ഒരു മകന്റെ ജീവൻ കൂടി ഇസ്രായേലെടുത്തു; വേദന താങ്ങാനാകാതെ അൽജസീറ മാധ്യമപ്രവർത്തകൻ
text_fieldsജറൂസലം: കുടുംബ വേരുകൾ ഒന്നൊന്നായി ഇസ്രായേൽ അറുത്തുമാറ്റുന്നത് നിസ്സഹായനായി നോക്കിനിൽക്കാനേ ആ മാധ്യമ പ്രവർത്തകന് കഴിഞ്ഞുള്ളൂ. ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ അൽജസീറ മാധ്യമപ്രവർത്തകന്റെ മകനുമുണ്ടായിരുന്നു. അൽജസീറ ഗസ്സ ബ്യൂറോ ചീഫ് വഈൽ ദഹ്ദൂഹിന്റെ മകൻ ഹംസ ദഹ്ദൂഹ് ആണ് കൊല്ലപ്പെട്ടത്.
27വയസുള്ള ഹംസ ഫോട്ടോ ജേണലിസ്റ്റായിരുന്നു. കാറിൽ സഞ്ചരിക്കവെയാണ് വ്യോമാക്രമണത്തിൽ ഹംസ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ മുസ്തഫ തുറായയും മരിച്ചു. ഖാൻ യൂനിസിന്റെ പടിഞ്ഞാറ് ഭാഗത്ത് നടന്ന ആക്രമണത്തിൽ രണ്ട് മാധ്യമപ്രവർത്തകർ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ഇതോടെ ഇസ്രായേൽ ആക്രമണത്തിൽകൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 109 ആയി.52 കാരനായ വഈലിന് ഗസ്സയുദ്ധത്തിൽ ഭാര്യയെയും മകളെയും മറ്റൊരു മകനെയും പേരക്കുട്ടിയെയും നഷ്ടപ്പെട്ടിരുന്നു.
അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ജെനിനിൽ ഇസ്രായേലിന്റെ ഡ്രോൺ ആക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്‍തീനികളുടെ എണ്ണം ഇതോടെ 22,722 ആയി. ഒക്ടോബർ ഏഴിനാണ് ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടങ്ങിയത്. 1139 ഇസ്രായേൽ പൗരൻമാരാണ് ഹമാസിന്റെ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിനു മറുപടിയായാണ് ഇസ്രായേൽ ആക്രമണം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

