‘നമുക്ക് സംസാരിക്കാം, പുതിയ യുഗം ആർക്ക്, എന്താണ് സംഭാവന ചെയ്യാൻ പോകുന്നതെന്ന്’; മംദാനി തുടങ്ങി പുതുചരിത്രമെഴുതി
text_fieldsമംദാനി ഭാര്യ റമ ദുവാജിക്കൊപ്പം
‘ചരിത്രത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ആ സമയം വരുന്നു. പഴയതിൽ നിന്ന് പുതിയതിലേക്ക് കാലെടുത്തുവെക്കുമ്പോൾ, ഒരു യുഗം അവസാനിക്കുമ്പോൾ, വളരെക്കാലമായി അടിച്ചമർത്തപ്പെട്ട ജനതയുടെ ആത്മാവ് ഉറക്കെ സംസാരിക്കുന്ന സമയം വന്നെത്തുന്നു’ -ബ്രിട്ടീഷ് കോളനി വാഴ്ച അവസാനിപ്പിച്ച് 1947ലെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ജവഹർലാൽ നെഹ്റു നടത്തിയ പ്രസംഗത്തിലെ വരികൾ ഉദ്ധരിച്ചാണ് മംദാനി ചരിത്ര മുഹൂർത്തത്തിൽ സംസാരിച്ചത്.
‘ഇന്ന് നമ്മൾ പഴയതിൽനിന്ന് പുതിയതിലേക്ക് കാലെടുത്തുവെച്ചിരിക്കുന്നു. വ്യക്തതയോടെയും ഉറപ്പോടെയും തെറ്റിദ്ധരിക്കപ്പെടാതെയും നമുക്ക് സംസാരിക്കാം, പുതിയ യുഗം ആർക്ക്, എന്താണ് സംഭാവന ചെയ്യാൻ പോകുന്നത് എന്നും’-മംദാനി പറഞ്ഞു.
പ്രചാരണ ഘട്ടത്തിൽ തനിക്കെതിരെ ഭീഷണി മുഴക്കുകയും വെല്ലുവിളി നടത്തുകയും ചെയ്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് സൊഹ്റാൻ മംദാനി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെ നടന്ന വിജയാഘോഷ പ്രസംഗത്തിൽ തന്നെ ട്രംപിന് കടുത്ത ഭാഷയിലാണ് മംദാനി മറുപടി നൽകിയത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കടുത്ത വിദ്വേഷവും വിമർശനവുമായി പിന്തുടർന്ന ഡോണൾഡ് ട്രംപിനോട് ‘കൂടുതൽ ഉറക്കെ ശബ്ദിക്കൂ’ എന്നായിരുന്നു മംദാനിയുടെ മറുപടി.
‘ട്രംപ്, ഇതെല്ലാം നിങ്ങൾ കാണുന്നുണ്ടെന്ന് എനിക്കറിയാം. നിങ്ങളോട് ഇതേ ഇപ്പോൾ പറയാനുള്ളൂ, ശബ്ദം കൂടുതൽ ഉയർത്തുക’ -വിജയം കുറിച്ച രാത്രിയിൽ അനുയായികളുടെ ആഘോഷങ്ങൾക്കിടയിൽ സൊഹ്റാൻ മംദാനി പറഞ്ഞു. രാജ്യത്തെ വഞ്ചിച്ച ട്രംപിനെ എങ്ങനെ പരാജയപ്പെടുത്താമെന്ന് കാണിച്ചുകൊടുക്കാൻ അയാൾക്ക് ഉയർച്ച നൽകിയ ന്യൂയോർക് നഗരത്തിന് തന്നെ കഴിഞ്ഞിരിക്കുന്നെന്നും അമേരിക്കയുടെ രാഷ്ട്രീയ അന്ധതക്കിടയിൽ വെളിച്ചം പകരുന്നതാണ് ന്യൂയോർക്കിൽ നിന്നുള്ള ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് ഉൾപ്പെടെ ശതകോടീശ്വരന്മാർക്ക് നികുതി ഒഴിവാക്കാനും നികുതി ഇളവുകൾ ചൂഷണം ചെയ്യാനും അനുവദിച്ച അഴിമതി സംസ്കാരം അവസാനിപ്പിക്കുമെന്നും മംദാനി തുറന്നടിച്ചു. ന്യൂയോർക്കിലെ ഓരോ സാധാരണക്കാരനും അവകാശപ്പെട്ടതാണ് തന്റെ വിജയം. ടാക്സി ഡ്രൈവർ മുതൽ പാചകക്കാരൻ വരെ അതിലുണ്ട്. മാറ്റത്തിനുള്ള ജനവിധി നൽകിയ രാത്രിയാണിത്. പുതിയ രാഷ്ട്രീയത്തിലേക്കുള്ള ജനവിധി. നമുക്ക് താങ്ങാനാവുന്ന നഗരത്തെ സൃഷ്ടിക്കാനുള്ള ജനവിധി -അദ്ദേഹം പറഞ്ഞു.
കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്ന ട്രംപിന്റെ നയത്തെയും മംദാനി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ‘ഞങ്ങളെ (കുടിയേറ്റക്കാരെ) പിടികൂടണമെങ്കിൽ ഞങ്ങളിൽ എല്ലാവരെയും പിടികൂടേണ്ടിവരും’ -അദ്ദേഹം പറഞ്ഞു.
‘ധൂം മച്ചാലെ...’ ബോളിവുഡ് ഹിറ്റിന്റെ പശ്ചാത്തലത്തിൽ പ്രസംഗം അവസാനിപ്പിച്ച് മംദാനി
ന്യൂയോർക്: നഗരത്തിന്റെ ആദ്യ ഇന്ത്യൻ വംശജനായ മേയറുടെ വിജയപ്രസംഗം അവസാനിച്ചത് ബോളിവുഡ് ഹിറ്റ് ഗാനമായ ‘ധൂം മച്ചാലെ...’യുടെ പശ്ചാത്തലത്തിൽ. പ്രസിഡന്റ് ട്രംപിനെതിരെ ആഞ്ഞടിച്ചുള്ള മംദാനിയുടെ പ്രസംഗം അവസാനിച്ചതിനുപിന്നാലെയാണ് ഗാനമുയർന്നത്. ഇതേസമയം, മാതാപിതാക്കളും ഭാര്യയും മംദാനിക്കൊപ്പം സ്റ്റേജിലെത്തി. 2004ൽ പുറത്തിറങ്ങിയ അഭിഷേക് ബച്ചൻ-ജോൺ അബ്രഹാം ജോഡിയുടെ ചിത്രമായ ‘ധൂ’മിലെ പ്രീതം ചക്രവർത്തി സംഗീതം നൽകി സുനീതി ചൗഹാൻ പാടിയ ഹിറ്റ് ഗാനമാണ് ‘ധൂം മച്ചാലെ...’
എന്നാൽ നമുക്ക് തുടങ്ങാമെന്ന് ട്രംപ്
വാഷിങ്ടൺ: വിജയാഘോഷ പ്രസംഗത്തിലെ മംദാനിയുടെ രൂക്ഷ വിമർശനത്തിന് ആദ്യ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘എന്നാൽ നമുക്ക് തുടങ്ങാ’മെന്നായിരുന്നു സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപിന്റെ പ്രതികരണം.
ഫലസ്തീന്റെ ശബ്ദം
ന്യൂയോർക്: സാധാരണക്കാരുടെ ശബ്ദമായാണ് സൊഹ്റാൻ മംദാനി രാഷ്ട്രീയത്തിലിറങ്ങിയത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ പിടിച്ചുപറ്റാൻ അദ്ദേഹത്തിന് സാധിച്ചത് നേതൃഗുണമായി വിലയിരുത്തപ്പെടുന്നു. ഫലസ്തീൻ അനുകൂലിയായ സോഷ്യലിസ്റ്റ് നേതാവാണ് സൊഹ്റാൻ മംദാനി.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് പലതവണ തുറന്നുപറഞ്ഞ സൊഹ്റാൻ, ആ കൂട്ടക്കൊലകളുടെ ഉത്തരവാദിയായ ബിന്യമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ജനാധിപത്യ സോഷ്യലിസ്റ്റായ സൊഹ്റാൻ മംദാനി, സൗജന്യ പൊതു ബസുകൾക്കും സാർവത്രിക ശിശു സംരക്ഷണത്തിനും ധനസഹായം നൽകുന്നതിനായി സമ്പന്നരുടെ മേൽ നികുതി വർധിപ്പിക്കുമെന്ന വാഗ്ദാനത്തോടെയാണ് പ്രചാരണം തുടങ്ങിയത്.
