കുടിയേറ്റക്കാരുടെ മക്കൾ: ലോകത്തിലെ രണ്ട് മഹാനഗരങ്ങളിൽ മുന്നേറുന്ന സാദിഖ് ഖാനും സൊഹ്‌റാൻ മംദാനിയും
text_fieldsന്യൂയോർക്ക്: ഏകദേശം ഒരു പതിറ്റാണ്ട് മുമ്പത്തെ രാഷ്ട്രീയ പ്രക്ഷുബ്ധതയുടെ വേളയിലാണ് പ്രത്യാശാഭരിതരും ഇടതുപക്ഷ ചായ്‌വുള്ളവരുമായ രണ്ട് മുസ്‍ലിം ചെറുപ്പക്കാരുടെ രാഷ്ട്രീയ, ലോകവീക്ഷണങ്ങൾ രൂപപ്പെട്ടത്.
2016 മെയ് മാസത്തിൽ, ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽ നിന്ന് പിന്മാറാൻ വോട്ട് ചെയ്തതോടെ സാദിഖ് ഖാൻ ലണ്ടൻ മേയറായി അരങ്ങേറ്റം കുറിച്ചു. അതേവർഷം, വെർമോണ്ടിലെ സെനറ്റർ ബേണി സാൻഡേഴ്‌സിന്റെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം ഈ വർഷത്തെ ന്യൂയോർക്ക് മേയർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാർഥിയായ സൊഹ്‌റാൻ മംദാനിക്ക് രാഷ്ട്രീയത്തിലേക്കുള്ള പാതവെട്ടി. സെനറ്റർ ജനാധിപത്യ സോഷ്യലിസത്തെ അഴിച്ചുവിട്ടതിൽനിന്ന് ഊർജംകൊണ്ട പുരോഗമന പ്രവർത്തകരുടെ ഒരു തലമുറ വളർന്നു വന്നു. അതിന്റെ ഭാഗമായി പുരോഗമന ഇടതുപക്ഷത്തിന്റെ അജണ്ടയെ അഭിമാനത്തോടെ പിന്തുണക്കുന്നയാളാണ് മംദാനി. ഖാൻ ആവട്ടെ ഒരു മധ്യ-ഇടതുപക്ഷക്കാരനായി ലണ്ടൻ മേയറായി ഭരണം നയിക്കുന്നു.
ചൊവ്വാഴ്ച ന്യൂയോർക്ക് മേയറായി മംദാനി തെരഞ്ഞെടുക്കപ്പെടുന്നപക്ഷം, ലിബറൽ-മുസ്‍ലിം കുടിയേറ്റക്കാരുടെ ഈ രണ്ടു മക്കളായിരിക്കും ബ്രിട്ടനിലെയും യു.എസിലെയും രണ്ട് വലിയ നഗരങ്ങളെ നയിക്കുക.
ഇരുവരും തങ്ങളുടെ രാജ്യങ്ങളിലെ വലതുപക്ഷ പ്രവണതയെ ചെറുത്തുനിന്നുകൊണ്ടാണ് അധികാരത്തിലേക്കുള്ള വഴി വെട്ടിയത്. അമേരിക്കയിലും യൂറോപ്പിലും അതിനപ്പുറത്തും ഉടനീളം വളർന്നുവന്ന ദേശീയവാദ, വിദ്വേഷ പ്രസ്ഥാനങ്ങളിൽ നിന്ന് ഇരുവരും ഒരേ തരത്തിലുള്ള ആക്രമണങ്ങൾ നേരിട്ടു.
2016ൽ ആദ്യമായി വിജയിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്രൂരമായ ആക്രമണങ്ങൾക്ക് ഇരുവരും ഇരയായി. മംദാനിയെ ‘ശുദ്ധ കമ്യൂണിസ്റ്റ്’ എന്നും ഖാനെ ‘വൻ തോൽവി’യെന്നും എന്നും ട്രംപ് ആക്ഷേപിച്ചു. രണ്ടു പേരുടെയും വിജയങ്ങൾ പാശ്ചാത്യ നാഗരികതയുടെ അന്ത്യത്തിന്റെ സൂചനയായാണ് ട്രംപിന്റെ അനുയായികളും കരുതുന്നത്.
ഖാനും മംദാനിയും തമ്മിലുള്ള ഏറ്റവും വലിയ സാമ്യം, ഇരു രാജ്യങ്ങളിലെയും വലതുപക്ഷത്തെ പ്രതിരോധിക്കുന്നുവെന്നതാണ്. തങ്ങളുടെ പ്രചാരണങ്ങളിൽ ഫലസ്തീനികളെക്കുറിച്ചും ഗസ്സയിലെ യുദ്ധത്തെക്കുറിച്ചും എന്ത് പറയണമെന്നതിൽ വോട്ടർമാരിൽ നിന്നും ജനങ്ങളിൽനിന്നും ഏറെ സമ്മർദ്ദങ്ങൾ നേരിട്ടിട്ടുണ്ട് ഇരുവരും.
