മെഡ്ലീൻ കപ്പലിലെ ആക്ടിവിസ്റ്റുകളെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്ന് ഇസ്രായേൽ
text_fieldsതെൽ അവിവ്: ഗസ്സയിലേക്കുള്ള യാത്രക്കിടെ തടഞ്ഞ് കസ്റ്റഡിയിലെടുത്ത മെഡ്ലീൻ കപ്പലിലെ യാത്രക്കാരായ ആക്ടിവിസ്റ്റുകളെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഏതാനും പേരെ ഉടൻ തന്നെ തിരിച്ചയക്കും. ഇവരെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലെത്തിച്ചിരിക്കുകയാണ്. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗ് അടക്കമുള്ള 12 ആക്ടിവിസ്റ്റുകളെയാണ് ഇസ്രായേൽ സൈന്യം കപ്പൽ പിടിച്ചെടുത്ത് കസ്റ്റഡിയിലെടുത്തത്.
മാസങ്ങളായി ഉപരോധം നേരിടുന്ന ഗസ്സയിലേക്ക് സഹായവസ്തുക്കളുമായി പോയ കപ്പലിനെ 'സെൽഫി യാനം' എന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പരിഹസിച്ച് വിളിച്ചത്. കസ്റ്റഡിയിലെടുത്തവരുടെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇവരെ വിമാനത്താവളത്തിൽ സന്ദർശിച്ചെന്ന് ഇസ്രായേൽ അറിയിച്ചു. നാടുകടത്തൽ രേഖകളിൽ ഒപ്പിട്ട് രാജ്യംവിടാൻ തയാറാകാത്തവരെ കോടതിയിൽ ഹാജരാക്കി നാടുകടത്താനുള്ള നടപടി സ്വീകരിക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
കടൽ ഉപരോധം ലംഘിക്കരുതെന്ന മുന്നറിയിപ്പിന് പിന്നാലെ തിങ്കളാഴ്ച പുലർച്ച മൂന്നോടെയാണ് ഇസ്രായേൽ നാവിക സേനയും അതിർത്തി സുരക്ഷസേനയും മെഡ്ലീൻ കപ്പൽ പിടിച്ചെടുത്തത്. കപ്പൽ ഇസ്രായേലിലെ അഷ്ദോദ് തുറമുഖത്തേക്ക് മാറ്റുകയും ചെയ്തു.
ഇസ്രായേൽ തുടരുന്ന കടുത്ത ഉപരോധം മറികടന്ന് സഹായം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഫ്രീ ഗസ്സ മൂവ്മെന്റിന്റെ ഗസ്സ ഫ്രീഡം ഫ്ലോട്ടിലയാണ് ഗസ്സയിലേക്ക് യാത്ര സംഘടിപ്പിച്ചത്. കപ്പലിൽ സൈന്യം അതിക്രമിച്ചു കയറിയതായും നിരായുധരായ യാത്രക്കാരെ തട്ടിക്കൊണ്ടുപോയതായും ഗസ്സ ഫ്രീഡം ഫ്ലോട്ടില പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. കുഞ്ഞുങ്ങൾക്കടക്കമുള്ള ഭക്ഷ്യവസ്തുക്കളും മരുന്നും പിടിച്ചെടുത്തെന്നും അവർ വ്യക്തമാക്കി. ഗസ്സ തീരത്തുനിന്ന് 200 കിലോമീറ്റർ അകലെയാണ് കപ്പൽ തടഞ്ഞത്. മെഡ്ലീൻ പിടിച്ചെടുത്തതിൽ സ്പെയിൻ വിദേശകാര്യ മന്ത്രാലയം ഇസ്രായേൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.