യമന്റെ മിസൈൽ ആക്രമണം; ഇസ്രായേൽ അധീന പ്രദേശങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി
text_fieldsഗസ്സയിൽ വംശഹത്യ തുടരുന്ന ഇസ്രായേലിനെതിരെ യമൻ സായുധ സേന ബാലിസ്റ്റിക് മിസൈൽ തൊടുത്തതിന് പിന്നാലെ ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിലെ ഒന്നിലേറെ സ്ഥലങ്ങളിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. യമനിൽനിന്നുള്ള മിസൈൽ ആക്രമണത്തിന് പിന്നാലെയ ബീർഷെബ, ഡിമോണ, അധിനിവേശ പ്രദേശങ്ങളുടെ തെക്കൻ ഭാഗത്തുള്ള പട്ടണങ്ങൾ എന്നിവിടങ്ങളിൽ സൈറണുകൾ മുഴക്കിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിസൈൽ ആക്രമണത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ടില്ല. ഗസ്സയിൽ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാതെ തങ്ങൾ പിന്നോട്ടില്ലെന്നും യമൻ സായുധ സേന പ്രഖ്യാപിച്ചു.
മിസൈൽ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചു തടഞ്ഞതായി ഇസ്രായേൽ അവകാശപ്പെട്ടു.
സയണിസ്റ്റ് ഭരണകൂടത്തിനെതിരായ സൈനിക നടപടിയുടെ രണ്ടാം ഘട്ടത്തിൽ മാർച്ച് പകുതി മുതൽ ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിൽ 309 ബാലിസ്റ്റിക്, ഹൈപ്പർസോണിക് മിസൈലുകളും കോംബാറ്റ് ഡ്രോണുകളും വിക്ഷേപിച്ചതായി യമനിലെ അൻസാറുല്ല പ്രതിരോധ പ്രസ്ഥാനത്തിന്റെ നേതാവ് അബ്ദുൽ മാലിക് അൽ ഹൂത്തി പറഞ്ഞു.
ഗസ്സയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഈ മാസം മാത്രം 25 മിസൈലുകളും ഡ്രോണുകളും തൊടുത്തതായും അബ്ദുൽ മാലിക് അൽ ഹൂത്തി പറഞ്ഞു. ഇസ്രായേൽ ബന്ധമുള്ള സമുദ്ര ഗതാഗതത്തിന് തന്ത്രപ്രധാനമായ ചെങ്കടൽ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെന്ന് അദ്ദേഹം ആവർത്തിച്ച് ഉറപ്പിച്ചു.
2023 ഒക്ടോബർ 7 നു തുടങ്ങിയ ഇസ്രായേൽ ആക്രമണത്തിൽ 56,300 ലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

