സാൻ ഡിയാഗോയിലെ ഇസ്ലാമിക് സെന്ററിൽ വെടിവെപ്പ്: മൂന്നുപേർ കൊല്ലപ്പെട്ടു
text_fieldsസാൻ ഡിയാഗോ: അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഇസ്ലാമിക് സെന്ററിന് നേരെയുണ്ടായ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. പള്ളിയും ഇസ്ലാമിക് സ്കൂളും ഉൾപ്പെടുന്ന സമുച്ചയത്തിലാണ് തിങ്കളാഴ്ച ആക്രമണമുണ്ടായത്. വെടിവെപ്പിന് പിന്നാലെ ആക്രമികളെന്ന് സംശയിക്കുന്ന രണ്ട് കൗമാരക്കാരെയും സംഭവസ്ഥലത്തിനടുത്ത് മരിച്ചനിലയിൽ കണ്ടെത്തി. ഇവർ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവം വിദ്വേഷ കുറ്റകൃത്യമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
സാൻഡിയാഗോയിലെ ഏറ്റവും വലിയ മസ്ജിദ് ഉൾക്കൊള്ളുന്ന ഇസ്ലാമിക് സെന്ററിലാണ് ആക്രമണമുണ്ടായത്. ഇവിടെ ഇസ്ലാമിക പഠനങ്ങൾക്കായി നൂറുകണക്കിന് കുട്ടികൾ വരുന്നുണ്ട്. ഇവരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം പക്ഷേ, സെന്ററിലെ സെക്യൂരിറ്റി ഗാർഡിന്റെ സമയോചിത ഇടപെടൽമൂലം വലിയ ദുരന്തം ഒഴിവാക്കാനായി. കൊല്ലപ്പെട്ടവരിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. കൊല്ലപ്പെട്ട മൂന്നുപേരും മുതിർന്നവരാണ്. അതേസമയം, സ്കൂളിലുണ്ടായിരുന്ന കുട്ടികൾക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
17ഉം 19ഉം വയസ്സുള്ള രണ്ട് കൗമാരക്കാരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ പേരുവിവങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഇതിലൊരു പ്രതിയുടെ മാതാവ് കുട്ടിയെ കാണാനില്ലെന്ന് തലേന്നാൾ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഈ പ്രതി, ഇസ്ലാമിക് സെന്ററിന് അടുത്തുള്ള സ്കൂളിൽ വിദ്യാർഥിയാണ്. ആരാധനാലയങ്ങളെ ലക്ഷ്യംവെച്ചുള്ള ഇത്തരം ആക്രമണങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ഇസ്ലാമിക് സെന്ററിലെ ഇമാം താഹ ഹസ്സൻ പ്രതികരിച്ചു. സാൻ ഡിയാഗോയിൽ വിദ്വേഷത്തിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ മേയർ ടോഡ് ഗ്ലോറിയ, മുസ്ലിം സമൂഹത്തിന് എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്നും അറിയിച്ചു.
അതേസമയം, യു.എസിൽ ഇസ്ലാമോഫോബിയയും വിദ്വേഷ പ്രചാരണങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ ആക്രമണമെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം എന്നിവരുൾപ്പെടെ പ്രമുഖ നേതാക്കൾ അപലപിച്ചു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

