ഒറ്റ പ്രസവത്തിൽ പത്ത് കുഞ്ഞുങ്ങൾ; ലോക റെക്കോർഡിലേക്ക് ഈ ദക്ഷിണാഫ്രിക്കൻ വീട്ടമ്മ
text_fieldsദക്ഷിണാഫ്രിക്കൻ വീട്ടമ്മ ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായി റിപ്പോർട്ട്. 37കാരിയായ ഗോസിയാമെ തമാരാ സിതോൾ ആണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച ശേഷം ലോക റെക്കോർഡായി പ്രഖ്യാപിക്കുമെന്ന് ഗിന്നസ് ബുക്ക് അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസം ഒറ്റ പ്രസവത്തിൽ ഒമ്പത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ മൊറോക്കോയിലെ മലിയാൻ ഹലീമ സിസ്സെയുടെ പേരിലാണ് നിലവിലെ റെക്കോർഡ്.
എട്ട് കുട്ടികളുണ്ടാകുമെന്നായിരുന്നു സിതോളിന്‍റെ സ്‌കാനിങ് റിപ്പോര്‍ട്ട്. എന്നാൽ, ഏഴ് മാസവും ഏഴ് ദിവസവും ആയപ്പോൾ അവർ പത്ത് കൺമണികൾക്ക് ജന്മം നൽകുകയായിരുന്നു. ഏഴ് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് സിസേറിയനിൽ ജനിച്ചത്. ഇവർക്ക് ആറ് വയസ്സുള്ള ഇരട്ടകുട്ടികളുമുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഗോതെംഗ് സ്വദേശിയായ സിതോള്‍ ഗര്‍ഭസംബന്ധമായ ചികിത്സകളൊന്നും തേടിയിരുന്നില്ലെന്ന് ഭർത്താവ് തെബോഹോ സുതെത്‌സി പറഞ്ഞു. 'ഞാനാകെ സന്തോഷത്തിലാണ്. ഞാനാകെ വികാരാധീനനാണ്'- അദ്ദേഹം പറഞ്ഞു.
എട്ട് കുഞ്ഞുങ്ങളുണ്ടാകുമെന്ന് സ്‌കാനിങിന് ശേഷം ഡോക്ടര്‍ പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് സിതോൾ പറയുന്നു. അത്രയും കുഞ്ഞുങ്ങളെ എങ്ങനെ വയര്‍ ഉള്‍ക്കൊള്ളും, അവര്‍ അതിജീവിക്കുമോ, പൂര്‍ണ വളര്‍ച്ചയുണ്ടാകുമോ, കൈകളോ തലയോ ഉടലോ കൂടിച്ചേർന്നായിരിക്കുമോ കുട്ടികള്‍ പിറക്കുക എന്നൊക്കെ ഭയപ്പെട്ടിരുന്നു. കുഞ്ഞുങ്ങളെ ഉള്‍ക്കൊള്ളാന്‍ വയര്‍ സ്വയം വികസിക്കുന്നുണ്ടെന്ന് പറഞ്ഞ് ഡോക്ടര്‍ ധൈര്യം നൽകി. 'ഒരു സങ്കീര്‍ണതയുമില്ലാത കുഞ്ഞുങ്ങള്‍ വയറ്റിനുള്ളില്‍ കഴിഞ്ഞു. ദൈവത്തിന്‍റെ അത്ഭുത പ്രവൃത്തിയാണത്' -സിതോൾ പറഞ്ഞു.
ഇങ്ങനെയൊരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും 10 കുഞ്ഞുങ്ങളുടെ ജനനം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ അത് റെക്കോര്‍ഡ് തന്നെയാകുമെന്നും ഗിന്നസ് ബുക്ക് വക്താവ് വ്യക്തമാക്കി. 'കുടുംബത്തെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. അമ്മയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിനാണ് മുന്‍ഗണന. അതിനുശേഷം ഔദ്യോഗികമായി സ്ഥിരീകരിച്ച് റെക്കോര്‍ഡായി പ്രഖ്യാപിക്കും'- അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

