യമൻ തീരത്തിന് സമീപം കെമിക്കൽ ടാങ്കർ പിടിച്ചെടുത്തു; സൊമാലിയൻ കടൽക്കൊള്ളക്കാരെന്ന് സംശയം
text_fieldsലണ്ടൻ: യമന്റെ തെക്കൻ തീരത്തിന് സമീപമുള്ള ഗൾഫ് ഓഫ് ഏദനിൽ സഞ്ചരിച്ചുകൊണ്ടിരുന്ന 'അസാന' എന്ന കെമിക്കൽ ടാങ്കർ ആയുധധാരികളായ അക്രമികൾ കയറിയതായും കപ്പലിന്റെ നിയന്ത്രണം അവരുടെ കൈകളിലാണെന്നും സമുദ്രസുരക്ഷാ ഏജൻസികൾ അറിയിച്ചു. ആദ്യം ഹൂതി വിമതരുടെ ആക്രമണമാകാമെന്ന ആശങ്ക ഉയർന്നിരുന്നെങ്കിലും, പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇത് സൊമാലിയൻ കടൽക്കൊള്ള സംഘത്തിന്റെ ആക്രമണമാകാനാണ് കൂടുതൽ സാധ്യതയെന്ന് സമുദ്രസുരക്ഷാ വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
കപ്പലിന് ഔദ്യോഗിക ദേശീയ പതാക സ്ഥിരീകരിച്ചിട്ടില്ല. കപ്പൽ ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം സൊമാലിയയിലെ ബോസാസോ തുറമുഖമാണ് അസാനയുടെ അടുത്ത ലക്ഷ്യസ്ഥാനം. കപ്പൽ നിയന്ത്രിക്കുന്നത് മാർഷൽ ദ്വീപുകൾ ആസ്ഥാനമായ എക്സോൺ എനർജി എന്ന കമ്പനിയായിരുന്നുവെങ്കിലും, സംഭവത്തെക്കുറിച്ച് കമ്പനിയുടെ പ്രതികരണം ലഭ്യമായിട്ടില്ല. ബ്രിട്ടീഷ് സമുദ്രസുരക്ഷാ സ്ഥാപനമായ ആംബ്രേയുടെ വിവരമനുസരിച്ച്, വെള്ളിയാഴ്ച രാവിലെ ഏകദേശം 06:20നാണ് കപ്പൽ അടിയന്തര സഹായസന്ദേശം അയച്ചത്. ആക്രമണം നടന്ന സമയത്ത് കപ്പലിൽ സായുധ സുരക്ഷാ സംഘം ഉണ്ടായിരുന്നില്ലെന്നും, ആക്രമികൾ കടൽക്കൊള്ള സംഘത്തിലെ അംഗങ്ങളാണെന്നാണ് സംശയിക്കുന്നതെന്നും ആംബ്രേ അറിയിച്ചു.
അതേസമയം, ബ്രിട്ടീഷ് സമുദ്രസുരക്ഷാ സ്ഥാപനമായ വാൻഗാർഡ്, ആക്രമികളുടെ എണ്ണം, അവർ എങ്ങനെ കപ്പലിൽ കയറി, കപ്പലിലെയും ജീവനക്കാരുടെയും നിലവിലെ സ്ഥിതി എന്നിവ ഇപ്പോഴും വ്യക്തമല്ലെന്ന് അറിയിച്ചു. ചെങ്കടലിലും ഗൾഫ് ഓഫ് ഏഡനിലും സുരക്ഷാ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന യൂറോപ്യൻ യൂണിയന്റെ അസ്പിഡസ് നാവിക സേന, കപ്പലിന് സഹായം എത്തിക്കാനും സംഭവത്തിന്റെ സാഹചര്യങ്ങൾ വിലയിരുത്താനുമായി നടപടികൾ ആരംഭിച്ചതായി അറിയിച്ചു.
യമനിലെ അൽ മുകല്ല തുറമുഖത്തിൽ നിന്ന് ഏകദേശം 65 നോട്ടിക്കൽ മൈൽ തെക്കായാണ് കപ്പൽ ആക്രമിക്കപ്പെട്ടതെന്ന് ബ്രിട്ടീഷ് നാവികസേനയുടെ വ്യാപാര കപ്പൽ നിരീക്ഷണ ഏജൻസി അറിയിച്ചു. കിഴക്കോട്ട് സഞ്ചരിക്കുകയായിരുന്ന കപ്പലിൽ അനധികൃതമായി ആളുകൾ കയറിയതായി ഏജൻസി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
അമേരിക്ക ഇറാന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ആക്രമിച്ചാൽ ചെങ്കടൽ വഴിയുള്ള എണ്ണഗതാഗതം തടയാൻ തയ്യാറാകണമെന്ന് ഇറാൻ ഹൂതി വിമതരോട് ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന സാഹചര്യത്തിൽ, ഈ പുതിയ സംഭവം മേഖലയിലെ സമുദ്രസുരക്ഷാ ആശങ്കകൾ വീണ്ടും വർധിപ്പിച്ചിരിക്കുകയാണ്. എന്നാൽ നിലവിലെ വിവരങ്ങൾ പ്രകാരം ഈ ആക്രമണം ഹൂതി വിമതരുടേതല്ല, മറിച്ച് സൊമാലിയൻ കടൽക്കൊള്ളക്കാരുടെ പ്രവർത്തനമാണെന്ന നിഗമനത്തിലേക്കാണ് അന്വേഷണ ഏജൻസികൾ നീങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

