Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആ ഉമ്മയുടെ...

ആ ഉമ്മയുടെ കാത്തിരിപ്പ് വിഫലം; ഇസ്രായേൽ ആക്രമണത്തിൽ കുഞ്ഞു റജബ് കൊല്ലപ്പെട്ടിരിക്കുന്നു

text_fields
bookmark_border
ആ ഉമ്മയുടെ കാത്തിരിപ്പ് വിഫലം; ഇസ്രായേൽ ആക്രമണത്തിൽ കുഞ്ഞു റജബ് കൊല്ലപ്പെട്ടിരിക്കുന്നു
cancel

ഗസ്സ: ‘ഒന്നു വരുമോ? എ​ന്നെ രക്ഷിക്കുമോ? എനിക്ക് വല്ലാതെ പേടിയാകുന്നു​' എന്ന് കൂറ്റൻ യുദ്ധടാങ്കുകൾക്ക് മുന്നിൽ നിന്നും സംസാരിച്ച കുഞ്ഞു റജബ് ഇനി ഓർമ. ഇസ്രായേലി പട്ടാളത്തിന്റെ വെടിയേറ്റ് റജബ് കൊല്ലപ്പെട്ടിരിക്കുന്നു. റജബിനൊപ്പം സഞ്ചരിച്ച കുടുംബാംഗങ്ങളും കുട്ടിയെ രക്ഷിക്കാനിറങ്ങിയ പാരമെഡിക്കൽ സ്റ്റാഫും ഇസ്രായേൽ ആ​ക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും.

ജനുവരി 29നാണ് ഫലസ്തീൻ റെഡ് ക്രസന്റിന്റെ എമർജൻസി നമ്പറിലേക്ക് റജബിന്റെ കോൾ എത്തുന്നത്. ‘ടാങ്ക് എന്റെ തൊട്ടടുത്തു തന്നെയാണുള്ളത്..അത് അടുത്തുകൊണ്ടിരിക്കുന്നുവെന്നാണ് അന്ന് വിറയാർന്ന ശബ്ദത്തിൽ റജബ് പറഞ്ഞു. അവളുടെ സംസാരം അൽപം ഉച്ചത്തിലാക്കാൻ ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി ജീവനക്കാരി റാണ ഫഖീഹ് പറയുന്നുണ്ടെങ്കിലും അവൾക്കതിന് കഴിയുന്നില്ല. ഭയംകൊണ്ട് ആ കുരുന്നിന്റെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങിപ്പോവുകയാണ്.

റജബും കുടുംബാംഗങ്ങളും സഞ്ചരിച്ച കാർ

‘വളരെ അടുത്താണോ ടാങ്ക് ഉള്ളത്?’ -റാണ ചോദിച്ചു. ‘അതേ വളരെ വളരെ അടുത്താണ്..എന്നെയൊന്ന് രക്ഷിക്കാമോ? എനിക്ക് പേടിയായിട്ടുവയ്യ’-കുഞ്ഞു റജബിന്റെ വാക്കുകൾ കണ്ണീരിൽ കുതിരുന്നത് ഫോണിന്റെ ഇങ്ങേത്തലക്കൽ റാണ തൊട്ടറിയുന്നു. ആ ഫോൺകാൾ തുടരുകയല്ലാതെ റാണക്ക് അപ്പോൾ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. റജബിന്റെ ശബ്ദം പരിചിതമായ ലോകത്തോടുള്ള അവളുടെ ദുർബലമായ കണ്ണി മാത്രമായി മാറിയിരുന്നു.

