മൊണ്ടാന വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനങ്ങളിൽ ചെറുവിമാനം ഇടിച്ചുകയറി വൻ തീപിടുത്തം
text_fieldsമൊണ്ടാന വിമാനത്താവളം
മൊണ്ടാന: മൊണ്ടാനയിലെ കാലിസ്പെൽ സിറ്റി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നാല് പേരുമായി പോയ ചെറിയ സിംഗ്ൾ എഞ്ചിൻ വിമാനം പാർക്ക് ചെയ്തിരുന്ന വിമാനത്തിൽ ഇടിച്ചുകയറി വൻ തീപിടുത്തം. സംഭവത്തിൽ ആർക്കും ഗുരുതരമായ പരിക്കുകൾ സംഭവിച്ചില്ലെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. കാലിസ്പെൽ പൊലീസ് ഡിപ്പാർട്ട്‌മെന്റും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (എഫ്.എ.എ) നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ലാൻഡിങ്ങിനിടെ പൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാമെന്നാണ് സൂചന.
വിമാനം റൺവേയിലേക്ക് തെന്നിമാറി. പാർക്ക് ചെയ്തിരുന്ന ഒന്നിലധികം വിമാനങ്ങളിൽ ഇടിച്ചുകയറി തീ ആളിപ്പടർന്നു. അത് പെട്ടെന്ന് ടാർമാക്കിലേക്കും അടുത്തുള്ള പുൽമേടിലേക്കും പടർന്നു. തീജ്വാലകളും കട്ടിയുള്ള കറുത്ത പുകപടലങ്ങളും ആകാശത്തേക്ക് ഉയർന്നു. സ്ഫോടനത്തിന് സമാനമായ ഒരു വലിയ ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. അടിയന്തര സംഘങ്ങൾ ഉടൻ എത്തി തീ അണച്ചു.
ശക്തമായ തീപിടിത്തമുണ്ടായിട്ടും വിമാനം നിർത്തിയതിനുശേഷം അതിലുണ്ടായിരുന്ന നാല് പേർക്കും സ്വന്തമായി പുറത്തിറങ്ങാൻ കഴിഞ്ഞുവെന്നും പൊലീസ് അറിയിച്ചു. രണ്ട് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. അവർക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകി. തീപ്പിടുത്തത്തിൽ നിലത്തുണ്ടായിരുന്ന ഒന്നിലധികം വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. എഫ്.എ.എയും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (എൻ.ടി.എസ്.ബി) അപകടത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.
വാഷിംഗ്ടണിലെ പുൾമാനിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ കാരണം ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കാലിസ്പെൽ സിറ്റി വിമാനത്താവളത്തിന്റെ പരിമിതമായ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും പൂർണ്ണമായ നാശനഷ്ട വിലയിരുത്തൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

