‘ഗസ്സയിലെ ഭീകരത നിർത്തൂ’ -നെതന്യാഹുവിനോട് 1000 ഇസ്രായേലി സാംസ്കാരിക പ്രവർത്തകർ; ഗസ്സയിലെ വിശന്നൊട്ടിയ കുഞ്ഞുങ്ങളുടെ ചിത്രവുമായി തെൽഅവീവിൽ പ്രകടനം
text_fieldsഗസ്സയിലെ വിശന്നൊട്ടിയ കുഞ്ഞുങ്ങളുടെ ചിത്രവുമായി തെൽഅവീവിൽ നടന്ന യുദ്ധവിരുദ്ധ പ്രകടനം
തെൽ അവീവ്: ഗസ്സയിലെ ഭീകരത നിർത്തണമെന്ന ആഹ്വാനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് തുറന്ന കത്തുമായി 1000 ഇസ്രായേലി സാംസ്കാരിക പ്രവർത്തകർ. ‘ഗസ്സയിലെ ഭീകരത നിർത്തൂ’ എന്ന തലക്കെട്ടിലുള്ള നിവേദനത്തിൽ ഗസ്സക്കാരെ ഇസ്രായേൽ മനഃപൂർവ്വം പട്ടിണിക്കിടുകയും നിരപരാധികളായ ഫലസ്തീനികളെ കൊല്ലുകയും ചെയ്യുന്നുവെന്നും തുറന്നടിച്ചു.
‘കുട്ടികളെയും സാധാരണക്കാരെയും കൊല്ലൽ, പട്ടിണിക്കിടൽ, കൂട്ട കുടിയിറക്കൽ, മുഴുവൻ നഗരങ്ങളെയും നശിപ്പിക്കൽ തുടങ്ങി നമ്മുടെ മൂല്യങ്ങൾക്കെല്ലാം വിരുദ്ധമായാണ് ഗസ്സയിൽ നമ്മുടെ സർക്കാർ ഭയാനകമായ പ്രവർത്തനങ്ങൾ നടതുന്നത്. ഇതിൽ ഞങ്ങൾ കൂടി പങ്കാളികളാകുന്നതായാണ് വിലയിരുത്തൽ. ഈ യുദ്ധം അവസാനിപ്പിക്കണം’ -നിവേദനത്തിൽ വ്യക്തമാക്കി.
നിയമവിരുദ്ധമായ ഉത്തരവുകൾ അനുസരിക്കരുതെന്നും യുദ്ധക്കുറ്റങ്ങൾ ചെയ്യാതിരിക്കണമെന്നും യുദ്ധത്തിൽ പങ്കെടുക്കുന്നവരോട് ഇവർ ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിച്ച് എല്ലാ ബന്ദികളെ തിരികെ കൊണ്ടുവരാനും പ്രസ്താവന ആഹ്വാനം ചെയ്തു.
ഗായകരായ ചാവ ആൽബർസ്റ്റൈൻ, ഗിഡി ഗോവ്, ജാസ് ആർട്ടിസ്റ്റ് അവിഷായ് കോഹൻ, എഴുത്തുകാരായ ഡേവിഡ് ഗ്രോസ്മാൻ, എറ്റ്ഗാർ കെരറ്റ്, നാടകകൃത്ത് യെഹോഷുവ സോബോൾ, നടി ഹന്ന ലാസ്ലോ, ആനിമേറ്റർ ഡേവിഡ് പോളോൺസ്കി, നൃത്തസംവിധായകൻ ഒഹാദ് നഹാരിൻ തുടങ്ങി ഇസ്രായേലിലെ സാഹിത്യ സാംസ്കാരിക മേഖലയിലെ തലയെടുപ്പുള്ള പ്രമുഖരാണ് ഒപ്പിട്ടവരിൽ അധികവും.