ഗസ്സ സിറ്റിയിലെ വീട്ടിൽനിന്ന് അമ്മാവനും അമ്മായിക്കും അഞ്ചു കസിൻസിനുമൊപ്പം ജനുവരി 29ന്റെ രാവിലെയാണ് അവളും ഇറങ്ങിത്തിരിച്ചത്. ഗസ്സ സിറ്റിയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ സൈന്യം അന്ത്യശാസന നൽകിയതിനു പിന്നാലെയായിരുന്നു അവർ വീട്ടിൽ നിന്നിറങ്ങിയത്. കോസ്റ്റ് റോഡിലൂടെ തെക്കൻ മേഖല ലക്ഷ്യമിട്ടായിരുന്നു യാത്ര.​

പ്രദേശത്ത് ഇസ്രായൽ സേന കനത്ത രീതിയിൽ ഷെല്ലാക്രമണം നടത്തിയിരുന്നതായി റജബിന്റെ മാതാവ് വിസ്സാം ഹമാദ പറയുന്നു. ‘ഞങ്ങൾ വല്ലാതെ പേടിച്ചുപോയിരുന്നു. എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന് തോന്നി. വ്യോമാക്രമണങ്ങളിൽനിന്ന് രക്ഷ നേടാൻ വിവിധ സ്ഥലങ്ങളിലേക്ക് മാറിമാറിയാണ് യാത്ര തുടർന്നത്’. നഗരത്തി​ന്റെ കിഴക്കുഭാഗത്തുള്ള അൽ അഹ്‍ലി ആ​ശുപത്രിയിൽ അഭയം തേടാമെന്നാണ് കുടുംബം കരുതിയത്. അവിടം സുരക്ഷിതമായിരിക്കുമെന്ന തോന്നലിലായിരുന്നു അത്.


റജബിനെ രക്ഷിക്കാനെത്തിയ റെഡ് ക്രെസന്റ് വാഹനം

മുതിർന്ന കുട്ടിയുമായി വിസ്സാം നടന്നുപോകാനാണ് തീരുമാനിച്ചത്. ആറു വയസ്സു മാത്രമുള്ള ഹിന്ദിന് അമ്മാവന്റെ കാറിൽ ഒരിടംകിട്ടി. കനത്ത മഴയും തണുപ്പുമുണ്ടായിരുന്നു. ആ മഴയിൽനിന്ന് രക്ഷപ്പെടാമല്ലോ എന്നോർത്താണ് പൊന്നുമകളെ വിസ്സാം സഹോദര​ന്റെ കാറിൽ വിട്ടത്. എന്നാൽ, കാർ പുറപ്പെട്ടതിനു പിന്നാലെ അതേ ദിശയിൽനിന്ന് വെടിയൊച്ചകളുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടതായി വിസ്സാം പറഞ്ഞു.

നഗരത്തിലെ ​പ്രശസ്തമായ അൽ അസ്ഹർ യൂനിവേഴ്സിറ്റി ലക്ഷ്യമിട്ടാണ് റജബിന്റെ അമ്മാവൻ കാ​റോടിച്ചത്. അപ്രതീക്ഷിതമായി കാർ ഇസ്രായേലി ടാങ്കിനു മുന്നിൽ പെട്ടതായിരിക്കാമെന്ന് കരുതുന്നു. രക്ഷക്കായി അടുത്തുള്ള പെട്രോൾ സ്റ്റേഷനിലേക്ക് കാർ മാറ്റിയെങ്കിലും കനത്ത വെടിയൊച്ചകൾക്കു നടുവിലമർന്നു ആ കാർ.

കാറിനുള്ളിലെ കുടുംബം രക്ഷക്കായി ബന്ധുക്കളെ വിളിച്ച് കേണു. അവരിലൊരാൾ അധിനിവേശ വെസ്റ്റ് ബാങ്കിൽനിന്ന് 80 കി.മീ അകലെയുള്ള ഫലസ്തീനിയൻ റെഡ് ക്രസന്റിന്റെ എമർജൻസി ഹെഡ്ക്വാർട്ടേഴ്സിൽ ബന്ധപ്പെട്ടു.

