ബഹിരാകാശ റോക്കറ്റ് വീണ്ടും വിക്ഷേപിച്ച് ദക്ഷിണ കൊറിയ
text_fieldsസോൾ: ആദ്യ വിക്ഷേപണ ശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടാമത്തെ ശ്രമത്തിൽ തദ്ദേശീയമായി നിർമിച്ച ബഹിരാകാശ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ദക്ഷിണ കൊറിയ. കൊറിയയിലെ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് പ്രദേശിക സമയം വൈകീട്ട് നാലോടെയാണ് 'നൂറി' റോക്കറ്റ് വിക്ഷേപിച്ചത്.
ഇത് ബഹിരാകാശ അധിഷ്ഠിത നിരീക്ഷണ സംവിധാനവും വലിയ മിസൈലുകളും നിർമിക്കുന്ന സാങ്കേതികവിദ്യക്ക് പ്രാപ്തമായെന്നതിന്റെ തെളിവാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഒക്ടോബറിലാണ് ആദ്യ ശ്രമം നടന്നത്. റോക്കറ്റിന്റെ ഡമ്മി പേലോഡ് 700 കിലോമീറ്റർ ഉയരത്തിൽ എത്തിയെങ്കിലും മൂന്നാം ഘട്ടത്തിലെ എൻജിൻ നിശ്ചയിച്ചതിലും നേരത്തെ കത്തിയതിനാൽ ഭ്രമണപഥത്തിൽ കടന്നില്ല. രണ്ടാം വിക്ഷേപണം വിജയകരമായാൽ ബഹിരാകാശത്ത് സ്വന്തം സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഉപഗ്രഹം സ്ഥാപിക്കുന്ന ലോകത്തിലെ പത്താമത്തെ രാജ്യമായി ദക്ഷിണ കൊറിയ മാറും.

