കംബോഡിയയിൽ ഖമർറൂഷ് ഭരണകൂടം ലക്ഷങ്ങളെ മനുഷ്യക്കുരുതി നടത്തിയ ഇടങ്ങൾ യുനെസ്കോ പൈതൃക ലിസ്റ്റിൽ
text_fieldscombodia
നോംപെൻ: കംബോഡിയയിലെ ഖമർറൂഷ് ഭീകര ഭരണകാലത്ത് മനുഷ്യക്കുരുതിക്കായി ഉപയോഗിച്ചിരുന്ന മൂന്ന് സ്ഥലങ്ങൾ യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളുടെ ലിസ്റ്റിൽ. ഐക്യരാഷ്ട്ര സഭയുടെ സാംസ്കാരിക ഏജൻസിയുടെ 47ാമത് ലോക പൈതൃക സമ്മേളനമാണ് ഈ സ്ഥലങ്ങൾ തെരഞ്ഞെടുത്തത്.
കംബോഡിയയിൽ 17 ലക്ഷം മനുഷ്യരെ പട്ടിണിക്കിട്ടും പീഡിപ്പിച്ചും ആയുധങ്ങൾകൊണ്ടും കുട്ടക്കൊല നടത്തിയ പോൾപോട്ടിന്റെ നേതൃത്വത്തിലുള്ള ഖമർറൂഷ് ഭീകര ഭരണകൂടത്തിന്റെ 50ാം വാർഷികത്തിലാണ് ഈ സ്ഥലങ്ങൾ പൈതൃകശേഖരത്തിലെത്തിയത് എന്നത് യാദൃശ്ചികമാണ്.
ചൈനയിലെ വൻമതിൽ, ഇന്ത്യയിലെ താജ്മഹൽ, ഈജിപ്റ്റിലെ പിരമിഡുകൾ തുടങ്ങിയ ചരിത്ര സ്മാരകങ്ങളുടെ കൂട്ടത്തിലാണ് ഖമർറൂഷിന്റെ മരണ ജയിലുകളും കൂട്ടക്കുരുതി ഇടങ്ങളും ഇടം പിടിച്ചത്.
തലസ്ഥാനമായ നോംപെനിലുള്ള ടുയോൾസ്ലെങ് ജനോസൈഡ് മ്യൂസിയമാണ് ഒന്ന്. പണ്ട് സ്കൂളായിരുന്ന ഇവിടമാണ് ആളുകളെ കൊല്ലാനുള്ള ജയിലായി ഭരണൂടം ഉപയോഗിച്ചത്. എസ്-21 എന്നാണ് പിന്നീട് ഇതറിയപ്പെട്ടത്. ഇവിടെ വച്ച് പതിനയ്യായിരത്തോളം പേരാണ് ജയലലിടയ്ക്കപ്പെട്ട് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. മധ്യ കംബോഡിയയിലെ എം-13 പ്രിസൺ എന്നറിയപ്പെടുന്ന കംപോങ് ചാങ് പ്രവിശ്യയിലെ ജയിലാണ് മറ്റൊന്ന്. ഇത് അക്കാലത്തെ പ്രധാനപ്പെട്ട ജയിലായിരുന്നു. തലസ്ഥാനത്തിന് 15 കിലോമീറ്റർ തെക്ക് കൂട്ടക്കുരുതിക്കുള്ള ഇടമായി ഉപയോഗിച്ചിരുന്ന ചോങ് എക് ആണ് മറ്റൊരു സൈറ്റ്.
1984 ൽ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമ ‘ദ കില്ലിങ് ഫീൽഡ്സ്’ കംബോഡിയയിലെ കൂട്ടക്കുരുതി ചിത്രീകരിച്ച സിനിമയാണ്. ഇവിടെ നടന്ന ക്രൂരകൃത്യങ്ങൾ ആ ചിത്രത്തിൽ വിവരിക്കുന്നുണ്ട്.
1975 ഏപ്രിൽ 17നാണ് ഖമർ റൂഷ് മുന്നേറ്റം കംബോഡിയയുടെ തലസ്ഥാനം പിടിച്ചടക്കി ഭരണഉറപ്പിക്കുന്നത്. അന്ന് നഗരത്തിൽ നിന്ന് ജനങ്ങളെ പുറത്താക്കുകയും അവരെ ഗ്രാമങ്ങളിലെത്തിച്ച് ക്രൂരമായി പണിയെടുപ്പിക്കുകയുമായിരുന്നു. 1979ൽ അയൽരാജ്യമായ വിയറ്റ്നാമിന്റെ നേതൃത്വത്തിലുള്ള കടന്നുകയറ്റത്തിൽ ഖമർറുഷ് ഭരണകൂടത്തെ പുറത്താക്കുകയായിരുന്നു.
പിന്നീട് പതിറ്റാണ്ടുകൾക്കുശേഷം കംബോഡിയൻ കോടതികൾ ഖമർറൂഷ് നേതാക്കൾക്കെതിരെ നടത്തിയ വർഷങ്ങൾ നീണ്ട നിയമ നടപടികളിൽ പക്ഷേ ശിക്ഷിച്ചത് വെറും മൂന്നുപേരെ മാത്രം. 16 വർഷം നീണ്ടുനിന്ന നിയമ നടപടികളിൽ ഭരണകൂടത്തിന് ചെലവായത് 33.7 ലക്ഷം ഡോളറാണ്.
യുനെസ്കോ പൈതൃക പട്ടികയിൽ ഈ സ്ഥലങ്ങൾ ഇടംപിടിച്ചതിൽ സംതൃപ്തനായ കംബോഡിയൻ പ്രധാനമന്ത്രി ഹൻമാനെറ്റ് ജനങ്ങളോട് ഇതിൽ ആഹ്ലാദിക്കാനും ഒരേ സമയം രാജ്യത്തുടനീളം ഇതിനായി വാദ്യോപകരണം വായിക്കാനും ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

