Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമെക്സിക്കോയിലെ...

മെക്സിക്കോയിലെ പിരമിഡിൽ വെടിവെപ്പ്: കനേഡിയൻ യുവതി കൊല്ലപ്പെട്ടു, നിരവധി വിനോദസഞ്ചാരികൾക്ക് പരിക്ക്

text_fields
bookmark_border
മെക്സിക്കോയിലെ പിരമിഡിൽ വെടിവെപ്പ്: കനേഡിയൻ യുവതി കൊല്ലപ്പെട്ടു, നിരവധി വിനോദസഞ്ചാരികൾക്ക് പരിക്ക്
cancel

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ പ്രശസ്തമായ തിയോതിവാക്കാൻ പുരാവസ്തു കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ കനേഡിയൻ സ്വദേശിയായ യുവതി കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ 11:30ഓടെ 'പിരമിഡ് ഓഫ് ദി മൂൺ' എന്നറിയപ്പെടുന്ന പിരമിഡിന് മുകളിലായിരുന്നു ദാരുണമായ സംഭവം. വെടിവെപ്പിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചു.

പിരമിഡിന് മുകളിൽ ഡസൻ കണക്കിന് സഞ്ചാരികൾ ഉണ്ടായിരുന്ന സമയത്താണ് അക്രമി തോക്കുമായി എത്തിയത്. പിരമിഡിന്റെ പ്ലാറ്റ്‌ഫോമിൽ നിലയുറപ്പിച്ച അക്രമി യാതൊരു പ്രകോപനവുമില്ലാതെ ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ടതോടെ പരിഭ്രാന്തരായ സഞ്ചാരികൾ നിലത്തുവീണും മറ്റും രക്ഷപ്പെടാൻ ശ്രമിച്ചു. താഴേക്ക് ഇറങ്ങിയവർക്ക് നേരെയും അക്രമി വെടിവെച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമണത്തിന് ശേഷം ഇയാൾ സ്വയം വെടിവെച്ച് ജീവിതം അവസാനിപ്പിച്ചു. അക്രമിയുടെ പക്കൽ നിന്നും തോക്കും കത്തിയും വെടിയുണ്ടകളും കണ്ടെടുത്തു.

വെടിവെപ്പിലും തിരക്കിലും പെട്ട് ആറ് അമേരിക്കക്കാർ, മൂന്ന് കൊളംബിയക്കാർ, ഒരു റഷ്യൻ പൗരൻ, രണ്ട് ബ്രസീലിയൻ സ്വദേശികൾ, ഒരു കനേഡിയൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ പ്രദേശത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരിൽ ഏഴ് പേർക്ക് വെടിയേറ്റിട്ടുണ്ട്. 2026ലെ ഫിഫ ലോകകപ്പിന് മെക്സിക്കോ ആതിഥേയത്വം വഹിക്കാനിരിക്കെ നടന്ന ഈ ആക്രമണം സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വലിയ ആശങ്ക ഉയർത്തുന്നുണ്ട്. മുൻകാലങ്ങളിൽ ഈ വിനോദസഞ്ചാര കേന്ദ്രത്തിൽ പ്രവേശന കവാടങ്ങളിൽ സുരക്ഷാ പരിശോധനകൾ നടത്തിയിരുന്നുവെങ്കിലും ഇപ്പോൾ അത് കാര്യക്ഷമമല്ലെന്ന് പരാതിയുണ്ട്.

മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബൗം സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദും കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ അനുശോചനം അറിയിച്ചു. കഴിഞ്ഞ വർഷം 18 ലക്ഷത്തിലധികം സന്ദർശകർ എത്തിയ തിയോതിവാക്കാൻ മെക്സിക്കോയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mexicoshootingpyramidtouristsCanadian woman
News Summary - Shooting at the pyramid in Mexico
Next Story