‘സ്വതന്ത്ര സിന്ധുദേശ് വേണം’; പാകിസ്താനിൽ വിഭജനവാദവുമായി തെരുവ് പ്രക്ഷോഭം
text_fieldsകറാച്ചി: പാകിസ്താനിലെ സിന്ധ് പ്രവിശ്യ വിഭജിക്കാനുള്ള ഭരണകൂട നീക്കങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തിങ്കളാഴ്ച കറാച്ചിയിൽ നടന്ന വൻ റാലിയിൽ, പ്രക്ഷോഭം സ്വതന്ത്ര 'സിന്ധുദേശ്' എന്ന രാഷ്ട്രത്തിനായുള്ള പൂർണ വിഘടനവാദ പ്രസ്ഥാനമായി വികസിപ്പിക്കുമെന്ന് സിന്ധ് ദേശീയവാദ സംഘടനകൾ പ്രഖ്യാപിച്ചു.
പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചാബ് പ്രവിശ്യയിലേക്കുള്ള ഹൈവേകളും മറ്റ് ഗതാഗത മാർഗങ്ങളും അടച്ച് ചരക്കുനീക്കം തടയാൻ സംഘാടകർ തീരുമാനിച്ചു. തിങ്കളാഴ്ചത്തെ റാലിക്ക് മുന്നോടിയായി ചേർന്ന കേന്ദ്ര നേതൃത്വ യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു. പഞ്ചാബിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് ജെയ് സിന്ധ് മുത്തഹിദ മഹസ് (ജെ.എസ്.എം.എം) പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ ഭരണ യൂണിറ്റുകൾ രൂപീകരിച്ച് സിന്ധിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ ഐക്യം തകർക്കാൻ പഞ്ചാബും പാക് സൈനിക മേധാവി അസിം മുനീറും ഗൂഢാലോചന നടത്തുകയാണെന്ന് സമരക്കാർ ആരോപിച്ചു. ഭരണപരമായ പുനഃസംഘടന സിന്ധിന്റെ ദേശീയ സ്വത്വം ഇല്ലാതാക്കാനുള്ള നീക്കമാണെന്നും അവർ കുറ്റപ്പെടുത്തി.
'പഞ്ചാബി കൊളോണിയലിസത്തിനും' സാമ്പത്തിക ചൂഷണത്തിനുമെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു റാലി. സിന്ധ് പ്രവിശ്യ വിഭജിക്കാനുള്ള ഏത് നീക്കത്തെയും എതിർക്കുമെന്നും അതിർത്തികളിൽ മാറ്റം വരുത്താൻ അനുവദിക്കില്ലെന്നും സംഘാടകർ വ്യക്തമാക്കി.
ജെയ് സിന്ധ് റഹ്ബർ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടന്ന റാലിയിൽ സിന്ധിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ജെയ് സിന്ധ് ഖൗമി മഹാസ് (ബഷീർ ഖാൻ വിഭാഗം), ജെയ് സിന്ധ് ഖൗമി മഹാസ് (അരേസർ വിഭാഗം), ജെയ് സിന്ധ് ഖൗംപരസ്ത് പാർട്ടി, ജെയ് സിന്ധ് ഖൗമി മഹാസ് (നിയാസ് കലാനി വിഭാഗം) എന്നീ സംഘടനകൾ പ്രതിഷേധത്തിൽ അണിനിരന്നു. ജെയ് സിന്ധ് റഹ്ബർ കമ്മിറ്റിയിൽ ഔദ്യോഗിക അംഗത്വമില്ലാത്ത ജെയ് സിന്ധ് മുത്താഹിദ മഹാസ് പ്രവർത്തകരും റാലിയിൽ പങ്കെടുത്തു.