ഗസ്സയിലെ ഇസ്രായേൽ അതിക്രമത്തെ ‘വംശഹത്യ’ എന്ന് വിശേഷിപ്പിച്ച് പ്രമുഖ ഇസ്രായേലി എഴുത്തുകാരൻ ഡേവിഡ് ഗ്രോസ്മാൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇറ്റാലിയൻ ദിനപത്രമായ ‘ലാ റിപ്പബ്ലിക്ക’യുമായുള്ള അഭിമുഖത്തിലാണ് അതിശക്തമായ വേദനയോടെയും തകർന്ന ഹൃദയത്താലും ‘വംശഹത്യ’ എന്ന പദംതാൻ ഉപയോഗിക്കുന്നുവെന്ന് ഡേവിഡ് ഗ്രോസ്മാൻ പറഞ്ഞത്. ഗസ്സയിൽ വ്യാപക പട്ടിണിയെക്കുറിച്ചുള്ള ആഗോള ആശങ്കയും രോഷവും ഉയരുന്നതിനിടയിലാണ് ഗ്രോസ്മാന്റെ അഭിപ്രായം.
‘വർഷങ്ങളോളം വംശഹത്യ എന്ന ആ പദം ഉപയോഗിക്കാൻ ഞാൻ വിസമ്മതിച്ചു. എന്നാലിപ്പോൾ, ഞാൻ കണ്ട ചിത്രങ്ങൾക്ക് ശേഷവും അവിടെ ഉണ്ടായിരുന്ന ആളുകളുമായി സംസാരിച്ചതിനു ശേഷവും എനിക്ക് അത് ഉപയോഗിക്കാതിരിക്കാൻ കഴിയില്ല.’-ഇസ്രായേലിന്റെ പരമോന്നത സാഹിത്യ പുരസ്കാര ജേതാവു കൂടിയായ ഗ്രോസ്മാൻ പറഞ്ഞു.
ഹോളോകോസ്റ്റ് നേരിട്ട ജനതയോടുള്ള അനുതാപം അടങ്ങുന്ന ധാർമിക പ്രതിബദ്ധത, ജൂതന്മാരോട് മാത്രമല്ല എല്ലാ മനുഷ്യരോടും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലികൾക്കും ഫലസ്തീനികൾക്കും ‘അധികാരത്തിന്റെ പ്രലോഭനത്തെ ചെറുക്കാൻ’ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.
1967ലെ ആറു ദിന യുദ്ധത്തിലെ വിജയത്തെത്തുടർന്ന്, ഇസ്രായേൽ സൈനികമായി വളരെ ശക്തരായെന്നും പ്രലോഭനത്തിന്റെ ഫലമായി നമുക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കഴിയും എന്ന ആശയത്തിൽ വീണുവെന്നും ഗ്രോസ്മാൻ പറഞ്ഞു. ‘അധിനിവേശം നമ്മെ ദുഷിപ്പിച്ചു. 1967ലെ ഫലസ്തീൻ പ്രദേശങ്ങളിലേക്കുള്ള അധിനിവേശത്തോടെയാണ് ഇസ്രായേലിന്റെ ശാപം ആരംഭിച്ചതെന്ന് എനിക്ക് പൂർണ ബോധ്യമുണ്ടെന്നും’ അദ്ദേഹം തുടർന്നു. ഡസൻ കണക്കിന് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഗ്രോസ്മാന്റെ കൃതികൾ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
അതിനിടെ, ഗസ്സക്കെതിരായ യുദ്ധം നിർത്തണമെനാവശ്യപ്പെട്ട് തെൽഅവീവിൽ കൂറ്റൻ പ്രകടനം നടന്നു. ഇസ്രായേൽ നടത്തുന്ന ഉപരോധവും യുദ്ധവും കാരണം ഭക്ഷണം കിട്ടാതെ വിശന്നൊട്ടിയ കുഞ്ഞുങ്ങളുടെ ചിത്രമടങ്ങിയ പ്ലക്കാഡുകൾ ഉയർത്തിയായിരുന്നു ആയിരക്കണക്കിന് ഇസ്രായേലികൾ പങ്കെടുത്ത യുദ്ധവിരുദ്ധ റാലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

