക്ഷ, ക്ലീൻ എനർജി, അടിസ്ഥാനസൗകര്യങ്ങൾ, ആരോഗ്യ പരിചരണം, സുസ്ഥിര വിനോദസഞ്ചാരം എന്നിവയുള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ ഇരുരാജ്യങ്ങൾക്കിടയിലും സഹകരണം വളര്‍ന്നുവരുന്നുണ്ട്. അക്കാദമിക പങ്കാളിത്തത്തിലൂടെ ഒമാനി വിദ്യാർഥികൾക്ക് സ്പാനിഷ് സർവകലാശാലകളിൽ ലഭിക്കുന്ന വിലമതിക്കാനാവാത്ത അനുഭവങ്ങൾ ഈ ബന്ധത്തെ കൂടുതൽ ദൃഢപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
ഈ കൂടിക്കാഴ്ച ഇരുരാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക സഹകരണത്തിന് പുതിയ വാതിലുകൾ തുറക്കുകയും സുസ്ഥിര പങ്കാളിത്തത്തിനായുള്ള പ്രായോഗിക നടപടികൾക്ക് വഴിയൊരുക്കുകയും ചെയ്യമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ചർച്ചയിൽ ഇരുരാജ്യങ്ങളും ഊർജം, പുനരുയോഗ ഊർജ്ജം, ലോജിസ്റ്റിക്സ്, ഭക്ഷ്യസുരക്ഷ, വ്യവസായം, മത്സ്യകൃഷി, കൃഷി ഉൽപാദനം തുടങ്ങിയ പ്രധാന മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിൽ പരസ്പര ധാരണയിലെത്തി. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഹൈതം ബിൻ താരിഖ് ബുധനാഴ്ച വൈകീട്ട് സ്പെയിനിൽ നിന്ന് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