‘തീവ്ര വലതുപക്ഷക്കാരുടെ പ്രക്ഷോഭത്തിന്റെ അന്തരീക്ഷത്തിലാണ് രണ്ടു രാജ്യങ്ങളും. എന്നിട്ടും, പുരോഗമനപരമായി മുന്നോട്ട് നയിക്കാൻ അതാത് നഗരങ്ങളുടെ ശക്തി ഉപയോഗിക്കാൻ ശ്രമിക്കുന്ന സാദിഖും സൊഹ്‌റാനും അസാധാരണ മനുഷ്യരും പ്രചോദനം പകരുന്നവരുമാണെ’ന്ന് ലണ്ടൻ ആസ്ഥാനമായുള്ള പുരോഗമന ചിന്താഗതിക്കാരായ ‘38 ഡിഗ്രിസി’ന്റെ ചീഫ് എക്സിക്യൂട്ടിവ് മാത്യു മക്ഗ്രെഗർ വാക്കുകളിലൂടെ ഇവരുടെ പൊതുസ്വീകാര്യത വെളിപ്പെടുന്നു.
അവരുടെ രാഷ്ട്രീയ വീക്ഷണങ്ങളും സമാനമാണ്. ലണ്ടിനെ താങ്ങാനാവുന്ന ഭവന നിർമാണം, പൊതുഗതാഗതം, ഗതാഗതക്കുരുക്ക് നിയന്ത്രിക്കൽ, വായുവിന്റെ ഗുണനിലവാരം സംരക്ഷിക്കൽ തുടങ്ങിയ പരിസ്ഥിതി സംരംഭങ്ങളിലാണ് ഖാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ന്യൂയോർക്ക് നഗരത്തിൽ ജീവിതച്ചെലവ് താങ്ങാനാവാത്ത സാധാരണക്കാരെ കേന്ദ്രീകരിച്ചുള്ളതാണ് മംദാനിയുടെ പ്രചാരണം.
എന്നാൽ, പല കാര്യത്തിലും മംദാനിയും ഖാനും സമാനതകളുള്ളതുപോലെ വ്യത്യസ്തരുമാണ്. പാകിസ്താനിൽ നിന്നുള്ള തൊഴിലാളിവർഗ കുടിയേറ്റ മാതാപിതാക്കളുടെ മകനായി ലണ്ടനിൽ ജനിച്ച ഖാൻ, ഏഴ് സഹോദരങ്ങളോടൊപ്പം കുടിയേറ്റക്കാർക്കുള്ള പൊതുവായ പാർപ്പിട സമുച്ചയത്തിലാണ് താമസിച്ചത്. രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവിന് പ്രചോദനമായ ഒരു അനുഭവമായിരുന്നു ആ ജീവിതം നൽകിയത്. കുട്ടിക്കാലത്ത് ഉഗാണ്ടയിൽ നിന്ന് യു.എസിലേക്ക് കുടിയേറിയ മംദാനി, ഒരു യൂനിവേഴ്സിറ്റി പ്രഫസറുടെയും ചലച്ചിത്ര നിർമാതാവിന്റെയും മകനാണ്. പിതാവിന്റെ അധ്യാപനങ്ങളും രചനകളും അദ്ദേഹത്തിന്റെ ജനാധിപത്യ സോഷ്യലിസ്റ്റ് സ്വത്വം രൂപപ്പെടാൻ സഹായിച്ചു.
ഇരുവരും വ്യത്യസ്ത തലമുറകളിൽ നിന്നുള്ളവരുമാണ്. രാജ്യത്തെ ലേബർ പാർട്ടിയിൽ നിന്നുള്ള വ്യക്തിത്വമായി രണ്ട് പതിറ്റാണ്ടിലേറെയായി 55 കാരനായ ഖാൻ രാഷ്ട്രീയ രംഗത്തുണ്ട്. എന്നാൽ, ഇക്കഴിഞ്ഞ ജൂണിലാണ് ന്യൂയോർക്കിലെ വോട്ടർമാരെക്കുറിച്ചുള്ള അനുമാനങ്ങളെയെല്ലാം തകിടം മറിക്കുന്ന പ്രൈമറി വിജയം നേടി 34 കാരനായ മംദാനി ഉയർന്നുവന്നത്. ബഹുസ്വര സഖ്യത്തിന് അദ്ദേഹം വഴിവെട്ടിയത് യുവ ഇടതുപക്ഷ വോട്ടർമാരെ ഏറെ പ്രചോദിപ്പിക്കുകയുണ്ടായി. ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ സൊഹ്‌റാൻ അധികാരത്തിൽ എത്തിക്കഴിഞ്ഞാൽ അത് ഒരു പ്രാദേശിക മേയർ റോൾ മാത്രമായിരിക്കില്ല, ഒരു ആഗോള പ്രതിച്ഛായ ഉള്ള റോളായിരിക്കുമെന്നാണ് നിരീക്ഷകപക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