അപ്പോൾ ഉച്ച കഴിഞ്ഞ് രണ്ടര മണിയായിട്ടുണ്ട്. റാമല്ലയിലെ റെഡ് ക്രസന്റ് കോൾ സെന്ററിൽനിന്ന് ഓപറേറ്റർമാർ ഹിന്ദിന്റെ അമ്മാവന്റെ ഫോണിലേക്ക് വിളിക്കുന്നു. പക്ഷേ, ഫോണെടുത്തത് അദ്ദേഹത്തിന്റെ 15 വയസ്സുള്ള മകൾ ലയാൻ. റെക്കോർഡ് ചെയ്യപ്പെട്ട ആ ഫോൺകാളിൽ ലയാന്റെ ദൈന്യമായ വിതുമ്പലുകൾക്കൊപ്പം ആ വിവരവും കൂടി ഉൾച്ചേർന്നു. തന്റെ മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം ഇസ്രായേലി സൈന്യത്തിന്റെ ക്രൂരമായ ആക്രമണ​ത്തിൽ കൊല്ലപ്പെട്ട വിവരമാണ് കണ്ണീരോടെ ലയാന് പങ്കുവെക്കേണ്ടി വന്നത്. അതു പറഞ്ഞുതീരും മുമ്പേ ‘അവർ ഞങ്ങൾക്കുനേരെ വെടിയുതിർക്കുകയാണ്’ എന്ന് ലയാന്റെ ശബ്ദമെത്തി. പിന്നാലെ വെടിയൊച്ചയിലും വലിയൊരു നിലവിളിയിലും മുങ്ങി ആ ഫോൺ സംഭാഷണം നിലച്ചു.




റെഡ് ക്രസന്റ് സംഘം വീണ്ടും വിളിച്ചപ്പോഴാണ് റജബ് ഫോണെടുത്തത്. ഭയത്തിൽ മുങ്ങിയ വാക്കുകളിൽനിന്നാണ് ആ കിയ പിക്കാന്റോ കാറിൽ അവൾ ഒളിക്കാൻ ശ്രമിക്കുകയാണെന്ന് അവർക്ക് മനസ്സിലായത്. കാറിൽ റജബ് മാത്രമാണ് ജീവനോടെ ബാക്കിയിരിപ്പുള്ളതെന്നും അവളുടെ സംസാരത്തിൽനിന്ന് അവർ തിരിച്ചറിഞ്ഞു. ‘സീറ്റിനടിയിൽ ഒളിക്കൂ..ആരും നിന്നെ കാണാതിരിക്കണം’ -റാണ മണിക്കൂറുകളോളം അവൾക്ക് നിർദേശം നൽകിക്കൊണ്ടിരുന്നു. ഇതിനിടയിൽ, ആ സ്ഥലത്തേക്ക് തങ്ങളുടെ ആംബുലൻസ് അയക്കാൻ അനുമതി തേടി റെഡ് ക്രസന്റ് അധികൃതർ ഇസ്രായേലി സൈന്യവുമായി ബന്ധപ്പെടു​കയും ചെയ്തു.

‘അവൾ വല്ലാതെ പേടിച്ചരണ്ടിരുന്നു. ബന്ധുക്ക​ളെല്ലാം മരണപ്പെട്ടതായി റജബ് ഞങ്ങ​ളോട് പറഞ്ഞു. എന്നാൽ, പിന്നീടത് മാറ്റി അവരെല്ലാം ഉറങ്ങുകയാണെന്ന് അവൾ വിശദീകരിച്ചു. ‘അവർ ഉറങ്ങിക്കോട്ടെ മോൾ അവരെ ബുദ്ധിമുട്ടിക്കേണ്ട’ എന്ന് ഞാനവളോട് പറയുകയും ചെയ്തു. ഒരു ഘട്ടത്തിൽ ചുറ്റും ഇരുട്ടാകുന്നുവെന്ന് അവൾ പറഞ്ഞു. എന്റെ വീട് അവിടുന്ന് ദൂരെയാണോ എന്നൊക്കെ അവൾ ചോദിച്ചുകൊണ്ടിരുന്നു. എന്റെ നിസ്സഹായതയുടെ ആഴത്താൽ അതുകേട്ട് ഞാൻ മരവിച്ചുപോയി’ -റാണ പറഞ്ഞു.

