യു.എസിൽ വീണ്ടും ‘സിഗ്നൽ’ ചോർച്ച: യുദ്ധ പദ്ധതി ചർച്ച ചെയ്ത ചാറ്റിൽ പ്രതിരോധ സെക്രട്ടറിയുടെ ഭാര്യയും സഹോദരനും
text_fieldsവാഷിംങ്ടൺ: ‘സിഗ്നൽ’ ആപ്പിലെ ആദ്യ ചാറ്റിന്റെ വിവാദത്തിന്റെ പൊടിപടലം അടങ്ങുംമുമ്പ് യു.എസിൽ രണ്ടാമത്തെ ‘സിഗ്നൽ’ ചാറ്റ് ചോർച്ച പുറത്ത്. ഇത്തവണ യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് തന്റെ ഭാര്യയെയും സഹോദരനെയും ഉൾപ്പെടുത്തി മറ്റൊരു ‘സിഗ്നൽ’ മെസേജിംഗ് ചാറ്റ് സൃഷ്ടിച്ചു. ട്രംപ് ഭരണകൂടത്തിലെ ഉന്നത നേതാക്കളടങ്ങിയ ഗ്രൂപ്പിൽ യെമനിലെ ഹൂതികൾക്കെതിരായി നടത്തിയ മാർച്ചിലെ സൈനിക വ്യോമാക്രമണത്തിന്റെ വിവരങ്ങൾ ആണ് ചർച്ച ചെയ്തത്.
സന്ദേശങ്ങൾ ലഭിച്ചവരിൽ ഒരാൾ പേരുവിരങ്ങൾ മറച്ചുവെച്ച് അസോസിയേറ്റഡ് പ്രസ്സിനോട് രണ്ടാമത്തെ ചാറ്റിനെക്കുറിച്ച് സ്ഥിരീകരിച്ചു. വാണിജ്യപരമായ ആവശ്യങ്ങൾക്കുള്ള ഒരു ആപ്പായ ‘സിഗ്നലി’ലെ രണ്ടാമത്തെ ചാറ്റിൽ 13 പേർ ഉൾപ്പെട്ടിരുന്നുവെന്ന് അയാൾ പറഞ്ഞു. ചാറ്റിന് ‘ഡിഫൻസ് ടീം ഹഡിൽ’ എന്ന് പേരിട്ടിരുന്നുവെന്നും സ്ഥിരീകരിച്ചു.
ഹെഗ്‌സെത്തിന്റെ ഭാര്യയും മുൻ ഫോക്‌സ് ന്യൂസ് പ്രൊഡ്യൂസറുമായ ജെന്നിഫറും പെന്റഗണിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ലെയ്‌സണും മുതിർന്ന ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ട സഹോദരൻ ഫിൽ ഹെഗ്‌സെത്തും ഈ ഗ്രൂപ്പിലെ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇരുവരും പ്രതിരോധ സെക്രട്ടറിയോടൊപ്പം യാത്ര ചെയ്യുകയും ഉന്നതതല യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
‘സിഗ്നലിൽ’ നേരത്തെ സൈനിക ആക്രമണത്തിനുള്ള പദ്ധതികൾ ചർച്ച ചെയ്ത ഉന്നത ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് അധിക ചാറ്റ് ഗ്രൂപ്പിന്റെ വെളിപ്പെടുത്തൽ ഹെഗ്‌സെത്തിനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിനുമെതിരെ പുതിയ വിമർശനങ്ങൾ ഉയർത്തിയിരിക്കുകയാണ്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് സ്ഥാപിച്ച ആദ്യ ചാറ്റിൽ നിരവധി കാബിനറ്റ് അംഗങ്ങൾ ഉൾപ്പെട്ടിരുന്നു. പീറ്റ് ഹെഗ്‌സെത്ത്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, സി.ഐ.എ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്, നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് എന്നിവരുൾപ്പെടെ ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഒരു സിഗ്നൽ മെസേജിംഗ് ഗ്രൂപ്പിൽ ഒത്തുകൂടി. അവിടെ എൻക്രിപ്ഷന്റെ മറവിൽ അവർ സൈനിക നടപടികൾ ഏകോപിപ്പിച്ചു. ‘ദി അറ്റ്ലാന്റിക്’ എഡിറ്റർ ഇൻ ചീഫ് ജെഫ്രി ഗോൾഡ്ബെർഗിനെ അബദ്ധവശാൽ ചാറ്റിൽ ചേർത്തതിനാൽ നിർണായക വിവരങ്ങൾ പുറത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

