അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; ഒക്ലഹാമ ആശുപത്രി കാമ്പസിലെ വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടു
text_fieldsവാഷിങ്ടൺ: ഒക്ലഹാമയിലെ ടൽസയിലുള്ള ആശുപത്രി കാമ്പസിൽ തോക്കുധാരി നടത്തിയ വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടു. റൈഫിളും കൈതോക്കും ഉപയോഗിച്ചാണ് അക്രമി വടിയുതിർത്തത്. ആക്രമണത്തിനു ശേഷം ഇയാൾ സ്വയം വെടിവെച്ച് മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.
നാലുമിനുട്ട് നേരമാണ് ആക്രമണം നീണ്ടത്. നാലു പേർ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചിട്ടുണ്ട്. അക്രമി സ്വയം വെടിവെച്ച് മരിച്ചുവെന്നാണ് കരുതുന്നതെന്നും ടൽസ പൊലീസ് ചീഫ് എറിക് ഡാൽഗ്ലൈഷ് പറഞ്ഞു.
അടിയന്ത ഫോൺ കാൾ ലഭിച്ചയുടൻ പൊലീസ് പ്രവർത്തന സജ്ജരായിട്ടുണ്ടെന്നും ആശുപത്രിയിൽ ഓരോ നിലയിലെയും ഓരോ റൂമുകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കൽ അധ്വാനമേറിയ ജോലിയായിരുന്നെന്നും പൊലീസ് ഓഫീസർ പറഞ്ഞു.
നിരവധി പേർക്ക് വെടിയേൽക്കുകയും മുറിവ് പറ്റുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം എത്രയാണെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഓഫീസർ പറഞ്ഞു.
ഒരു മാസത്തിനിടെ അമേരിക്കയിൽ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ആദ്യം േമയ് 14ന് വംശ വെറി ബാധിച്ച 18 കാരൻ ന്യൂയോർക്കിലെ ബഫലോയിൽ 10 പേരെ വെടിവെച്ച് കൊന്നിരുന്നു. 10 ദിവസത്തിനു ശേഷം ഉവാൾഡയിലെ എലമെന്ററി സ്കൂളിൽ 18 കാരൻ നടത്തിയ വെടിവെപ്പിൽ 19 കുട്ടികൾ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടിരുന്നു.
ആക്രമണങ്ങളെ തുടർന്ന് തോക്ക് ലോബിക്കെതിരെ ശക്തമായ പ്രതിഷേധമാണ് അമേരിക്കൻ ജനതക്കിടയിൽ ഉടലെടുക്കുന്നത്. തോക്ക് ലോബിയെ നിയന്ത്രിക്കാനും തോക്ക് വിൽപ്പനയും കൈവശംവെക്കലുമുൾപ്പെടെ തടയാനും ശ്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞിരുന്നു.