ആ ഫോൺകാൾ തുടങ്ങി മൂന്നു മണിക്കൂറിനുശേഷം റജബിനെ രക്ഷിക്കാനായി ഒരു ആംബുലൻസ് പുറപ്പെട്ടു. അതിനിടയിൽ അവളുടെ ഉമ്മയെ റെഡ് ക്രസന്റ് അധികൃതർ കണ്ടെത്തിയിരുന്നു. റജബിന്റെ ഫോണിലേക്ക് വിളിച്ച് അവർ ഉമ്മയുമായി സംസാരിക്കാൻ അവസരമൊരുക്കി. ഉമ്മയുടെ ശബ്ദം കേട്ടതോടെ അവൾ നിർത്താതെ കരഞ്ഞു. ‘ഫോൺ കട്ട് ചെയ്യല്ലേ എന്ന് അവൾ അപേക്ഷിച്ചുകൊണ്ടിരുന്നു. എവിടെയാണ് നിനക്ക് പരിക്കുപറ്റിയതെന്ന് ഞാൻ അവളോട് ചോദിച്ചു. എന്നിട്ട് ശ്രദ്ധ തിരിക്കാനായി അവളുടെ കൂടെ ഞാൻ ഖുർആൻ ഓതിക്കൊണ്ടിരുന്നു. ഞങ്ങൾ ഒന്നിച്ച് പ്രാർഥിച്ചു. ചൊല്ലിക്കൊടു​ക്കുന്ന ഓരോ വരിയും അവൾ വിതുമ്പലോടെ ഏറ്റുചൊല്ലി’ -വിസ്സാം ബി.ബി.സിയോട് പറഞ്ഞു.



സമയം രാത്രിയായിത്തുടങ്ങിയിരുന്നു. അവളെ രക്ഷിക്കാൻ പുറപ്പെട്ട ആംബുലൻസിലെ ഡ്രൈവർമാരായ യൂസുഫും അഹ്മദും അവൾക്കരികിലെത്തിയെന്ന് കരുതിയതിനു പിന്നാലെ ആ ഫോൺകാൾ കട്ടായി. വിസ്സാം അവളുമായി സംസാരിച്ചതിന്റെ അവസാനത്തിൽ കാറിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടിരുന്നു. ദൂരെയൊരു ആംബുലൻസ് തനിക്ക് കാണാനാവുന്നുണ്ടെന്ന് റജബ് ഉമ്മയോട് പറയുകയും ചെയ്തു.

ഒടുവിൽ റജബ് എവിടെയെന്ന ചോദ്യത്തിന് ഉത്തരമായിരുക്കുന്നു കുടുംബാംഗങ്ങളോടും ഫലസ്തീൻ റെഡ്ക്രെസന്റിലെ ജീവനക്കാർക്കുമൊപ്പം റജബും കൊല്ലപ്പെട്ടിരിക്കുന്നു. ഇത്രയും കാലം സജീവമായ യുദ്ധമേഖലയായതിനാൽ മറ്റാർക്കും റജബ് കുടുങ്ങിയ സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഒടുവിൽ മേഖലയിലെ നിയന്ത്രണം നീക്കിയപ്പോൾ ആദ്യം എല്ലാവരും തെരഞ്ഞെത് റജബിനെയായിരുന്നു. പ്രദേശത്ത് നിന്നും റജബ് സഞ്ചരിച്ച കാർ കണ്ടെത്താൻ അവർക്ക് കഴിഞ്ഞു. ബുള്ളറ്റുകളേറ്റതിന്റെ നിരവധി പാടുകൾ കാറിലുണ്ടായിരുന്നു. കാറിന്റെ വിൻഡ് സ്ക്രീനും ഡാഷ് ബോർഡും ആക്രമണത്തിൽ തകർന്നു. റജബിന്റെ മൃതദേഹത്തിനൊപ്പം അഞ്ച് മൃതദേഹങ്ങൾ കൂടി ക​ണ്ടെത്തി. സമീപത്ത് തന്നെ റജിനെ രക്ഷിക്കാൻ പോയ ആംബുലൻസ് കത്തിക്കരിഞ്ഞ നിലയിൽ കിടക്കുന്നുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictHind Rajab
News Summary - Six-year-old Hind Rajab found dead as 'Israeli fire' target Palestinian car
Next Story