‘പ്രതിഷേധക്കാരെ എവിടെ കണ്ടാലും വെടിവെക്കുക’: ശൈഖ് ഹസീന ക്രൂരമായ നടപടിക്ക് ഉത്തരവിട്ട ഓഡിയോ ചോർന്നു
text_fieldsധാക്ക: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണത്തിന്റെ ചോർന്ന ഓഡിയോയിൽ വിദ്യാർഥി പ്രതിഷേധക്കാർക്കെതിരെ ക്രൂരമായ നടപടിക്ക് അവർ ഉത്തരവിട്ടതായി വെളിപ്പെട്ടു. കഴിഞ്ഞ വർഷം നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനിടെയാണ് സംഭവം.
ബി.ബി.സി സ്ഥിരീകരിച്ച ഓഡിയോ പ്രകാരം മാരകമായ ആയുധങ്ങൾ ഉപയോഗിക്കാനും പ്രതിഷേധക്കാരെ എവിടെ കണ്ടാലും വെടിവെക്കാനും സുരക്ഷാസേനയോട് നിർദേശിച്ചതായി ഹസീന പറയുന്നത് കേൾക്കാം. സർക്കാർ വിരുദ്ധ പ്രതിഷേധക്കാർക്കെതിരെ ഫലപ്രദമായി വെടിയുതിർക്കാൻ നേരിട്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ഈ വർഷം മാർച്ചിൽ ചോർന്ന ഓഡിയോ കഴിഞ്ഞ ജൂലൈ 18ന് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ധാക്കയിലെ ഔദ്യോഗിക വസതിയായ ഗണഭാനിൽനിന്ന് നടത്തിയ ഫോൺകോളിനിടെ റെക്കോർഡുചെയ്‌തതാണ്. കോളിനുശേഷം ധാക്കയിലുടനീളം സൈനിക ഗ്രേഡ് റൈഫിളുകൾ വിന്യസിക്കുകയും പ്രയോഗിക്കുകയും ചെയ്തതായി പൊലീസ് രേഖകളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു. പ്രക്ഷോഭത്തനിടെ സുരക്ഷാസേന വെടിയുണ്ടകൾ പ്രയോഗിച്ചതിനെ തുടർന്ന് 1,400 പേരോളം കൊല്ലപ്പെട്ടതായി യു.എന്നിന്റെ വസ്തുതാന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഫോറൻസിക് വിശകലന വിദഗ്ധരും ഓഡിയോ യഥാർത്ഥമാണെന്ന് സ്ഥിരീകരിച്ചു. അവർക്ക് അതിൽ കൃത്രിമത്വങ്ങൾ ഒന്നും കണ്ടെത്താനായില്ല. ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണലിൽ കൂട്ടക്കൊലക്കേസിൽ വിചാരണ നേരിടുകയാണിപ്പോൾ ശൈഖ് ഹസീന. പ്രേരണ, ഗൂഢാലോചന, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്.
ശൈഖ് ഹസീന സർക്കാർ പുറത്താക്കപ്പെട്ട് 10 മാസത്തിനു ശേഷം 2024 ജൂണിലാണ് വിചാരണ ആരംഭിച്ചത്. കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ വധശിക്ഷക്ക് വരെ ഇവർ വിധേയരാവേണ്ടിവരും. പ്രധാനമന്ത്രി ഉൾപ്പെടെ അവരുടെ ചില മുതിർന്ന നേതാക്കൾ ജനക്കൂട്ടത്തിനെതിരെ മാരകമായ ബലപ്രയോഗം നടത്തിയെന്ന അവകാശവാദങ്ങൾ അവാമി ലീഗ് നിഷേധിക്കുകയും നിരസിക്കുകയും ചെയ്യുന്നുവെന്ന് പാർട്ടിയുടെ വക്താവ് പറഞ്ഞതായി ബി.ബി.സി ഉദ്ധരിച്ചു. ജീവ നഷ്ടം കുറക്കുക എന്നതായിരുന്നു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എടുത്ത തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ഹസീനക്കെതിരായ നിർണായക തെളിവായി ഓഡിയോ ടേപ്പ് ഉപയോഗിക്കാൻ ഐ.സി.ടിയിലെ പ്രോസിക്യൂട്ടർമാർ പദ്ധതിയിടുന്നുവെന്നാണ് വിവരം. അവരുടെ പങ്ക് സ്ഥാപിക്കുന്നതിന് ഈ റെക്കോർഡിങുകൾ നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

