‘ആദ്യം വെടിയുതിർക്കുക, ചോദ്യങ്ങൾ പിന്നീട്’; ഗ്രീൻലാൻഡ് ആക്രമിക്കുന്ന യു.എസിനെ തുരത്താൻ സൈനികർക്ക് നിർദേശവുമായി ഡെൻമാർക്ക്
text_fieldsയു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെൻ
കോപൻഹേഗൻ: അമേരിക്ക ഗ്രീൻലാൻഡ് ആക്രമിക്കുന്നപക്ഷം സൈനികർ ആദ്യം വെടിവെക്കുകയും പിന്നീട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യണമെന്ന് ഡെൻമാർക്ക് മന്ത്രാലയത്തിന്റെ നിർദേശം. ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾക്കായി കാത്തിരിക്കാതെ അക്രമികളെ നേരിടണമെന്ന് ആവശ്യപ്പെടുന്ന 1952ലെ ‘സൈന്യത്തിന്റെ ഇടപെടൽ നിയമം’ മുൻനിർത്തിയാണ് ആഹ്വാനം.
ഈ നിയമം പ്രാബല്യത്തിൽ തുടരുന്നതായി മന്ത്രാലയം വ്യക്തമാക്കി. ഡെൻമാർക്കിന്റെ അധീനതയിലുള്ള ‘ഗ്രീൻലാൻഡ്’ ഏറ്റെടുക്കാനുള്ള ശ്രമം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച സാഹചര്യത്തിലാണ് ഈ പരാമർശം. ആർട്ടിക് ദ്വീപ് ഏറ്റെടുക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് യു.എസ് പരിഗണിക്കുന്ന ഓപ്ഷനുകളിൽ ഒന്നാണ് സൈനിക സേനാനീക്കമെന്ന് റിപ്പോർട്ടുണ്ട്.
ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷാ മുൻഗണനയാണെന്നും ആർട്ടിക് മേഖലയിലെ നമ്മുടെ എതിരാളികളെ തടയേണ്ടത് അത്യാവശ്യമാണെന്നും പ്രസിഡന്റ് ട്രംപ് അറിയിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. ഈ സുപ്രധാന വിദേശനയ ലക്ഷ്യം കൈവരിക്കുന്നതിനുള്ള നിരവധി വഴികൾ പ്രസിഡന്റും സംഘവും ചർച്ച ചെയ്യുന്നുണ്ട്. യു.എസ് സൈന്യത്തെ ഉപയോഗിക്കുന്നത് എല്ലായ്പ്പോഴും കമാൻഡർ ഇൻ ചീഫിന്റെ വിവേചനാധികാരമാണെന്നും അവർ പറഞ്ഞു.
അടുത്ത ആഴ്ച ഡാനിഷ്, ഗ്രീൻലാൻഡ് ഉദ്യോഗസ്ഥരെ കാണാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ട്രംപ് ദ്വീപ് വാങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും സൈനിക ബലപ്രയോഗം നടത്തരുതെന്നും റൂബിയോ വ്യക്തമാക്കി. ദ്വീപ് ‘വിൽപ്പനക്കുള്ളതല്ല’ എന്ന് ഡെൻമാർക്ക് ആവർത്തിച്ച് വാദിക്കുന്നുണ്ട്. അതേസമയം, യു.എസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയെ ‘അനിവാര്യമായ സംഭാഷണം’ എന്ന നിലയിൽ ഡെൻമാർക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
ഗ്രീൻലാൻഡ് സുരക്ഷിതമാക്കുന്നതിൽ ഡെൻമാർക്ക് വ്യക്തമായും ശരിയായ പ്രവർത്തനം നടത്തിയിട്ടില്ലെന്നും ആർട്ടിക് മേഖലയിലെ അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കാൻ ട്രംപ് ഏത് ഘട്ടംവരെയും പോവാൻ തയ്യാറാണെന്നും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു. നേരത്തെ, ട്രംപിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ഗ്രീൻലാൻഡിന്റെയും ഡെൻമാർക്കിന്റെയും പ്രാദേശിക സമഗ്രതയെ മാനിക്കണമെന്ന് യൂറോപ്യൻ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

