'ട്രംപിനെ പിന്തുണച്ചതിന് മാപ്പ്: ഇറാനുമായുള്ള യുദ്ധം അമേരിക്കയുടെ ഏറ്റവും വലിയ തോൽവി, യു.എസിന് ഇസ്രായേൽ ഭീഷണി'; ആവർത്തിച്ച് ടക്കർ കാൾസൺ
text_fieldsടക്കർ കാൾസൺ
ലണ്ടൻ: ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ടക്കർ കാൾസൺ വീണ്ടും രംഗത്ത്. തന്റെ പോഡ്‌കാസ്റ്റ് പരമ്പരയിലൂടെയാണ് ട്രംപ് ഭരണകൂടത്തിന് ഏറ്റവും വലിയ ഭീഷണി ഇസ്രായേലാണെന്ന് കാൾസൺ തുറന്നടിച്ചത്. ഏറെ നാളത്തെ മൗനത്തിന് ശേഷമാണ് ട്രംപ് ഇക്കാര്യം തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പരിഹസിച്ചു.
ഇറാനുമായുള്ള യുദ്ധം അമേരിക്കയുടെ പരാജയം തന്നെയാണെന്നും കാൾസൺ വിശേഷിപ്പിച്ചു. ഇസ്രായേലിന്റെ താൽപ്പര്യങ്ങൾക്കായി അമേരിക്കയെ ഇറാനുമായുള്ള യുദ്ധത്തിലേക്ക് മനഃപൂർവ്വം വലിച്ചിഴക്കുകയായിരുന്നുവെന്നും, ലബനനെതിരായ മറ്റൊരു യുദ്ധത്തിന് ഇതിനെ മറയാക്കിയെന്നും അദ്ദേഹം ആരോപിച്ചു. യുദ്ധത്തിലൂടെ ഒരു സൈനിക പരിഹാരവും സാധ്യമല്ലെന്ന് ട്രംപും യുഎസ് സൈന്യവും വൈകിയാണെങ്കിലും മനസ്സിലാക്കിയിട്ടുണ്ട്. യുദ്ധം തുടരുന്നത് ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് ട്രംപ് തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ, അതിൽ നിന്ന് പിന്മാറുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നും കാൾസൺ ചൂണ്ടിക്കാട്ടി.
നേരത്തെ റിപ്പബ്ലിക്കൻ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി കാൾസൺ പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ പൗരന്മാരുടെ താൽപ്പര്യത്തേക്കാൾ ഉപരിയായി വിദേശ രാജ്യങ്ങളുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന പാർട്ടിയെ പിന്തുണയ്ക്കാൻ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിനെ പിന്തുണച്ചതിന് താൻ ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്നും, അദ്ദേഹം രാജ്യത്തെ വഴിതെറ്റിക്കുകയാണെന്നും കാൾസൺ ആവർത്തിച്ചു.
ഇറാൻ വിഷയത്തിൽ ഉടലെടുത്ത അഭിപ്രായവ്യത്യാസം അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ അലയൊലികളാണ് സൃഷ്ടിക്കുന്നത്. ട്രംപുമായുള്ള കാൾസന്റെ പരസ്യമായ പോര് റിപ്പബ്ലിക്കൻ പാർട്ടിയിലെ ഭിന്നതകളെ വീണ്ടും പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. വരാനിരിക്കുന്ന മിഡ്‌ടെം തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ പിന്തുണയ്ക്കേണ്ടതില്ലെന്ന കാൾസന്റെ നിലപാട് ട്രംപ് പക്ഷത്തിന് വലിയ തിരിച്ചടിയാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