റിപബ്ലിക്കൻ പാർട്ടിക്ക് രണ്ട് പാഠങ്ങൾ
വാഷിങ്ടൺ: ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ സൊഹ്റാൻ മംദാനി വിജയിച്ചതിന് പിന്നാലെ റിപബ്ലിക്കൻ പാർട്ടി രണ്ട് പാഠങ്ങൾ പഠിക്കണമെന്ന പ്രതികരണവുമായി ഇന്ത്യൻ വംശജനും ട്രംപിന്റെ അനുയായിയുമായ വിവേക് രാമസ്വാമി. എക്സിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. ഉന്നയിച്ചത്. ന്യൂയോർക്ക്, ന്യൂജേഴ്സ്, വിർജീന തുടങ്ങിയ സുപ്രധാന തെരഞ്ഞെടുപ്പുകളിൽ റിപബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയേറ്റിരുന്നു. ഇതിലാണ് അദ്ദേത്തിന്റെ പ്രതികരണം.
ന്യൂജേഴ്സ്, വിർജീനിയ, ന്യൂയോർക്ക് എന്നിവിടങ്ങിൽ നമ്മൾ പരാജയപ്പെട്ടു. ഇതിൽ നിന്നും രണ്ട് പാഠങ്ങൾ നമ്മൾ പഠിക്കണം. അതിലൊന്ന് അമേരിക്കക്കാരുടെ സ്വപ്നങ്ങൾ ലളിതമാക്കാൻ പരിശ്രമിക്കണമെന്നതാണ്. അതിനായി വൈദ്യുതി, പലവ്യഞ്ജനം, ആരോഗ്യം, വീട് എന്നിവയുടെ ചെലവുകൾ കുറക്കണം. ഇതുവഴി കൂടുതൽ ജനപ്രിയമായ പ്രഖ്യാപനങ്ങൾ ജനങ്ങൾക്ക് നൽകണം.
രണ്ടാമത്തേത് ഐഡന്ററ്റി പൊളിറ്റിക്സ് അവസാനിപ്പിക്കുക എന്നതാണ്. അത് റിപബ്ലിക്കൻസ് അനുകലുമായ നയമല്ല. നമ്മൾ തൊലി, മതം എന്നിവയെ ഒന്നും പരിഗണിക്കുന്നില്ല. നിങ്ങളുടെ കാരക്ടർ മാത്രമാണ് ഞങ്ങൾ പരിഗണിക്കുന്നതെന്നും വിഡിയോയിൽ വിവേക് രാമസ്വാമി പറഞ്ഞു.
റിപ്പബ്ലിക്കൻ പാർട്ടിയുടെ യുവമുഖങ്ങളിലൊരാളായ രാമസ്വാമി പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനായി രംഗത്തുണ്ടായിരുന്നു. പിന്നീട് ട്രംപിനെ പിന്തുണക്കുകയായിരുന്നു. തെരഞ്ഞെടുപ്പിനുശേഷം ഇദ്ദേഹത്തെ ട്രംപ് മസ്കിനൊപ്പം തന്റെ ഉപദേശക സമിതിയിലും ഉൾപ്പെടുത്തിയിരുന്നു. ട്രംപിന്റെ എച്ച്-1ബി വിസ നയത്തെ ശക്തമായി ന്യായീകരിച്ചവരിലും ഇദ്ദേഹമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

