യു.എസിൽ പള്ളിയിൽ വെടിവെപ്പ്; നാലു പേർ കൊല്ലപ്പെട്ടു, ആക്രമണം പ്രാർഥന നടക്കുന്ന സമയത്ത്
text_fieldsവാഷിങ്ടൺ: അമേരിക്കയിലെ മിഷിഗണിൽ ക്രിസ്ത്യൻ പള്ളിയിലുണ്ടായ വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടു. എട്ടു പേർക്ക് പരിക്കേറ്റു. പള്ളിക്ക് തീവെച്ച അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു.
ഡെട്രോയിറ്റിൽ നിന്ന് 50 മൈൽ വടക്ക് സ്ഥിതി ചെയ്യുന്ന ഗ്രാൻഡ് ബ്ലാങ്കിലെ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റിലാണ് സംഭവം. പ്രാർഥന നടക്കുന്ന സമയത്താണ് ആക്രമണമുണ്ടായത്. പള്ളിക്കുള്ളിലേക്ക് അക്രമി വാഹനം ഇടിച്ചു കയറ്റുകയും ചെയ്തു.
മുൻ യു.എസ് നാവികനും 40കാരനുമായ തോമസ് ജേക്കബ് സാൻഫോർഡ് ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള ഇയാൾ ബർട്ടൺ സ്വദേശിയാണ്. 2004-2008 കാലത്താണ് യു.എസ് നാവികസേനയിൽ സേവനം ചെയ്തിരുന്നത്.
ആക്രമണം നടക്കുന്ന സമയത്ത് നൂറോളം പേർ പള്ളിക്കുള്ളിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് എഫ്.ബി.ഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നാലു പേർ കൊല്ലപ്പെടാൻ ഇടയായ വെടിവെപ്പിനെ യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് അനുശോചിച്ചു. ക്രൈസ്തവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. നമ്മുടെ രാജ്യത്ത് നിന്ന് അക്രമത്തിന്റെ പകർച്ചവ്യാധിയെ ഉടൻ അവസാനിപ്പിക്കണം. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

