6,230 കോടിയുടെ ജീവനാംശം;'നൂറ്റാണ്ടിന്റെ വിവാഹമോചന' കേസിൽ എസ്.കെ. ഗ്രൂപ്പ് മേധാവിക്ക് തിരിച്ചടി
text_fieldsചേ തെയ് വോൺ, മുൻ ഭാര്യ റോ സോ യോങ്
സോൾ: ‘നൂറ്റാണ്ടിലെ വിവാഹമോചനം’ എന്ന വിശേഷണത്തോടെ ദക്ഷിണ കൊറിയയിൽ ഏറെ ചർച്ചയായ കേസിൽ ഭാര്യക്ക് ഭീമമായ തുക നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. ശതകോടീശ്വരനും എസ്.കെ. ഗ്രൂപ്പ് ചെയർമാനുമായ ചേ തെയ് വോൺ മുൻ ഭാര്യയും മുൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ് റോ തേ വൂവിന്റെ മകളായ റോ സോ യോങ്ങിന് 94,400 കോടി വോൺ (ഏകദേശം 6230 കോടി രൂപ) നൽകാനാണ് സോൾ ഹൈകോടതി ഉത്തരവിട്ടത്.
മുൻ ഉത്തരവ് പ്രകാരം 1.38 ലക്ഷം കോടി വോൺ നൽകാനായിരുന്നു നിർദേശം. എന്നാൽ ഈ വിധിക്കെതിരെ ചേ സുപ്രീം കോടതിയെ സമീപിക്കുകയും, വിധിയിലെ ചില ഭാഗങ്ങൾ പുനഃപരിശോധിക്കാൻ ഹൈകോടതിയോട് നിർദേശിക്കുകയും ചെയ്തു. തുടർന്ന് പുതിയ ഉത്തരവിലൂടെ ഇത് 94,400 കോടി വോണായി കോടതി കുറക്കുകയായിരുന്നു. എന്നാൽ ഈ വിധി അന്തിമമല്ല. കാരണം ഇരുവിഭാഗത്തിനും വീണ്ടും സുപ്രീം കോടതിയെ സമീപിക്കാൻ അവസരമുണ്ട്. രാജ്യത്ത് ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച ഈ നിയമപോരാട്ടം 'നൂറ്റാണ്ടിന്റെ വിവാഹമോചനം' എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്.
എസ്.കെ. ഹൈനികസ് ഉൾപ്പെടെയുള്ള ആഗോള ടെക് കമ്പനികളുടെ മാതൃസ്ഥാപനമായ എസ്.കെ. ഗ്രൂപ്പിന്റെ തലവനാണ് 65 കാരനായ ചേ തെയ് വോൺ.1988ൽ ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ബ്ലൂ ഹൗസിൽ വെച്ചായിരുന്നു ചേ തെയ് വോണിന്റെയും റോ സോ യോങ്ങിന്റെയും വിവാഹം നടന്നത്. എന്നാൽ 15 വർഷത്തിലധികമായി ഇവർ വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. ഇരുവർക്കും മൂന്ന് മക്കളുമുണ്ട്. ഇതിനിടെ 2015ൽ ചേ തെയ് വോൺ തനിക്ക് മറ്റൊരു ബന്ധത്തിൽ കുട്ടിയുണ്ടെന്ന് പരസ്യമായി സമ്മതിച്ചതിനെ തുടർന്നാണ് കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ പുറത്തറിയുന്നതും പിന്നീട് നിയമപോരാട്ടത്തിലേക്ക് നയിച്ചതും.
മുമ്പ് വിധിയുണ്ടാക്കിയ സമയത്ത് മുൻ പ്രസിഡന്റ് റോ തെയ് വൂവിന്റെ വകയായുള്ള ഒരു അവിഹിത ഫണ്ട് എസ്.കെ. ഗ്രൂപ്പിന്റെ വളർച്ചക്ക് ഉപയോഗിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇത് നിയമവിരുദ്ധമായ കൈക്കൂലിപ്പണമാണെന്നും അതിനാൽ സ്വത്തുവിഭജനത്തിന് അത് പരിഗണിക്കാനാവില്ലെന്നും കഴിഞ്ഞ ഒക്ടോബറിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ ചോയിയുടെ കമ്പനി ഓഹരികളുടെ മൂല്യത്തിലുണ്ടായ വൻ വർധനവും കോടതി കണക്കിലെടുത്തു.
വിവാഹജീവിതക്കാലത്ത് ചോയിയുടെ ബിസിനസ്സ് പ്രവർത്തനങ്ങളും മാനേജ്‌മെന്റ് മികവുമാണ് കമ്പനിയുടെ വളർച്ചക്ക് കാരണമെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിലും കുട്ടികളെ നോക്കുന്നതിലും എസ്.കെ. ഗ്രൂപ്പുമായി ബന്ധപ്പെട്ട പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിലും മുൻ ഭാര്യ റോ സോ-യൊങ് നൽകിയ സംഭാവനകളും കോടതി അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികളുടെ സംയുക്ത ആസ്തിയുടെ മൂന്നിലൊന്ന് ഭാഗം (35 ശതമാനത്തോളം) റോ റോ സോ യോങ്ങിന് നൽകാൻ കോടതി ഉത്തരവിട്ടത്.
സമീപമാസങ്ങളിലായി ചേയുടെ ആസ്തിയിൽ വൻകുതിപ്പാണുണ്ടായത്. ആഗോളതലത്തിൽ എ.ഐ. രംഗത്തുണ്ടായ കുതിപ്പിനെത്തുടർന്ന് എസ്.കെ. ഗ്രൂപ്പിനുകീഴിലെ സെമികണ്ടക്ടർ സ്ഥാപനമായ എസ്.കെ. ഹൈനിക്‌സിന്റെ ഓഹരിയിൽ വലിയ വളർച്ചയുണ്ടായി. എ.ഐ. ഭീമനായ എൻവിഡിയക്ക് മെമ്മറി ചിപ്പുകൾ നൽകുന്ന എസ്.കെ. ഹൈനിക്‌സിന്റെ ബിസിനസ്സ് വളർച്ചയുടെ കരുത്തിൽ, എസ്.കെ. ഗ്രൂപ്പിലെ ചേയുടെ ഓഹരി പങ്കാളിത്തത്തിന് ഇപ്പോൾ ഏകദേശം 550 കോടി ഡോളറിന്റെ മൂല്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

