ഉത്തരകൊറിയൻ യുദ്ധത്തടവുകാരുടെ കൈമാറ്റം പരസ്യമാക്കിയതിൽ അതൃപ്തി; യുക്രെയ്ൻ മാപ്പ് പറയണമെന്ന് ദക്ഷിണ കൊറിയ
text_fieldsസോൾ: രണ്ട് ഉത്തരകൊറിയൻ യുദ്ധത്തടവുകാരെ ദക്ഷിണ കൊറിയക്ക് കൈമാറിയ വിവരം യുക്രെയ്ൻ പരസ്യപ്പെടുത്തുകയും, ഇക്കാര്യത്തിൽ ധാരണാ ലംഘനം നടത്തി എന്ന് വ്യാജമായി നിഷേധിക്കുകയും ചെയ്ത സംഭവത്തിൽ ഔദ്യോഗികമായി വിശദീകരണവും മാപ്പും നൽകണമെന്നാവശ്യപ്പെട്ട് ദക്ഷിണ കൊറിയ.
രഹസ്യസ്വഭാവം പാലിക്കാനുള്ള കരാർ ലംഘിച്ച് യുക്രെയ്ൻ ഏകപക്ഷീയമായി വിവരം പുറത്തുവിട്ടതിലും, അത്തരമൊരു രഹസ്യധാരണ ഇല്ലായിരുന്നു എന്ന് പിന്നീട് വ്യാജപ്രസ്താവന ഇറക്കിയതിലും പ്രസിഡന്റിന്റെ ഓഫീസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ദക്ഷിണ കൊറിയയുടെ പബ്ലിക് റിലേഷൻസ് സീനിയർ സെക്രട്ടറി സോങ് ഗി-ഹോങ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഈ വിഷയത്തിൽ ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കുന്നത് സർക്കാർ ആലോചിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തടവുകാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വിവിധ മാർഗ്ഗങ്ങളിലൂടെ യുക്രെയ്ൻ സോളുമായി നടത്തിയിരുന്നതായും, വിവരം പുറത്തുവന്നാൽ തടവുകാരെ യുക്രെയ്ൻ തടവുകാരുമായി കൈമാറ്റം ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടുവെന്ന തരത്തിലുള്ള ആഭ്യന്തര വിമർശനങ്ങൾ ഉണ്ടാകുമെന്ന് ഭയന്ന് അവർ തന്നെയാണ് രഹസ്യാത്മകത ആവശ്യപ്പെട്ടതെന്നും സോങ് വ്യക്തമാക്കി. തടവുകാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷ ഉൾപ്പെടെയുള്ള നയതന്ത്ര, മാനുഷിക കാര്യങ്ങൾ മുൻനിർത്തിയാണ് ഈ കൈമാറ്റം രഹസ്യമായി സൂക്ഷിക്കാൻ ദക്ഷിണ കൊറിയ സമ്മതിച്ചത്.
എന്നാൽ മുൻകൂട്ടി ആവശ്യമായ കൂടിയാലോചനകൾ നടത്താതെ, ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിനിടയിൽ യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്‌കി ഈ കൈമാറ്റ വിവരം പരസ്യപ്പെടുത്തുകയായിരുന്നു എന്ന് പ്രസ്താവനയിൽ പറയുന്നു. മാത്രമല്ല, അത്തരമൊരു രഹസ്യധാരണ ഉണ്ടായിരുന്നില്ലെന്ന് പിന്നീട് യുക്രെയ്ൻ നിഷേധിക്കുകയും ചെയ്തു. ഈ പ്രവൃത്തി ഇരു സർക്കാരുകൾക്കുമിടയിലുള്ള പരസ്പര വിശ്വാസത്തെ ഗുരുതരമായി ബാധിച്ചതായും, ഉഭയകക്ഷി ബന്ധത്തെത്തന്നെ ഇത് ദോഷകരമായി ബാധിക്കുമെന്നും സോങ് മുന്നറിയിപ്പ് നൽകി. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ സോളിലെ യുക്രെയ്ൻ എംബസി തയാറായിട്ടില്ല.
റഷ്യക്കെതിരായ യുദ്ധത്തിനിടെ 2025ൽ റഷ്യയിലെ കുർസ്ക് മേഖലയിൽ വെച്ചാണ് യുക്രെയ്ൻ ഈ രണ്ട് ഉത്തരകൊറിയൻ സൈനികരെ പിടികൂടിയത്. 2024ൽ പ്യോങ്യാങ് റഷ്യൻ യുദ്ധത്തിൽ പങ്കുചേർന്നതിനുശേഷം ജീവനോടെ പിടികൂടിയ ആദ്യത്തെ ഉത്തരകൊറിയൻ സൈനികരായിരുന്നു ഇവർ. തടവുകാരുടെ സുരക്ഷ മുൻനിർത്തി ഇവരുടെ വരവിനെക്കുറിച്ച് സംസാരിക്കാൻ ദക്ഷിണ കൊറിയ ഇതുവരെ തയാറായിരുന്നില്ല. പിന്നീട് ദക്ഷിണ കൊറിയയിലേക്ക് പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിൽ ഈ കൈമാറ്റ ചർച്ചകൾ നടന്നത്. ഉത്തരകൊറിയയുമായി സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ ദക്ഷിണ കൊറിയ ശ്രമിക്കുന്നതിനിടയിലാണ് ഈ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

