ഫ്ലോറിഡയിൽ വെടിവെപ്പ്; അക്രമിയുൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു
text_fieldsവാഷിങ്ടൺ: യു.എസിലെ ഫ്ലോറിഡയിലെ ഗ്രോസറി ഷോപ്പിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അക്രമിയും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. മിയാമിയിൽ നിന്ന് 130 കിലോമീറ്റർ അകലെ റോയൽ പാം ബീച്ചിലെ പബ്ലിക്സ് ഗ്രോസറി ഷോപ്പിലാണ് വെടിവെപ്പുണ്ടായത്.
പുരുഷനും സ്ത്രീയും ഒരു കുട്ടിയുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. അക്രമിയും കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ, വെടിവെപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിയിച്ചു.
ഞായറാഴ്ചയും ഫ്ലോറിഡയിൽ സമാനസംഭവമുണ്ടായിരുന്നു. അന്ന് നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മിയാമിയിലായിരുന്നു അന്ന് വെടിവെപ്പുണ്ടായത്. കഴിഞ്ഞയാഴ്ച നടന്ന വെടിവെപ്പിൽ മിയാമിയിൽ രണ്ട് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവവും റിപ്പോർട്ട് ചെയ്യുന്നത്.

